വണ്ണത്തിലെല്ലാം എന്തിരിക്കുന്നു? അർജന്റീനിയൻ സൗന്ദര്യമത്സര വിജയിയുടെ ഭാരം 120  കിലോ 

അമിതവണ്ണം ഉണ്ട് എന്നതിന്റെ പേരിൽ എന്നും അവഹേളിക്കപ്പെടുന്നവർക്ക് ഒരു സന്തോഷവാർത്ത,. ഈ അമിതവണ്ണത്തിൽ ഒന്നും വലിയ കാര്യമിലെന്നേ. പരമ്പരാഗതമായ സൗന്ദര്യ സങ്കൽപ്പങ്ങളെ മാറ്റിമറച്ച് അർജന്റീനയിലെ സൗന്ദര്യ മത്സരത്തിൽ വിജയിയായിരിക്കുന്ന വനിതയുടെ ഭാരം 120  കിലോയാണ്.  സാധാരണ പെണ്‍കുട്ടികളുടെ രണ്ടിരട്ടി ഭാരവും അമിതവണ്ണവുമായി റാംപിൽ കയറുമ്പോഴും എസ്‌റ്റെഫാനിയ എന്ന ഈ സുന്ദരിക്ക് ആത്മവിശ്വാസം ഏറെയായിരുന്നു. 

അര്‍ജന്റീനയിലെ വെസ്‌റ്റേണ്‍ മെന്‍ഡോസ പ്രവിശ്യയില്‍ നടന്ന വൈന്‍ മേക്കിംഗ് ഉത്സവത്തിന്റെ ഭാഗമായി നടന്ന ‘ക്യൂന്‍ ഓഫ് വെന്‍ഡിമിയ’സൗന്ദര്യ മത്സരത്തിലാണ് എസ്‌റ്റെഫാനിയ മത്സരിച്ചത്. കൂടെ മത്സരിച്ചവർ എല്ലാം തന്നെ സാധാരണ സൗന്ദര്യ മത്സരങ്ങളിലെ പോലെ മെലിഞ്ഞ സുന്ദരികൾ. കൂട്ടത്തിൽ നിന്ന എസ്‌റ്റെഫാനിയ ആദ്യം കാണികളിൽ ചിരി പടർത്തി എങ്കിലും പിന്നീട് അവൾ കാണിച്ച ആത്മവിശ്വാസം കാണികളെ പിടിച്ചിരുത്തി. 

ലോകത്തുടനീളം അമിതഭാരത്തിന്റെ പേരില്‍ വിവേചനത്തിന് ഇരയാകുന്ന അനേകം പേര്‍ക്ക് പ്രചോദനമാകുന്ന രീതിയിലായിരുന്നു എസ്‌റ്റെഫാനിയ വേദിയിൽ മത്സരത്തിനായി ഒരുങ്ങി എത്തിയത്.  മെന്‍ഡോവയിലെ 18 ഡിപ്പാര്‍ട്ട്‌മെന്റുകൽ പങ്കെടുത്ത മത്സരത്തിലാണ് എസ്‌റ്റെഫാനിയ ഒന്നാമതെത്തിയത്.  

കൊളോണിയ സെഗോവ എന്ന പ്രവിശ്യയെ പ്രതിനിധീകരിച്ചാണ്  എസ്‌റ്റെഫാനിയ എത്തിയത്. അഞ്ചടി മൂന്നിഞ്ചാണ് 24 കാരിയായ ഈ സുന്ദരിയുടെ ഉയരം. വണ്ണമുള്ളവരോട് സമൂഹം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് മത്സരത്തില്‍ താൻ പങ്കെടുത്തത് എന്ന് എസ്‌റ്റെഫാനിയ പറഞ്ഞു. മത്സരത്തിനിടയിൽ താങ്കൾക്ക് സംസാരിക്കാൻ താൽപര്യമുള്ള വിഷയത്തെ പറ്റി ചോദിച്ചപ്പോഴും എസ്‌റ്റെഫാനിയ ഈ വിഷയമാണ് തെരെഞ്ഞെടുത്തത്. 

സൗന്ദര്യത്തിലെ ബാര്‍ബി ക്യൂന്‍ സങ്കല്‍പ്പത്തിനെതിരെയും എസ്‌റ്റെഫാനിയ വാചാലയായി. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്‌ളസ് സൈസ് മോഡലുകള്‍ക്കിടയില്‍ ശ്രദ്ധേയമായ മുഖമാണ് എസ്‌റ്റെഫാനിയയുടേത്. ഈ മത്സരത്തിൽ പങ്കെടുക്കുന്നതും താൻ വാന്‍ഡിമിയയിലെ റാണിയാകുന്നതും തന്റെ സ്വപ്നമായിരുന്നു എന്ന് ഈ സുന്ദരി പറഞ്ഞു.