ഇനിയില്ല കൺതടങ്ങളിലെ ആ കറുപ്പ്, ആറ് കാര്യങ്ങൾ

ഉറക്കക്കുറവ്, ക്ഷീണം, മാറി മാറി വരുന്ന ഷിഫ്റ്റിലെ ജോലി എന്നിവ ആദ്യം ബാധിക്കുക നമ്മുടെ കണ്ണുകളെയാണ്. കണ്ണിനു ക്ഷീണം ബാധിച്ചു തുടങ്ങിയാൽ അത് ഉടൻ തന്നെ സൗന്ദര്യത്തെ ബാധിക്കും. ജീവസ്സുറ്റ കണ്ണുകളിൽ മാത്രമേ സൗന്ദര്യം സ്ഫുരിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണത്തിന്റെ ആദ്യപാഠം കണ്ണുകൾ സംരക്ഷിച്ചുകൊണ്ടാവണം.

കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ അഥവാ കറുപ്പാണ് സ്ത്രീ- പുരുഷ ഭേതമന്യേ എല്ലാ യുവാക്കളെയും ബാധിക്കുന്ന കാര്യം. വായന, കംയൂറ്ററിന്റെ ഉപയോഗം, ടിവി കാണൽ എന്നിവ മേൽപ്പറഞ്ഞ കാരണങ്ങൾക്ക് പുറമെ കണ്ണിന്റെ ക്ഷീണത്തിനു ആക്കം കൂട്ടുന്നു. വീട്ടിൽ വച്ച് തന്നെ ചെയ്യാവുന്ന ചില പ്രതിവിധികളിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.

കമ്പ്യൂട്ടർ , ടിവി എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നവർ ഇത്തരം  പ്രവൃത്തികളില്‍ നിന്ന് ഇടയ്ക്കിടെ വിശ്രമം എടുക്കുന്നത് കണ്ണുകള്‍ക്ക് ആശ്വാസം നല്‍കും. ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് കണ്ണുകൾക്ക് കുളിർമ നൽകും. ഇത് കണ്ണിനു താഴെ കറുപ്പു നിറം വരാതെ സൂക്ഷിക്കും. മാത്രമല്ല,  ഇരുമ്പ് ധാരാളമടങ്ങിയ ഈന്തപ്പഴം, നെല്ലിക്ക, മുരിങ്ങയില എന്നിവ കഴിക്കുന്നതും കണ്ണുകൾക്ക് ഏറെ ഗുണകരമാണ്. 

കൺതടങ്ങളിലെ കറുപ്പിനു ഗുഡ്ബൈ പറയാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ:-

ഉരുളക്കിഴങ്ങ് കനം കുറച്ച് അരിഞ ശേഷം കണ്ണിനു മുകളില്‍ ഓരോ കഷണം വയ്ക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ കണ്ണിന്  ചുറ്റും  കാരറ്റ്, വെള്ളരിക്ക എന്നിവ അരച്ചു പുരട്ടുന്നതും ഗുണം ചെയ്യും.

ബദാംപരിപ്പ് പാലില്‍ അരച്ചെടുത്ത് കണ്‍തടങ്ങളില്‍ (കണ്‍പോളകളിലും) പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ദിവസങ്ങൾക്കുള്ളിൽ വ്യത്യാസം അനുഭവപ്പെടും.

കാലങ്ങളായി ആയുർവേദ ചികിത്സകർ കണ്ണിനു താഴെയുള്ള കറുപ്പ് നിറത്തിനായി നിർദ്ദേശിക്കുന്ന ഒന്നാണ് കുങ്കുമാദി തൈലം. ഇതും കണ്ണിനു ഏറെ ഗുണം ചെയ്യും.

കൺതടങ്ങളിൽ തേൻ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളയുക എന്നത് ഏറെ വിജയിച്ച രീതിയാണ്.

രക്തചന്ദനവും ചന്ദനവും തുല്യ അളവില്‍ അരച്ച് പനിനീരിൽ  ചാലിച്ച് കണ്‍തടങ്ങളില്‍ പുരട്ടുന്നതും ഉത്തമ ഫലം ചെയ്യും.

വീട്ടിലായാലും കൊളേജിൽ ആയാലും  ജോലി സ്ഥലത്തായാലും ഇടയ്ക്കിടെ പച്ചവെള്ളം കൊണ്ടു മുഖം കഴുകുന്നത്  മികച്ച ഫലം ചെയ്യും.