ആരോഗ്യമുള്ള കൺപീലികൾക്ക് ആറ് വഴികൾ

മുഖം ആകർഷകമുള്ളതാകണമെങ്കിൽ കണ്ണുകൾ മനോഹരമായിരിക്കണം. കണ്ണുകള്‍ മനോഹരമാകാൻ ഐഷാഡോയും മസ്ക്കാരയും മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല. മനോഹരമായ കണ്ണുകൾക്ക് അഴകുള്ള കൺപീലികൾ തന്നെ വേണം. ആരോഗ്യമുള്ള നീണ്ട കണ്‍പീലികള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. നീണ്ട ആരോഗ്യമുള്ള കണ്‍പീലികൾക്കിതാ ചില വഴികൾ

∙ഉറങ്ങുന്നതിന് മുമ്പ് ഒലിവ് ഓയിൽ കൺപീലിയിൽ പുരട്ടുന്നത് നല്ലതാണ്. ഒലിവ് ഓയിലില്‍ വിറ്റാമിനും മിനറലും ധാരളം അ‌ടങ്ങിയിട്ടുണ്ട്. ഇതു കൺപീലിയുടെ വളർച്ചയെ സഹായിക്കും.

∙ ആവണക്കെണ്ണയിൽ കട്ടികുറഞ്ഞ വിറ്റാമിൻ ഇ അടങ്ങിയ ഓയിൽ ചേർത്ത് കൺപീലിയിൽ പുരട്ടുന്നത് കൺപീലിയുടെ വളർച്ചയ്ക്ക് നല്ലതാണ്.

∙ ഗ്രീൻ ടീയിൽ മുക്കിയ കോട്ടണ്‍ കണ്‍പീലിയിൽ വെയ്ക്കുക. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീനും ഫ്ലെവനോയിഡും കണ്‍പീലികളെ ശക്തിപ്പെടുത്തും. മാത്രമല്ല പുതിയ കണ്‍പീലികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

∙നാരങ്ങയുടെ പുറംതൊലി ഒലിവ് ഓയിലിലോ ആവണക്കെണ്ണയിലോ നാലോ അഞ്ചോ ദിവസം മുക്കി വെച്ച് കണ്‍പീലിയിൽ പുരട്ടുക. വിറ്റാമിൻ സി ലയിച്ച് ചേർന്ന ഓയിൽ കൺപീലികളുടെ വളർച്ചയ്ക്ക് നല്ലതാണ്.

∙ഉറങ്ങുന്നതിന് മുമ്പ് കണ്ണുകളിലെ മേക്ക് അപ്പ് നീക്കം ചെയ്യുക. ഇതിനായി വെറ്റ് വൈപ്പ് ഉപയോഗിക്കാം.

∙ ആപ്പിൾ, പേരയ്ക്ക തുടങ്ങിയ പഴങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. കണ്ണുകളുടെയും കണ്‍പീലികളുടെയും സംരംക്ഷണത്തിന് ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്.