ആരെയും ആകർഷിക്കുന്ന ചർമ്മത്തിനും തലമുടിക്കും 9 വഴികൾ

സൗന്ദര്യം എന്നത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ പതിന്മടങ്ങു വർധിപ്പിക്കുന്ന ഘടകമാണ്. ആത്മവിശ്വാസം വർധിപ്പിക്കത്തക്കരീതിയിൽ സുന്ദരമായൊരു രൂപം സ്വന്തമാക്കുന്നതിൽ ചർമം , തലമുടി എന്നിവയ്ക്ക് നിർണായക സ്ഥാനമാണുള്ളത്. സ്ത്രീ പുരുഷഭേദമന്യേ പ്രാധാന്യം നൽകുന്ന രണ്ട് കാര്യങ്ങളാണ് ത്വക്കിന്റെയും മുടിയുടെയും സംരക്ഷണം. ഇതാ ആരെയും ആകർഷിക്കുന്ന ചർമത്തിനും തലമുടിക്കും ആയി ഒൻപത് എളുപ്പ വഴികൾ 

ചർമ്മം തിളങ്ങാൻ 
മുഖം എണ്ണമയത്തോടെ ഇരിക്കുന്നതാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ തണുപ്പിച്ച തൈരിൽ അല്പം പഞ്ചസാര ചേർത്ത് മുഖം മസാജ് ചെയ്യുക. 15  മിനുട്ടിനു ശേഷം പകുതി ഓറഞ്ച് എടുത്ത് അതിന്റെ ജ്യൂസ് കൊണ്ട് മസാജ് ക്റചെയ്യുക. തിളക്കമുള്ള ചർമം ലഭിക്കും.

വരണ്ട ചർമ്മമാണോ പ്രശ്നം
ഇനി വരണ്ടചർമമാണ് നിങ്ങളുടെ പ്രശ്നം എങ്കിൽ അതിനും പരിഹാരമുണ്ട്. നന്നായി പഴുത്ത പപ്പായ തേൻ ചേർത്ത് ഫേസ്പാക്ക് ആക്കി മുഖത്തിടുക. നന്നായി ഉണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. 

അറ്റം പിളരുന്ന മുടി?
അറ്റം പിളരുന്ന മുടിയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് രണ്ട് നാരങ്ങാ രണ്ട് കപ്പ് വെള്ളത്തിൽ പിഴിഞ്ഞ് ചെറുതീയിൽ വറ്റിച്ചെടുക്കുക. നേർ പകുതി ആകുമ്പോൾ തീ കെടുത്തി തണുപ്പിക്കുക. ശേഷം ഈ മിശ്രിതം തുമ്പ് പിളർന്ന മുടിയുടെ അറ്റത്ത് സ്പ്രേ ചെയ്യുക. മികച്ച ഫലം ലഭിക്കും. 

മുടിക്ക് നിറം
കുറച്ചു റോസ്മേരി ഇലകൾ രണ്ട് കപ്പ് വെള്ളത്തിൽ രണ്ടുസ്പൂൺ തേയിലയും ചേർത്ത് ചൂടാക്കുക. അളവ് പകുതി ആകുമ്പോൾ ഇതിലേക്ക് ഷാംപൂ കൂടി ചേർത്ത് ഉപയോഗിക്കുക. ഹെന്ന ചെയ്യാൻ സമയം കിട്ടി ഇല്ല എന്ന് കരുതി വിഷമിക്കണ്ട. നാച്ചുറലായ നിറം മുടിക്ക് ലഭിക്കും. 

ആ പാടുകൾ മായും
പാടുകളും ചെറിയ കുരുക്കളും കാരണം കഴുത്തിറക്കമുള്ള വസ്ത്രങ്ങൾ ധരിക്കാൻ കഴിയാത്തവർ നിരവധിയാണ്. ഇതിനു പരിഹാരമായി ഒരു കപ്പ് ഉപ്പ്, ഒലിവ് ഓയിൽ , അഞ്ചു തുള്ളി സാന്താൾ വുഡ് ഓയിൽ എന്നിവ ചേർത്ത് സ്‌ക്രബ് ചെയ്യുക. മികച്ച റിസൾട്ട് ലഭിക്കും 

കൺതടങ്ങളിലെ കറുപ്പ്
കൺതടങ്ങളിലെ കറുപ്പ് മാറ്റുന്നതിനായി വെള്ളരിക്ക വട്ടം മുറിച്ചു കണ്ണുകൾക്ക് ചുറ്റും അധികം പ്രഷർ കൊടുക്കാതെ മസാജ് ചെയ്യുക. ശേഷം ടീബാഗ്‌ കുതിർത്തശേഷം കണ്ണുകൾക്ക് മുകളിൽ വച്ച് 10 മിനുട്ട് വിശ്രമിക്കുക. ഒരാഴ്ച ചെയ്ത് നോക്കൂ, എന്തൊരു മാറ്റം.  

ചർമ്മം കണ്ടാൽ പ്രായം? 
പ്രായാധിക്യം മൂലം തൂങ്ങിയ മുഖപേശികൾ ആണോ പ്രശനം, പരിഹാരമായി മുഖത്ത് അല്പം തേൻ പുരട്ടിയ ശേഷം ഐസ് കൊണ്ട് ഉരക്കുക. പിന്നീട് ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചു പതപ്പിച്ച ശേഷം മുഖത്ത് തേച്ചുപിടിപ്പിക്കുക. ഉണങ്ങുമ്പോൾ ഐസ് വെള്ളം കൊണ്ട് കഴുകിക്കളയുക. മുഖത്തെ പേശികൾ കരുത്തുള്ളതായത് നമുക്ക് അനുഭവിച്ചറിയാം. 

ക്ഷീണിച്ച കണ്ണുകൾ
നിരന്തരമായ കംപ്യൂട്ടർ ഉപയോഗത്തെത്തുടർന്നും ജോലിത്തിരക്കുകളെ തുടർന്നും ആകെ ക്ഷീണിച്ച കണ്ണുകൾക്ക് ഉടമയാണോ നിങ്ങൾ, ഒരു ബൗളിൽ ഐസ് വെള്ളം എടുക്കുക അതിലേക്ക് മൂന്നോ നാലോ തുള്ളി പനിനീർ അല്പം തേൻ എന്നിവ ചേർക്കുക. ശേഷം കണ്ണുകൾ ആ വെള്ളത്തിൽ കഴുകുക. വളരെ ചുരുങ്ങിയ സമയം കൊണ്ട് മികച്ച ഫലം ലഭിക്കുന്നത് കാണാം 

ആ ദിവസങ്ങൾ?
ഷാംപൂ ചെയ്യാൻ സമയമില്ലാത്തപ്പോൾ മുടിക്ക് എങ്ങനെ തിളക്കം നൽകും എന്ന ചിന്തയാണോ? വഴിയുണ്ട്, ടാൽക്കം പൗഡർ , നെല്ലിക്ക പൊടി എന്നിവ ചേർന്ന മിശ്രിതത്തിൽ ബ്രഷ് മുക്കിയ ശേഷം മുടി ചീകുക, ആ വ്യത്യാസം അനുഭവിച്ചറിയാം