Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി ലുക്ക് എപ്പടി? ടൊവിനോ നിങ്ങൾ കൊല മാസ് ആണ്!

tovino ടൊവിനോ തോമസ്

ഇന്നു കാണുന്ന ടൊവിനോയെ നാളെ കണ്ടാൽ ചിലപ്പോ തിരിച്ചറിഞ്ഞെന്നു വരില്ല. വേഷങ്ങൾ, കൂടുമാറ്റങ്ങൾ, ഉറക്കമില്ലാത്ത രാത്രികൾ, ചിന്തകൾ അങ്ങനെയൊക്കെ. മാറി മാറി വരുന്ന ലുക്കിനെപ്പറ്റി ചോദിച്ചാൽ ഉടൻ വരും മറുപടി... ‘ലുക്കിലല്ല കാര്യം വർക്കിലാണ്...!!’

· ഐ ക്വിറ്റ്

എൻജിനീയറിങ് ക്ലാസുകളിൽ ഇരുന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ പഠിച്ചു പാസായി ഏതൊരാളെയും പോലെ കംപ്യൂട്ടർ സ്ക്രീനിനു മുന്നിൽ കണ്ണും തള്ളിയിരിക്കുകയായിരുന്നു ഇരിങ്ങാലക്കുടക്കാരൻ ടൊവിനോയും. ഇങ്ങനെ കീ ബോർഡ് ചിലയ്ക്കുന്ന ജോലിയല്ല സിനിമയാണ് തന്റെ ആഗ്രഹമെന്നു വീട്ടിൽ അറിയിച്ചു. അതോടെ വെള്ളപ്പൊക്കവും ഇടിമിന്നലും ഒന്നിച്ചുവന്നു. പക്ഷേ, വർഷം ഒന്നു തികയും മുൻപു ജോലി രാജിവച്ച് ടൊവിനോ സിനിമതേടി ഇറങ്ങി.

· സിനിമാക്കാരൻ

ചാൻസ് തേടി വാതിലുകൾ പലതും മുട്ടിയിട്ടും കാര്യമായി ഒന്നും ശരിയായില്ല. ഒടുവിൽ കാര്യങ്ങൾ മുന്നോട്ടുപോകാൻ മോഡലിങ്ങിലേക്കും ഹ്രസ്വ ചിത്രങ്ങളിലേക്കും തിരിഞ്ഞു. സജീവ് അന്തിക്കാടിന്റെ ‘പ്രഭുവിന്റെ മക്കൾ’ എന്ന ചിത്രത്തിലാണ് ആദ്യം മുഖം പ്രത്യക്ഷപ്പെട്ടത്. തീവ്രത്തിന്റെ സഹസംവിധായകനുമായിരുന്നു. ടൊവിനോയുടെ ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ടതോടെ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് എബിസിഡിയിലേക്കു വിളിച്ചു. അഖിലേഷ് വർമയെന്ന വേഷം ടൊവിനോയ്ക്കു മാത്രമുള്ളതായിരുന്നു.

· ലുക്കിൽ മാസ്

കേട്ടു മടുത്തതു കൊണ്ടാവാം ലുക്കിന്റെ കാര്യം ചോദിച്ചാൽ ടൊവിനോ ചിരിക്കും. ‘ഞാൻ ഗപ്പിക്കു വേണ്ടി താടി വയ്ക്കുന്നതിനു മുൻപും ഇവിടെ ആളുകൾ താടി വച്ചിട്ടുണ്ട്. അതുകൊണ്ട് അത് അത്ര വല്യ സംഭവമാക്കേണ്ട കാര്യമില്ല’ എന്ന അഭിപ്രായക്കാരനാണു ടൊവിനോ... ‘കഥാപാത്രങ്ങൾ ആവശ്യപ്പെടുന്നതു കൊണ്ട് ലുക്ക് മാറ്റുന്നു.

ട്രെൻഡ് സെറ്റ് ചെയ്യാൻ പറ്റുന്ന ആളല്ല ഞാൻ... മുടി ചീകാനും പൗഡർ ഇടാനും പലപ്പോഴും മടിയാണ്. അൽപം കാശ് മുടക്കിയാൽ ആർക്കും ലുക്ക് മാറ്റാം... പക്ഷേ, ലുക്ക് മാത്രം മാറ്റിയതു കൊണ്ട് എന്തുകാര്യം, വർക്കിലല്ലേ കാര്യം... ചെയ്യുന്ന പണി വൃത്തിയായി ചെയ്തില്ലെങ്കിൽ നമ്മൾ പുറത്താകും... അപ്പോ ലുക്ക് ഉണ്ടെന്നു പറഞ്ഞിട്ട് ഒരുകാര്യവുമില്ല’.

· ഗോദയിൽ കാണാം

‘ഗപ്പിയിലെ താടി, ഗോദ എന്ന ചിത്രത്തിനു പറ്റില്ല. അതുകൊണ്ട് അതിനു വേണ്ടി വേറെ ലുക്കാണുള്ളത്. ഗോദയിൽ ഗാട്ടാ ഗുസ്തിക്കാരന്റെ വേഷമാണ്. ഇതിനു വേണ്ടി ഗാട്ടാ ഗുസ്തി പഠിച്ചു. ബോഡി വെയ്റ്റ് കൂട്ടി. പണ്ട് ബോഡി ബിൽഡർ ആയിരുന്നു. എന്നാൽ സിനിമയിൽ സിക്സ് പാക്കിന്റെ ആവശ്യം എപ്പോഴും ഉണ്ടെന്നു തോന്നിയിട്ടില്ല. ഉടൻ വരുന്ന മെക്സിക്കൻ അപാരത എന്ന ചിത്രത്തിൽ ഉരിശുള്ള എസ്എഫ്ഐ നേതാവാകുന്നുണ്ട്. സുന്ദരനാണെന്ന പേരിനു വേണ്ടിയല്ല എന്റെ ശ്രമം... നല്ല നടനാണെന്നു കേൾക്കാൻ വേണ്ടിയാണ്...’

· പേരിനൊപ്പം ടി

ടൊവിനോയുടെ പിതാവിന് ടി എന്ന ഇംഗ്ലിഷ് അക്ഷരത്തോട് വല്ലാത്ത പ്രിയമാണ്. അങ്ങനെ വീട്ടിലെ രണ്ടാൺമക്കൾക്ക് ടിയിൽ തുടങ്ങുന്ന പേരിട്ടു. ടൊവിനോ, ടിങ്സ്റ്റൻ. ഇവരുടെ സഹോദരി ധന്യയുടെ പേരിനൊപ്പം ടി എന്ന ഇനിഷ്യലും ഉണ്ട്. അടുത്ത തലമുറയിലെ ആൺമക്കളുടെ പേരും ടി യിൽ തുടങ്ങുന്നതാക്കണമെന്നാണു കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ആകെയുള്ളത് ഒരു മാലാഖക്കുട്ടിയാണ്. അവളുടെ പേര് ഇസ.

Your Rating: