ഇങ്ങനെ ചെയ്തു നോക്കൂ, താരൻ പമ്പ കടക്കും, വിഡിയോ

താരനെ കളയാൻ ഒരെളുപ്പവഴി പറയുകയാണ് സെലിബ്രിറ്റി മേക്അപ് ആർട്ടിസ്റ്റ് കൂടിയായ സബിത സാവരിയ...

മലയാളികളുടെ സൗന്ദര്യ സങ്കൽപത്തിൽ മുടി കഴിഞ്ഞേയുള്ളു മറ്റെന്തിനും സ്ഥാനം. പണ്ടത്തെ കാലത്തൊക്കെ പെൺകുട്ടികൾ മാത്രമായിരുന്നു മുടിക്കു വേണ്ടി ഒരുപാടു സമയം ചിലവഴിച്ചിരുന്നത്. കാലം മാറി, ഇന്ന് പെൺകുട്ടികളേക്കാൾ മുടിയെക്കുറിച്ച് ആശങ്കപ്പെടുന്നത് ആൺകുട്ടികളാണ്. ഇരുകൂട്ടരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് താരൻ. പഠിച്ചപണി പതിനെട്ടു നോക്കിയിട്ടും താരൻ മാത്രം പോകുന്നുമില്ല മുടി കൊഴിച്ചിൽ കൂടുന്നുമുണ്ട് എന്നു പരാതിപ്പെടുന്നവർ ഏറെയാണ്. 

അത്തരക്കാർക്ക് താരനെ കളയാൻ ഒരെളുപ്പവഴി പറയുകയാണ് സെലിബ്രിറ്റി മേക്അപ് ആർട്ടിസ്റ്റ് കൂടിയായ സബിത സാവരിയ. വീട്ടിൽ വച്ചു ചെയ്യാവുന്ന ചെറിയൊരു പരീക്ഷണത്തിലൂടെ താരൻ പമ്പ കടക്കുമെന്നാണ് സബിത പറയുന്നത്. സബിതയുടെ വാക്കുകളിലേക്ക്..

ഇന്ന് ധാരാളം പേർ നേരിടുന്ന ഒരു പ്രശ്നമാണ് മുടി െകാഴിച്ചിൽ, അതിനു പല കാരണങ്ങളുമുണ്ടാകാം. കാലാവസ്ഥാ വ്യതിയാനം, ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ, അമിത സമ്മര്‍ദ്ദം, കഴിക്കുന്ന മരുന്നുകളുടെ അനന്തരഫലം, വൃത്തിയായി സൂക്ഷിക്കാതിരിക്കൽ തുടങ്ങിയവയൊക്കെ മുടി കൊഴിച്ചിലിനു കാരണങ്ങളാണ്. അതിനൊപ്പം താരൻ അമിതമായുള്ളവരിലും മുടികൊഴിച്ചിൽ ഒരു പ്രശ്നമാണ്. താരനെ നീക്കം ചെയ്യാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാശുമുടക്കില്ലാത്തൊരു വഴിയാണു പറയാൻ പോകുന്നത്.

നമ്മുടെ ശിരോചര്‍മത്തിലുള്ള മൃതകോശങ്ങൾ കുളിക്കുമ്പോഴും മുടി ചീവുമ്പോഴുമൊക്കെ നാം അറിയാതെതന്നെ കൊഴിഞ്ഞു പോകുന്നുണ്ട്. പക്ഷേ ചിലരിൽ ഇതു പോകാതെ പറ്റിപ്പിടിച്ചിരിക്കും. ഇതിലേക്കു വിയർപ്പും മറ്റും അടിഞ്ഞുകൂടി പിന്നീടു ചൊറിയുകയും മറ്റും ചെയ്യും. തുടർന്ന് പുരികക്കൊടികളും കൺപീലികളുമൊക്കെ കൊഴിയുന്ന അവസ്ഥയിലേക്കു വരെ എത്തും. ഈ സാഹചര്യങ്ങളിലാണ് താരൻ ശല്യമായിത്തീരുന്നത്. 

താരനുള്ളവർ പറ്റുമെങ്കിൽ എന്നും തല കഴുകേണ്ടതാണ്, അതിനായി റെഗുലർ ഷാംപൂ വാങ്ങുന്നതായിരിക്കും ഉത്തമം കാരണം അവ അത്ര വീര്യമുള്ളതാകില്ല. ഷാംപൂ ചെയ്യുന്നതിനു മുമ്പ് ഏതെങ്കിലും എണ്ണ പുരട്ടാനും മറക്കരുത്. തലയോട്ടിയിലും മുടിയിലും എല്ലാം എണ്ണ നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം അഞ്ചോ പത്തോ മിനിറ്റു മസാജ് ചെയ്യണം.  മസാജ് ചെയ്യാൻ മടിയുള്ളവർ അഗ്രം കൂർത്തതല്ലാത്ത ചീർപ്പുപയോഗിച്ച് നന്നായി ചീവാം. മുറിവുകളുണ്ടാവും വിധത്തിൽ ശക്തമായി ചീവരുത്. ഈ രീതി തുടരുന്നതിലൂടെ രക്തചംക്രമണം വർധിക്കുന്നതിനൊപ്പം മൃതകോശങ്ങൾ പൊഴിഞ്ഞുപോവുകയും ചെയ്യും. ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം, ആഴ്ച്ചയിൽ മൂന്നുതവണ ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരുവിധപ്പെട്ട താരനെയൊക്കെ ഇല്ലാതാക്കാം. 

കൂടാതെ ഉള്ളിയും താരനെ നീക്കം ചെയ്യാൻ ഫലപ്രദമാണ്. ചുവന്നുള്ളിയോ സവാളയോ എടുക്കുക ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ ഇട്ട് അരച്ചു പേസ്റ്റാക്കുക. ശേഷം ഈ മിശ്രിതം ഒരു തുണിയിലേക്കാക്കിപിഴിഞ്ഞ് നീരുമാത്രമെടുത്ത് അതു തലയിലേക്ക് പുരട്ടി കുറച്ചു നേരം വെക്കാം. സൾഫർ കണ്ടന്റ് ധാരളമുള്ള ഉള്ളി താരനെ കളയുന്നതിനൊപ്പം മുടി വളർച്ചയെ പരിപോഷിപ്പിക്കുന്നു.

ഇതിനൊപ്പം പുതിനയിലയുടെ നീര്, പുളിച്ച തൈര്, തുളസിയില നീര്, തലേദിവസം കുതിർത്തുവച്ച ഉലുവ അരച്ചെ‌ടുത്തത്, അലോവേര ജ്യൂസ് ഒക്കെ താരനെ അകറ്റാൻ നല്ലതാണ്. 

Read more: Malayalam Lifestyle Magazine