മാമ്പഴം കഴിക്കൂ മതിവരുവോളം, സൗന്ദര്യവും ആരോഗ്യവും ഉറപ്പ്!

Representative Image

മാമ്പഴം ഇഷ്ടപ്പെടാത്തവർ ആരുണ്ടാകും. നല്ലവണ്ണം പഴുത്ത മാങ്ങ തോലുചെത്തി പ്ലേറ്റിൽ വച്ചുതന്നാൽ തിന്നു തീർക്കാൻ നിമിഷങ്ങൾ മതിയാകും.. മാമ്പഴത്തോടുള്ള ഇഷ്ടം ഒന്നുകൂടി കൂടും അതു കഴിക്കുമ്പോഴുള്ള ഗുണങ്ങൾ അറിയുമ്പോൾ. പഴങ്ങളുടെ രാജാവായ മാമ്പഴം കാൻസറിനെ ചെറുക്കുന്നതിൽ പ്രധാനിയാണ്. മാമ്പഴത്തിലെ ആന്റി ഓക്‌സിഡന്റ് സംയുക്തങ്ങൾ വൻകുടൽ, ബ്രെസ്റ്റ്, ലുക്കീമിയ, പ്രൊസ്റ്റേറ്റ് കാൻസറുകളിൽനിന്നു സംരക്ഷണം നൽകുന്നു. മാമ്പഴത്തിലെ ഉയർന്ന തോതിലുള്ള നാരുകളും പെക്ടിനും വിറ്റാമിൻ സിയും കൊളസ്‌ട്രോൾ ലെവൽ താഴ്ത്തി നിർത്തും. ചർമത്തെ സംബന്ധിച്ചിടത്തോളം മാങ്ങ കൊണ്ട് അകത്തും പുറത്തും കാര്യമുണ്ട്. മുഖക്കുരു അകറ്റാനും മുഖത്തെ പാടുകൾ ഇല്ലാതാക്കാനും മാമ്പഴത്തിന്റെ ഉപയോഗംമൂലം സാധിക്കുമത്രെ. മാങ്ങ വെറുതെ മുഖത്തു തേയ്ക്കുന്നതും തിളക്കം കൂട്ടും.

മുറിച്ച മാമ്പഴക്കഷണങ്ങൾ ഒരു കപ്പ് വീതം കഴിച്ചാൽ നിത്യവും ലഭിക്കേണ്ട വിറ്റാമിൻ എയുടെ 25ശതമാനം കിട്ടും. വിറ്റാമിൻ എ കാഴ്ച ശക്തി വർധിപ്പിക്കാനും നിശാന്തത അകറ്റാനും സഹായകമാണ്. മാങ്ങയിലെ ടാർടാറിക് ആസിഡ്, മാലിക് ആസിഡ്, സിട്രിക് ആസിഡിന്റെ അംശം എന്നിവ ശരീരത്തിലെ ആൽക്കലിയുടെ തോത് നിലനിർത്തും. ചെറിയ അളവിൽ മാങ്ങ കഴിക്കുന്നത് പ്രമേഹ രോഗികൾക്കും പ്രശ്‌നമുണ്ടാക്കില്ല. തന്നെയുമല്ല, മാവിന്റെ ഇല രക്തത്തിലെ ഇൻസുലിന്റെ അളവ് കുറയ്ക്കാനും ഉപകരിക്കും. മാവില കഷായംവച്ച് സേവിക്കുന്ന രീതി മുൻപ് ഉണ്ടായിരുന്നു.

വിറ്റാമിൻ ഇയുടെ കലവറയായതിനാൽ ലൈംഗികതയ്ക്കും ഉണർവേകും. ദഹനപ്രക്രിയ എളുപ്പമാക്കാനും ശോധനയുണ്ടാകാനും മാങ്ങ കഴിക്കുന്നത് നല്ലതാണ്. വിറ്റാമിൻ സി, എ എന്നിവ കൂടാതെ മാങ്ങയിൽ അടങ്ങിയിരിക്കുന്ന 25ഓളം വ്യത്യസ്ത കരോട്ടിനോയ്ഡുകൾ പ്രതിരോധ ശേഷി വർധിപ്പിക്കും. ഇത്രയേറെ ഗുണങ്ങൾ ഉണ്ടെങ്കിലും കാൽസ്യം കാർബൈഡ് ഇട്ടു പഴുപ്പിച്ച മാങ്ങ ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും. കടയിൽനിന്നു വാങ്ങുന്ന മാങ്ങ വൃത്തിയായി കഴുകിയ ശേഷമോ രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ചതിനു ശേഷമോ മാത്രം ഉപയോഗിക്കുക.