സുന്ദര ചർമത്തിന് 9 നാടൻ കൂട്ടുകൾ

ചർമത്തിൽ പ്രായത്തിന്റെ അടയാളങ്ങൾ വീഴാതിരിക്കാൻ ഈ പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടുകൾ പരീക്ഷിക്കാം.

∙ രണ്ട് വലിയ സ്പൂൺ തേൻ, ഒരു നാരങ്ങയുടെ പകുതി, അര ചെറിയ സ്പൂൺ പഞ്ചസാര ഇവ മിശ്രിതമാക്കി കഴുത്തിൽ നിന്നു മുകളിലേക്കു പുരട്ടുക. നന്നായി ഉണങ്ങിക്കഴിയുമ്പോൾ കഴുകിക്കളയണം. ഇങ്ങനെ ചെയ്യുന്നതു ക്ലെൻസിങ്ങിന്റെയും സ്ക്രബിങ്ങിന്റെയും ഫലം നൽകും. ഇതിനു ശേഷം ഒരു ചെറിയ സ്പൂൺ ബദാം എണ്ണയിൽ ഒരു ചെറിയ സ്പൂൺ പാൽപ്പാട ചേർത്തു കഴുത്തിൽ നിന്നു മുകളിലേക്കു പുരട്ടുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കുക. മുപ്പത്തിയഞ്ച് വയസിൽ കൂടുതൽ പ്രായമുള്ളവർ എണ്ണയുടെ അളവ് കൂട്ടണം.

∙ ഒരു വലിയ സ്പൂൺ ജാതിക്ക പൊടിച്ചതിൽ കാൽ വലിയ സ്പൂൺ കാച്ചാത്ത പാൽ ചേർത്തു മുഖത്തിലും കഴുത്തിലുമായി പുരട്ടി പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകണം.

∙ രണ്ടു വലിയ സ്പൂൺ പയറ് പൊടിയിൽ രണ്ട് നുള്ള് മഞ്ഞൾപ്പൊടിയും ഒരു ചെറിയ സ്പൂൺ കടലമാവും ചേർക്കുക. ഇതിൽ ഒരു വലിയ സ്പൂൺ കൊഴുപ്പില്ലാത്ത തൈരോ പാടയോ നീക്കിയ പാലോ ചേർത്തു മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിക്കഴിയുമ്പോൾ ഇളം ചൂടുവെള്ളം നനച്ചു പായ്ക്ക് നീക്കം ചെയ്യുക. എണ്ണമയമുള്ള ചർമത്തിന് ഉത്തമം.

∙ രണ്ട് വലിയ സ്പൂൺ ചൗവ്വരി പൊടിച്ചതിൽ ഒരു വലിയ സ്പൂൺ തേൻ ചേർത്തു മുഖത്തു പുരട്ടി ഇരുപതു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. ഇതു ചർമത്തിനു തിളക്കം നൽകും.

∙ കറ്റാർ വാഴ ജ്യൂസാക്കിയത് ഒരു ചെറിയ സ്പൂൺ ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ ചേർത്തു ദിവസവും വെറും വയറ്റിൽ കുടിക്കുന്നതു ചർമത്തിന്റെ ചെറുപ്പം നിലനിർത്താൻ ഏറെ സഹായകമാണ്.

∙ രണ്ട് ചെറിയസ്പൂൺ ചന്ദനപ്പൊടി ഒരു ചെറിയസ്പൂൺ ചന്ദന ഓയിലും ഗ്ലിസറിനും നാരങ്ങാനീരും അര ചെറിയ സ്പൂൺ ഗോതമ്പ് പൊടിയും കുഴച്ചു മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം.

∙ അധികം വലുപ്പമില്ലാത്ത കട്ടിയുള്ള ഓരോ കഷണം കാരറ്റും ഉരുളക്കിഴങ്ങും അരച്ചെടുക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ വീതം നാരങ്ങാനീരും തേനും ചേർത്തു മുഖത്തും കഴുത്തിലും പുരട്ടുക.

∙ രണ്ടു വലിയ സ്പൂൺ ഉണങ്ങിയ പട്ടാണി പൊടിച്ചതിൽ മൂന്നോ നാലോ തുള്ളി പനിനീരും ചെറുചൂടുവെള്ളത്തിൽ ചേർത്തു കുഴച്ചു മുഖത്തും കഴുത്തിലും തേയ്ക്കുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞു വൃത്തിയാക്കണം. ചർമത്തിനു നിറം കിട്ടും.

∙ നേർത്ത അരിപ്പൊടി, ഓറഞ്ച് തൊലി പൊടിച്ചത് ഇവ ഓരോ വലിയ സ്പൂൺ വീതമെടുക്കുക. ഇതിൽ രണ്ട് വലിയ സ്പൂൺ നാരങ്ങാനീര് ചേർത്തു കുഴച്ചു മുഖത്തും കഴുത്തിലും പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയണം. മുഖത്തെ പാടുകൾ അകലും.