Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ രാജകുമാരി!!!

The New Born Princess വില്യം കെയ്റ്റ് ദമ്പതികളുടെ മകൾ

ജനിക്കും മുൻപേ ജനങ്ങളെ മുഴുവൻ ആകാംക്ഷയുടെ ‘ഗാംബ്ലിങ് ’ മുനയിൽ നിർത്തിയിട്ടാണ് കുഞ്ഞുരാജകുമാരിയുടെ വരവ്. ബ്രിട്ടണിലെ വില്യം രാജകുമാരനും പത്നി കെയ്റ്റ് മിഡിൽടണിനും കുഞ്ഞുജനിച്ചപ്പോൾ സന്തോഷിച്ചവരുടെ കൂട്ടത്തിൽ ബ്രിട്ടീഷ് ജനത മുഴുവനുമുണ്ട്. അവരിൽത്തന്നെ ചിലർക്ക് സന്തോഷം കൂടും, കാരണം അവർ ബെറ്റ് വച്ചിരുന്നത് വില്യമിനും കെയ്റ്റിനും പെൺകുട്ടിയുണ്ടാകുമെന്നായിരുന്നു. ആണോ പെണ്ണോ എന്നാണോയെന്നു മാത്രമല്ല ബ്രിട്ടന്റെ പുതുരാജകുമാരി ജനിക്കുന്ന ദിവസവും മുടിയുടെ നിറവും ഭാരവും വരെ നിറഞ്ഞുനിന്നു വാതുവയ്പിൽ.

Prince William and Kate Middleton with their daughter വില്യമും കെയ്റ്റും മകൾക്കൊപ്പം

കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ആരായിരിക്കും ആദ്യമായി അഭിനന്ദനസന്ദേശം അറിയിക്കുക എന്ന തരത്തിൽ വരെയെത്തി വാതുവയ്പ്, അതായത് പ്രധാനമന്ത്രി ഡേവിഡ് കാമറൂണോ അതോ ലേബർ പാർട്ടി നേതാവ് എഡ് മിലിബാൻഡോ? എന്തായാലും അക്കാര്യത്തിൽ ആദ്യസന്ദേശവുമായെത്തിയത് കാമറൂൺ തന്നെയായിരുന്നു. കെയ്റ്റിന്റെ പ്രസവതീയതി അടുത്തതോടെ, മേയ് ഒന്നോടെ തന്നെ വാതുവയ്പ് കേന്ദ്രങ്ങളിൽ പണമെത്തിത്തുടങ്ങിയിരുന്നു. ഭൂരിപക്ഷവും പെൺകുട്ടിയായിരിക്കുമെന്നായിരുന്നു പ്രവചിച്ചത്. ബ്രൗണോ അല്ലെങ്കിൽ സ്വർണത്തലമുടിയോ ആയിരിക്കും പെൺകുട്ടിയ്ക്കെന്ന് പ്രവചിച്ചവർ മുൻപന്തിയിലുണ്ട്. കറുപ്പോ അല്ലെങ്കിൽ ചുവപ്പോ ആയിരിക്കും മുടിയെന്നു പറഞ്ഞവരാണ് രണ്ടാം സ്ഥാനത്ത്.

New Born Princess വില്യം കെയ്റ്റ് ദമ്പതികളുടെ മകൾ

തല മൂടിയിട്ടാണെങ്കിലും കുഞ്ഞുരാജകുമാരിയുമായി കഴിഞ്ഞ ദിവസം വില്യമും കെയ്റ്റും പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ചയനുസരിച്ച് സ്വർണത്തലമുടിക്കാരിയാണെന്നാണു സൂചന. കുഞ്ഞിന്റെ ഭാരം ആറു പൗണ്ടിൽ താഴെയായിരിക്കുമെന്നായിരുന്നു ഭൂരിപക്ഷപ്രവചനം. ആറു പൗണ്ട് മുതൽ 15 ഔൺസ് വരെ ഭാരമുണ്ടായിരിക്കുമെന്ന് പ്രവചിച്ചവർ രണ്ടാം സ്ഥാനത്ത്. ജനിച്ചപ്പോൾ രാജകുമാരിക്ക് എട്ട് പൗണ്ടും മൂന്ന് ഔൺസുമായിരുന്നു ഭാരം. കുഞ്ഞ് ജനിക്കുന്ന ദിവസത്തിന്റെ കാര്യത്തിൽ വാതുവയ്പുകാർക്ക് ഒന്നു പിഴച്ചു—ഭൂരിപക്ഷവും മേയ് അഞ്ചോ നാലോ എന്നായിരുന്നു പ്രവചിച്ചത്. മേയ് രണ്ടിനായിരിക്കുമെന്ന് പ്രവചിച്ചവർ വളരെക്കുറവ്. ബ്രിട്ടണിലെ തിരഞ്ഞെടുപ്പുദിവസമായ മേയ് ഏഴിനു കുഞ്ഞ് ജനിക്കുമെന്നു പ്രവചിച്ചവരും ഏറെ.

Prince William with his son Prince George വില്യം രാജകുമാരനും മകൻ ജോർജും

എല്ലാറ്റിനുമുപരിയായി ഇപ്പോൾ നടക്കുന്നത് കുഞ്ഞിന്റെ പേര് എന്തായിരിക്കുമെന്ന വാതുവയ്പാണ്—ഷാർലറ്റ്, ആലിസ്, വിക്ടോറിയ, എലിസബത്ത് എന്നിവയാണ് നിലവിൽ മുന്നിലുള്ള പേരുകൾ. ഡയാന, ഇല്യനോർ, അലക്സാണ്ട്ര തുടങ്ങിയ പേരുകളുമുണ്ട് തൊട്ടുപിറകെ. 2013ൽ ജോർജ് രാജകുമാരൻ ജനിക്കും മുൻപുമുണ്ടായിരുന്നു ഇതുപോലെ വാതുവയ്പ്. അന്നു പക്ഷേ ഭൂരിപക്ഷം പേരും വാതുവച്ചത് വില്യമിന്റെയും കെയ്റ്റിന്റെയും ആദ്യകുട്ടി പെൺകുഞ്ഞായിരിക്കുമെന്നായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.