നാലേ നാല് ദിവസം, മുഖക്കുരു ദാ വന്നു...ദേ പോയി!

സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ നേരിടുന്ന സൗന്ദര്യപ്രശ്‌നങ്ങളിൽ ഒന്നാമതാണ് മുഖക്കുരുവിന്റെ സ്ഥാനം. ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും അനാരോഗ്യകരമായ ഭക്ഷണവും ശീലങ്ങൾകൊണ്ടും കോസ്മറ്റിക് പ്രോഡക്റ്റുകളുടെ അമിതമായ ഉപയോഗം കൊണ്ടുമെല്ലാം സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ മുഖക്കുരുക്കൾ വരുന്നു. എന്നാൽ അൽപം ശ്രദ്ധിച്ചാൽ വീട്ടിൽത്തന്നെ ഇവയ്ക്ക് മികച്ച നപരിഹാരം കണ്ടെത്താൻ കഴിയും എന്നതാണ് വാസ്തവം. കോസ്മറ്റിക് ചികിത്സകൾക്ക് പിന്നാലെ പോകും മുൻപ് ദിവസങ്ങൾക്കുള്ളിൽ മുഖക്കുരുവിനെ വീട്ടിൽ വച്ചുതന്നെ പമ്പകടത്താൻ സഹായിക്കുന്ന 10  മാർഗങ്ങൾ നോക്കാം.

1. മുഖക്കുരുവിന്റെ പ്രധാന ശത്രുവാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുകയും ചെറുചൂടുവെള്ളത്തിൽ ഇടക്കിടക്ക് മുഖം കഴുകുകയും ചെയ്യുന്നത് മുഖക്കുരുവിനെ ഫലപ്രദമായി ചെറുക്കും. പരീക്ഷിച്ചു നോക്കൂ, നാലാം ദിവസം തന്നെ റിസൾട്ട് ലഭിക്കുന്നത് കാണം. 

2. വാഴയുടെ കൂമ്പില എടുത്ത് മൃദുവായി അരച്ച് മുഖക്കുരു ഉള്ളിലത്ത് പുരട്ടുക. അരമണിക്കൂർ കഴിയുമ്പോൾ ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക. 

3. മേൽപ്പറഞ്ഞ രീതിയിൽ തന്നെ പരീക്ഷിക്കാവുന്ന ഒന്നാണ് ആര്യവേപ്പില. ആര്യവേപ്പ് അണുക്കളോടു പോരാടുന്നു. മുഖക്കുരുവിനു കാരണമായ അണുക്കളോടു പോരാടി മുഖക്കുരു ഇല്ലാതാക്കാൻ ആര്യവേപ്പില അരച്ച് മുഖത്തിടാം, 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകികളയാം. 

4. ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ എന്നന്നേക്കുമായി പുറത്താക്കുവാൻ സഹായകമാണ്. മുഖത്തു പുരട്ടി അരമണിക്കൂർ കഴിയുമ്പോൾ ഇളം ചൂടുവെളളത്തിൽ കഴുകുക 

                                                                                                                    

5. ആര്യവേപ്പിലക്ക് ഒപ്പം അൽപം കസ്തൂരിമഞ്ഞൾ കൂടി ചേർത്തരച്ച് മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനൊപ്പം പാടുകളെയും ഇല്ലാതാക്കും.

6. തേങ്ങയുടെ വെള്ളംകൊണ്ട് ദിവസവും മുഖം കഴുകുന്നത് മുഖക്കുരുവിനെ ശക്തമായി ചെറുക്കും. 

7. കൂടുതൽ ആഴത്തിൽ വേരുകളുള്ള മുഖക്കുരുവാണെങ്കിൽ ഒരു കഷ്ണം വെളുത്തുള്ളിയെടുത്ത് രണ്ടായിമുറിച്ച് മുഖക്കുരുവുള്ള ഭാഗത്ത് ചെറുതായി ഉരസുക. അഞ്ച് മിനിറ്റുകഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. വളരെ പെട്ടന്ന് മുഖക്കുരു പോകണമെങ്കിൽ ഇത് സഹായിക്കും. ദിവസത്തിൽ മൂന്നോ നാലോ തവണ ആവർത്തിക്കാം.

                                                                                                                    

8. നന്നായി പഴുത്ത പപ്പായ അരച്ച് മുഖത്തിട്ട് അരമണിക്കൂറിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മുഖത്തിനു നിറം വർധിപ്പിക്കാനും ഇത് സഹായിക്കും.

                                                                                                                    

9 .ഉലുവ അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കും. ഇത് നന്നായി ഉണങ്ങിയ ശേഷം കഴുകിക്കളയാം. 

                                                                                                                    

10. തക്കാളി നീര് സമം തേനും ചേർത്തു മുഖത്തു പുരട്ടിയാലും മികച്ച ഫലം ലഭിക്കും. 

ഇതിനൊക്കെ പുറമെ ഒരു കാര്യം പ്രത്യേകം ഓർക്കുക, എണ്ണമയമുള്ള ഭക്ഷണം, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കാതെ ഇതൊക്കെ ചെയ്തിട്ട് കാര്യമില്ല