പെണ്ണേ പെണ്ണേ നിൻ കല്യാണമായി... വെറൈറ്റി ആവണ്ടേ?

Representative Image

കല്യാണമേളം തന്നെയാണു വേനൽക്കാലത്ത്. സൂര്യൻ കത്തിക്കയറി നിൽക്കുന്നതൊന്നും കാര്യമാക്കാൻ സമയമില്ലെന്ന മട്ട്. കല്യാണദിവസത്തെ സ്റ്റാർ അട്രാക്ഷനാണ് വധുവും വരനും. ഫാഷൻ, സ്റ്റൈൽ, ട്രെൻഡ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾ പയ്യന്മാരെയങ്ങു പുറത്തു നിർത്തുന്നതല്ലേ നല്ലത്. അവർക്കു വേണ്ടി എന്തെഴുതിയാലും പറഞ്ഞാലും ഓ... ഇത്രയ്ക്കിത്രയ്ക്ക്...എന്നുണ്ടല്ലോ. കല്യാണത്തിന്റെ കാര്യത്തിലും അതു തന്നെഅവസ്ഥ. വരനേക്കാൾ കൂടുതൽ പല കാര്യങ്ങളും വധുവാണുശ്രദ്ധിക്കേണ്ടത്.

പ്രീ വെഡ്ഡിങ് ഗ്രൂമിങ്

Representative Image

വേനൽക്കാലത്തെ പ്രധാന വില്ലന്മാരാണു ചൂടും വിയർപ്പും. അവരെ കല്യാണ ഏരിയയിലെങ്ങും അടുപ്പിക്കരുത്. അതിനു വേണ്ടിയുള്ള തയാറെടുപ്പുകൾ പ്രീ വെഡ്ഡിങ് ഗ്രൂമിങ് സമയത്തു തന്നെ തുടങ്ങണം. പേരൊന്നും കേട്ടു ഞെട്ടല്ലേ- ഇപ്പോൾ എല്ലാത്തിനും ഇങ്ങനെ സ്റ്റൈലൻ പേരുകളല്ലേ ഇടുന്നത്. പണ്ട്, മഞ്ഞളും എണ്ണയും താളിയും തേച്ചുള്ള കുളിയും താലി പൂജയുമൊക്കെയായിരുന്നു ഈ സമയത്തു പതിവ്. ഇപ്പോൾ കാര്യങ്ങൾ അതിൽ വല്ലതും ഒതുങ്ങുമോ? വിവാഹത്തിന് ഒരു മാസം മുൻപെങ്കിലും വധു ‘ഫ്രീ ആകണം. പിന്നെ, സൗന്ദര്യസംരക്ഷണം, നല്ല ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്കു കൂടുതൽ സമയം കണ്ടെത്താനാകണം. മുഖക്കുരു, കറുത്ത പാടുകൾ, വാർട്സ് (പാലുണ്ണി), അരിമ്പാറ, മറുക്, സ്കിൻ ടാഗുകൾ തുടങ്ങിയവ ഒഴിവാക്കാൻ എന്തെങ്കിലും മെഡിക്കൽ പ്രൊസീജ്യറുകൾ ചെയ്യുന്നുണ്ടെങ്കിൽ അതെല്ലാം കല്യാണത്തിന് ഒരു മാസം മുൻപു തന്നെ വേണം. ട്രീറ്റ്മെന്റുകൾക്കു ശേഷം സ്കിൻ വളരെ സെൻസിറ്റീവ് ആകുന്നതിനാൽ വെയിൽ അധികം കൊള്ളുകയോ വീര്യമുള്ള സോപ്പ് ഉപയോഗിക്കുകയോ ചെയ്യരുത്. മുടിയിലും അധികം പരീക്ഷണങ്ങൾ വേണ്ട. മുടി വെട്ടുകയോ മറ്റോ ചെയ്യുന്നുണ്ടെങ്കിലും നേരത്തെ വേണം. പുതിയ സ്റ്റൈലുമായി വധുവൊന്നു പൊരുത്തപ്പെടണമല്ലോ. ചർമം, മുടി, മുഖം - മൂന്നും നല്ലസുന്ദരമായി സംരക്ഷിച്ചു പരിപാലിക്കുക- അതുതന്നെയാണു പ്രീവെഡ്ഡിങ് ഗ്രൂമിങ്ങിലെ പ്രധാനകാര്യം. ആദ്യഘട്ടം വിവാഹത്തിനു മൂന്നുമാസം മുൻപേ തുടങ്ങിയാൽ വളരെ നല്ലത്. നേരത്തെ തന്നെ ഹെയർസ്പായും മുഖത്തിനുയോജിക്കുന്ന ഫേഷ്യലും കണ്ണിനു ചുറ്റിലും കഴുത്തിലുമുള്ള കറുത്ത പാടുകളും കൈമുട്ടിലെ പരുപരുപ്പും കളയാനുള്ള ട്രീറ്റ്മെന്റുകൾ ചെയ്ത് തുടങ്ങണം.

Representative Image

ഹെർബൽ ഉൽപന്നങ്ങളും അല്ലാത്തവയും നമ്മുടെ ഇഷ്ടത്തിനനുസരിച്ചു തിരഞ്ഞെടുക്കാം. മുടിയിലും ശരീരത്തിലും ഓയിൽ മസാജിങ്ങും ഹെയർ, ബോഡി പായ്ക്കുകളും ആഴ്ചയിൽ ഒരു ദിവസം വീതം ചെയ്യാം. ബ്യൂട്ടി പാർലറിൽ പോകണമെന്നില്ല. കൃത്യമായ വ്യായാമം, യോഗ, ശരീരത്തിനു യോജിച്ച ഭക്ഷണം തുടങ്ങിയവയിൽ ശ്രദ്ധിക്കണം. വിവാഹത്തിനു 30 ദിവസം മുൻപു മുതലാണു പക്കാ തയാറെടുപ്പുകൾ തുടങ്ങുന്നത്. മെട്രോ നഗരങ്ങളിലെ ഒരു രീതി ആദ്യം പറയാം. വെഡ്ഡിങ് പ്ലാനർമാരിൽ പലരും ബ്യൂട്ടി പാക്കേജ് അവരുടേതായ നിലയിൽ ചെയ്യുന്നുണ്ട്. പന്തലിലേക്കു വധു ഒരുങ്ങിയിറങ്ങുന്നതു വരെയുള്ള കാര്യങ്ങൾക്കായി അവരുടെ ബ്യൂട്ടീഷ്യനും സംഘവും റെഡി. പ്രമുഖ ബ്യൂട്ടി പാർലറുകളും വിവിധ റേഞ്ചുകളിൽ ഇതു ചെയ്തുകൊടുക്കുന്നുണ്ട്.

പെൺകുട്ടിയുടെ ചർമ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ട്രീറ്റ്മെന്റുകൾ വിദഗ്ധരുടെ നിർദേശമനുസരിച്ചു നേരത്തെ ചെയ്യണമെന്നു പറഞ്ഞല്ലോ. അതിനു ശേഷം ചർമത്തെ മൃദുലവും ഉണർവുള്ളതുമാക്കി നിർത്താനുള്ള പരിപാടികളാണ് (നിറം കൂട്ടാനുള്ള വൈറ്റ്നിങ് ഫേഷ്യൽ ഒരു തവണ ചെയ്യുന്നതു കൊണ്ടു പ്രയോജനം കിട്ടില്ല. അതു ഗ്രൂമിങ്ങിന്റെ ആദ്യഘട്ടം മുതലേ തുടങ്ങണം). മുഖചർമത്തിനു യോജിച്ച വിവിധ പായ്ക്കുകൾ ഇടുക പ്രധാനം. ഓയിലി, നോർമൽ, ഡ്രൈ ചർമങ്ങൾക്കു വെമ്പേഞ്ഞറെ പായ്ക്കുകളാണുള്ളത്. ബ്യൂട്ടീഷ്യൻ പറഞ്ഞു തരുന്ന പായ്ക്കുകൾ കൃത്യമായ ഇടവേളകളിൽ ഇടേണ്ടതാണ്. വെയിൽ അധികം കൊള്ളുകയോ, ഏറെ ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുകയോ ചെയ്യരുത്. ആഴ്ചയിലൊരിക്കൽ ഫുൾ ബോഡിപായ്ക്കും ഇടണം. നഖങ്ങൾ വൃത്തിയാക്കി നറിഷിങ് ക്രീം ഉപയോഗിച്ചു മസാജ് ചെയ്യണം. വേനൽക്കാലത്തു ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിൽ വിയർപ്പ് അടിഞ്ഞുകൂടാതെയും ഫ്രഷ്നസ് പോകാതെയും സംരക്ഷിക്കുകയാണു പ്രധാനം. കഴിവതും കോട്ടൺ വസ്ത്രങ്ങൾ തന്നെ ഗ്രൂമിങ് സമയത്തു ധരിക്കണമെന്നും ഉപദേശിക്കുന്നു ബ്യൂട്ടീഷ്യന്മാർ. ഡെയ്ലി ബോഡി ക്ലെൻസിങ്ങിനു പുറമെ, സ്വെറ്റ് റെസിസ്റ്റന്റ് ബോഡി നറിഷിങ് ക്രീമുകളും ഉപയോഗിക്കാം. വിവാഹത്തലേന്നു മുഖവും ശരീരവും നന്നായി ഒന്നുക്ലീൻഅപ് കൂടി ചെയ്തെടുത്താൽ മേക്ക് അപ്പിനു റെഡി.

ഒലിക്കാത്ത മേക്ക് അപ്

Representative Image

വിയർപ്പിൽ ഒലിച്ചിറങ്ങാത്ത മേക്ക് അപ് തന്നെ വേണമെന്നു പ്രത്യേകം പറയേണ്ടല്ലോ. സ്വെറ്റ് പ്രൂഫ്, വാട്ടർ പ്രൂഫ് ലോങ് ലാസ്റ്റിങ് മേക്ക് അപ്പാണു ട്രെൻഡ്. ചർമത്തിനോട് ഇഴുകിച്ചേർന്ന നിലയിൽ അധികം ഹെവിയല്ലാത്ത രീതിയിലുള്ള മേക്ക് അപ് വേനൽക്കാലത്ത് ഏറെ അനുയോജ്യം. മിനറൽ മേക്ക് അപ് ഉപയോഗിക്കുന്നവർ നന്നായി അറിയാവുന്നവരെ കൊണ്ടു ചെയ്യിച്ചില്ലെങ്കിൽ കട്ട പിടിച്ചതുപോലെയിരിക്കാൻ സാധ്യതയുണ്ട്, ജാഗ്രതൈ. സ്വെറ്റ് പ്രൂഫ് ക്രീമോ സ്പ്രേയോ ജെല്ലോ പ്രത്യേക ബേസ് ആയി ഉപയോഗിച്ചതിനു ശേഷമാണു മേക്ക് അപ് തുടങ്ങുക. ഫൗണ്ടേഷൻ മുതലുള്ള എല്ലാ മേക്ക് അപ് ഉൽപന്നങ്ങളും ചർമത്തിന് അനുയോ ജ്യവും ചേരുന്ന നിറത്തിലും ഷേഡിലുമുള്ളതും ആകണം.

ഹെയർ സ്റ്റൈൽ

Representative Image

മുടി നെറുകെ വകന്നു ചീകി, പിന്നിയിട്ട്, ഓരോ പിന്നലിലും മുടിച്ചുട്ടി വയ്ക്കുന്നത്, മുഖത്തിനു ചേരുന്ന തരത്തിൽ മുടി മുറിച്ചിട്ടു സ്റ്റൈൽ ചെയ്തു വയ്ക്കുന്നത്, ഉയർത്തിക്കെട്ടി തൊങ്ങലുകൾ പോലെ മുടിയിഴകൾ പാറിച്ചിടുന്നത് തുടങ്ങി പലതരത്തിൽ മുടിയെ ഒരുക്കാം. ഡ്രസിനും ശരീരഭാഷയ്ക്കും മുഖത്തിനും ചേരണമെന്നു മാത്രം. വിവാഹത്തിന് ഇങ്ങനെ മാത്രമേ തലമുടി കെട്ടാവൂ എന്ന ട്രെൻഡ് മാറിവരികയാണെന്നു ബ്യൂട്ടീഷ്യന്മാർ. ഓരോരുത്തർക്കും യോജിച്ച ഏറ്റവും സ്റ്റൈലായ മുടിക്കെട്ടിന് വെഡ്ഡിങ് ലുക്ക് കൊടുക്കുകയാണ് ഇപ്പോഴത്തെ രീതി.

ഡ്രസിന്റെ കാര്യത്തിൽ

Representative Image

വിവാഹത്തിനു ഡ്രസിന്റെ കാര്യത്തിൽ കോംപ്രമൈസ് ഇല്ലെന്നാകും. വേണ്ട. പക്ഷേ, കുറച്ചു വ്യത്യസ്തതയൊക്കെ ആകാമല്ലോ. എന്നാലല്ലേ പത്താളുടെ ഓർമയിൽ തങ്ങിനിൽക്കൂ. ക്രിസ്ത്യൻ വധുവിനു സാരിയോ ഗൗണോ ആകട്ടെ പലതരത്തിലുള്ള വെറൈറ്റികൾ ഇപ്പോൾ ലഭ്യം. ലൈറ്റ് ഗോൾഡൻ സിൽക്ക് സാരി മെറ്റീരിയലിൽ സ്വർണമുത്തുകളും വജ്രങ്ങളും പാകിയത്, ഓഫ് വൈറ്റിൽ ഇളം പിങ്ക് നിറമുള്ള കല്ലുകൾ പിടിപ്പിച്ച കരയുള്ളത്, തൂവെള്ളയിൽ കട്ട്‌വർക്കും ഡയമണ്ട് ഫിറ്റിങ്ങും ഉള്ളത് തുടങ്ങി തനി കോട്ടണിൽ സ്വർണനൂൽ പാകിയതു വരെയുണ്ട്. ഗൗണുമുണ്ട് പലതരത്തിൽ. പട്ടുസാരികൾക്കു പ്രത്യേക ബ്രൈഡൽ കളക്ഷൻ തന്നെയുള്ളതു പ്രത്യേകം പറയേണ്ടല്ലോ. ലാച്ചയ്ക്കും ചോളിക്കും വെറൈറ്റി സാരിക്കും ഇപ്പോൾ ഡിമാൻഡ് കൂടുതലാണ്. പേൾ, ഡയമണ്ട്, പ്ലാറ്റിനം, ആന്റീക് ആഭരണ സെറ്റുകളും പലരും തിരഞ്ഞെടുക്കുന്നു. ഹിന്ദു ബ്രൈഡ്, ക്രിസ്ത്യൻ ബ്രൈഡ്, മുസ്ലിം ബ്രൈഡ് എന്നു തരംതിരിച്ചുള്ള മേക്ക് അപ്പും വസ്ത്രങ്ങളും ഇപ്പോൾ ഇല്ലേയില്ല. എല്ലാവർക്കും വേണ്ടത് ഒരു വെറൈറ്റി ടച്ച്.

ചരിച്ചു കുത്തിയ ചുട്ടിയും ഓർണമെന്റൽ ക്ലിപ്പും ഇപ്പോൾ ഏതു ബ്രൈഡും ഉപയോഗിക്കുന്നു. വെഡ്ഡിങ് ചുരിദാറുകളും ട്രെൻഡാവുകയാണ്. ഡ്രസിന് അനുയോജ്യമായ ചെരുപ്പിന്റെ കാര്യവും മറക്കില്ലല്ലോ. പിന്നെ, വേനൽക്കാലമാണ്, ഒരുപാട് ഭാരമുള്ള ഡ്രസ് ഒക്കെ ഇട്ടാൽ ചൂടിൽ ആകെ കുളമാകും എന്നും മറക്കരുത്.