ഓറഞ്ച് തൊലി എറിഞ്ഞു കളയല്ലേ... മുഖം തിളങ്ങാൻ സൂക്ഷിക്കാം

ഓറഞ്ച് ഇഷ്ടപ്പെടാത്തവര്‍ നന്നേ കുറവായിരിക്കും. എന്നാല്‍ മിക്കവരും തന്നെ ഓറഞ്ച് തൊലിയുടെ ഉപയോഗങ്ങളെക്കുറിച്ച് അത്ര അറിവുള്ളവരാകില്ല. അങ്ങനെ വെറുതെ എറിഞ്ഞ് കളയാന്‍ മാത്രം നിസ്സാരനല്ല ഓറഞ്ച് തൊലി. മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ തുടങ്ങി കൊളസ്ട്രോളും തടിയും കുറക്കാന്‍ വരെ ഓറഞ്ച് തൊലി ഉപയോഗിക്കാം.

മുഖത്തെ കറുത്ത പാടുകള്‍ കുറയ്ക്കാനും ചുളിവുകളെ അകറ്റി നിര്‍ത്താനും
ഓറഞ്ച് തൊലി ഉണക്കി പൊടിച്ചെടുത്താല്‍ മികച്ച ഒരു ഫേഷ്യല്‍ പൗഡറാണ്. 3 ദിവസമെങ്കിലും വെയിലത്ത് വച്ച ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഇതില്‍ 2 സ്പൂണ് എടുത്ത് അതേ അളവില്‍ തൈരും 1 സ്പൂണ്‍ തേനും ചേര്‍ത്ത് കുഴക്കുക. 

മുഖത്ത് പുട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്ത് നോക്കു, മുഖത്തെ കറുത്ത് പാടുകളും, വെയില്‍ കൊണ്ടതിന്‍റെ കരുവാളിപ്പും കുറയും. അതേ സമയം ആഴ്ചയില്‍ മൂന്ന് തവണയില്‍ കൂടുതല്‍ ഈ മിശ്രിതം മുഖത്ത് പുരട്ടാതിരിക്കുക.

പല്ല് വെളുപ്പിക്കാം
മഞ്ഞ പല്ലുകള്‍ ഇഷ്ടമല്ലെങ്കില്‍ അവ വെളുപ്പിക്കാനും ഓറഞ്ച് തൊലി നല്ലതാണ്. ഓറഞ്ച് തൊലിയുടെ ഉള്‍ഭാഗം കൊണ്ട് ഒന്നോ രണ്ടോ മിനുട്ട് പല്ലില്‍ ഉരച്ചാല്‍ മതി. ദിവസം രണ്ട് തവണ ഇത് ചെയ്യാം. ഓറഞ്ച് പൊടി ടൂത്ത് പേസ്റ്റിനൊപ്പം ചേര്‍ത്ത് രണ്ട് നേരം പല്ല് തേച്ചാലും ഇതേ ഗുണം ലഭിക്കും.

തടി കുറക്കാന്‍
നാരങ്ങയിലെന്ന പോലെ വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് ഫ്രൂട്ടാണ് ഓറഞ്ചും. വിറ്റമിന്‍ സി ധാരാളമുള്ള ഓറഞ്ച് തൊലി ഉണക്കിയ ശേഷം തയ്യാറാക്കുന്ന  ഓറഞ്ച് ടീ  വണ്ണം കുറക്കുന്നതിന് ഉപയോഗിക്കുന്ന പാനീയമാണ്. ചൂടാക്കിയ 1 ഗ്ലാസ്സ് വെള്ളത്തില്‍ 1 സ്പൂണ്‍ തൊലി ഇടുക. 10 മിനുട്ടിന് ശേഷം തൊലി മാറ്റി ഈ പാനീയം തേന്‍ ചേര്‍ത്ത് കഴിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കളയാന്‍ ദിവസവും രണ്ട് നേരം ഈ പാനീയം കഴിക്കുക.

കൊളസ്ട്രോള്‍ കുറക്കാന്‍
ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍സ് അഥവാ മോശം കൊളസ്ട്രോള്‍ കുറക്കാന്‍ മികച്ചതാണ് ഓറഞ്ച് തൊലി. മുകളില്‍ പറഞ്ഞ രീതിയില്‍ ഓറഞ്ച് ചായ കഴിക്കുന്നത് ഇതിന് ഉത്തമം. ഇത് വഴി ഹൃദയാരോഗ്യം നിലനിര്‍ത്താം.

പ്രകൃത ദത്തമായ എയര്‍ ഫ്രഷ്നര്‍
സന്തോഷം പകരുന്ന മണമാണ് ഓറഞ്ചിന്‍റേത്. ഓറഞ്ചിന്‍റെ തൊലിക്കും  അതേ മണമുണ്ട്. അത് കൊണ്ട് തന്നെ കൃത്രിമ സുഗന്ധങ്ങളേക്കാള്‍ ഓറഞ്ചിന്‍റെ യഥാര്‍ഥ മണം നിങ്ങള്‍ക്ക് മുറിയില്‍ നിറഞ്ഞ് നില്‍ക്കുന്നത് കൂടുതല്‍ സന്തോഷം നല്‍കിയേക്കും. ഓറഞ്ച് എയര്‍ ഫ്രഷ്നര്‍ ഇങ്ങനെ തയ്യാറാക്കാം.

1ഓറഞ്ചിന്‍റെ തൊലി, 1 കഷ്ണം നാരങ്ങയുടെ നീര്, 1 കഷ്ണം കറുവാപട്ട എന്നിവ ഇട്ട് 2 ഗ്ലാസ്സ് വെള്ളം തിളപ്പിക്കുക. തണുത്ത ശേഷം സ്പ്രേയറിലേക്ക് മാറ്റി മുറിയില്‍ സ്പ്രേ ചെയ്യുക. സുന്ദരമായ മണം ചുറ്റും നിറയുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാകും