ആത്മഹത്യയുടെ വക്കിലെത്തിയ കർഷകർക്ക് ദീപികയുടെ കൈത്താങ്ങ്

താരത്തിളക്കത്തിന്റെ അഭ്രപാളികൾക്കപ്പുറം ചിന്തിക്കുന്ന അപൂർവം നായികമാരിലൊരാളാണ് ബോളിവുഡ് ബ്യൂട്ടി ദീപിക പദുക്കോൺ. ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ താരറാണിമാർക്കൊപ്പം ഇടംനേടിയതിൽപ്പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ദീപികയ്ക്ക്, കൈനിറയെ ചിത്രങ്ങളായിരുന്നു. ഇതിനിടയിൽ രൺബീറുമായുള്ള പ്രണയത്തകര്‍ച്ചയും വിഷാദരോഗവുമെല്ലാം നേരിട്ടു. വിഷാദരോഗത്തിന്റെ നാളുകളിൽ തനിക്കു ലഭിച്ചതുപോലുള്ള പ്രചോദനം രോഗം നേരിടുന്നവരിലേക്കെത്തിക്കാന്‍ ലിവ് ലവ് ലാഫ് എന്നൊരു സംഘടന തുടങ്ങിയതിനു പിന്നാലെയിതാ മഹാരാഷ്ട്രയിലെ കർഷകരെ സഹായിക്കാനും രംഗത്തെത്തിയിരിക്കുകയാണ് ദീപിക. മഹാരാഷ്ട്രയിൽ കൃഷിനാശം മൂലം ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന കർഷകരിലേക്കാണ് ദീപികയും സംഘവും സഹായഹസ്തവുമായി എത്തുന്നത്.

ഒക്ടോബർ പത്തിനു നടന്ന ലിവ് ലവ് ലാഫിന്റെ ഔദ്യോഗിക ലോഞ്ചിനിടെയാണ് കർഷകരെ സഹായിക്കുമെന്ന കാര്യം ദീപിക വ്യക്തമാക്കിയത്. കാർഷിക പ്രതിസന്ധി മൂലം കഷ്ടപ്പെടുന്ന കർഷകരെ സഹായിക്കാൻ ദീപികയ്ക്ക് ഒരു മിഷൻ നൽകുന്നു എന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചടങ്ങിൽ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്നാണ് വിഷാദരോഗവും മാനസികമായി തകർച്ച നേരിടുന്നവരുമായി കർഷകരെ കണ്ടെത്തി അവരെ സഹായിക്കാൻ സന്നദ്ധരാണെന്ന കാര്യം ദീപികയും സംഘവും അറിയിച്ചത്. നാല്‍പതു ശതമാനം കർഷകരും മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ടാണ് മരണമടയുന്നതെന്ന് സർവേയിൽ നിന്നു വ്യക്തമായെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു ഈ പശ്ചാത്തലത്തിലാണ് ദീപികയും സംഘടനയും കർഷകരെ സഹായിക്കാൻ മുന്നോട്ടു വരുന്നത്.

ഇന്ത്യയിൽ വിഷാദരോഗം അനുഭവിക്കുന്നവർക്ക് പിന്തുണയും ആശ്വാസവും നൽകുകയാണ് ലിവ് ലവ് ലാഫ് എന്ന സംഘടനയുടെ ലക്ഷ്യമെന്ന് ദീപിക നേരത്തെ വ്യക്തമാക്കിയിരുന്നു.