രാജകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി

ബ്രിട്ടനിലെ വില്യം രാജകുമാരന്റെയും ഭാര്യ കെയ്റ്റിന്റെയും ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞ് എത്തി. വാതുവയ്പ്പുകാർ ആൺ കുഞ്ഞാകും പെൺ കുഞ്ഞാകുമെന്നൊക്കെ പന്തയത്തിൽ ഏർപ്പെട്ടെങ്കിലും ഒടുവിൽ രാജകുടുംബത്തിലേക്ക് എത്തിയത് കുഞ്ഞ് രാജകുമാരി തന്നെയാണ്. ബെക്കിങ്ങാം കൊട്ടാരത്തിലെ കുഞ്ഞതിഥിയുടെ ജനനവാർത്ത കേൾക്കാൻ ലോകം കാത്തിരിക്കെയാണ് ആ വാർത്തയെത്തിയത്. പാഡിങ്ടണിലുള്ള സെന്റ് മേരീസ് ആശുപത്രിയിൽ ബ്രിട്ടീഷ് സമയം രാവിലെ 8.34 നായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. 2013 ജൂലൈയിലാണ് കെയ്റ്റ് ആദ്യകുഞ്ഞായ പ്രിൻസ് ജോർജിന് ജന്മം നൽകിയത്. സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു പ്രിൻസും ജനിച്ചത്.

കുഞ്ഞും അമ്മയും സുഖമായിയിരിക്കുകയാണെന്നും കുഞ്ഞിന് 3.7 കിലോഗ്രാം ഭാരമുണ്ടെന്നും കൊട്ടാരത്തിൽ നിന്നും അറിയിക്കുകയായിരുന്നു. ആദ്യത്തേത് ആൺകുഞ്ഞായതുകൊണ്ട് രാജകുടുംബത്തിന് ഇനി വേണ്ടത് ഒരു പെൺകുഞ്ഞിനെയാണെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതിനാൽ തന്നെ പെൺകുഞ്ഞെത്തിയ വാർത്ത ലോകം സന്തോഷത്തോടെയാണ് നെഞ്ചേറ്റിയത്. കുഞ്ഞിന്റെ പേരെന്തായിരിക്കും എന്നൊക്കെ ഇപ്പോൾ തന്നെ ചിലർ തലപുകയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. പെൺകുഞ്ഞാണെങ്കിൽ ഡയാന രാജകുമാരിയുടെ സ്മരണയ്ക്ക് ഡയാന എന്നു പേരിടണമെന്നാണ് ഏറ്റവും കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. ഡയാന കഴിഞ്ഞാൽ പിന്നെ പ്രിയം ആലീസ്, ഷാർലറ്റ് എന്നീ പേരുകളോടാണ്.