കാതു കുത്ത് മുറിവാകുമ്പോൾ

കാതിലെ ദ്വാരം വലുതാകുകയും കാതു കീറുകയും ചെയ്യുന്നത് സാധാരണയാണ്. ഭാരമുള്ള കമ്മലുകൾ സ്ഥിരമായി അണിയുന്നത് കാതു കീറാനും ദ്വാരം വലുതാകാനും കാരണമാകും. ഭാരം കുറഞ്ഞ കമ്മലിടാൻ പ്രത്യേകം ശ്രദ്ധിക്കുക. ഭാരമുള്ള കമ്മൽ വിശേഷാവസരങ്ങളിൽ മാത്രം ഉപയോഗിക്കുക. കീറിയ കാതുകൾ പശ വച്ച് ഒട്ടിക്കുന്ന രീതി നല്ലതല്ല . വലുതായ ദ്വാരവും കാതിന്റെ കീറിയ ഭാഗവും ചേർത്ത് തയ്ക്കുക. ഇത് ഉണങ്ങി രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷം മറ്റൊരുസ്ഥാനത്ത് കാതു കുത്തുന്നതാണ് യഥാർഥ രീതി. ഇത് ശരിയായി ചെയ്തില്ലെങ്കിൽ വീണ്ടും കാതു കീറാൻ ഇടയാകും.

അണുവിമുക്തമായ ഉപകരണങ്ങൾ ഉപയോഗിച്ച് കാതുകുത്തിയില്ലെങ്കിൽ എച്ച്ഐവി പോലുള്ള രോഗബാധകൾ ഉണ്ടാകാം. സെക്കൻഡ് സ്റ്റഡും മറ്റും തരുണാസ്ഥികളിൽ കുത്തിയ ശേഷം ആന്റിബയോട്ടിക് ക്രീം പുരട്ടുന്നത് നല്ലതാണ്. ചുരുക്കം സന്ദർഭങ്ങളിൽ ആന്റിബയോട്ടിക് മരുന്നുകളും വേദനസംഹാരികളും വേണ്ടി വന്നേക്കാം. കാതു കുത്തിയശേഷം ചിലരിൽ നീരുണ്ടാകാറുണ്ട്. ഉപ്പിട്ട ചെറുചൂടുവെള്ളം തുണി മുക്കി ഒപ്പുന്നത് വേദനയും നീരും മാറാൻ നല്ലതാണ്. കീലോയ്ഡ് ഉള്ളവർക്ക് (മുറിവുകൾ ഉണങ്ങിയാൽ തടിച്ചുരുണ്ട് വരുന്നത്) കാത് കുത്തുമ്പോഴും കീലോയ്ഡ് വരാം. ഇവർ വിദഗ്ധ ഡോക്ടറെ കൊണ്ട് മാത്രമേ കാതുകുത്താവൂ.