ചൂടിൽ നിന്നും ചർമ്മത്തെ രക്ഷിക്കാം, 8 കിടിലൻ ഐഡിയ!

Representative Image

വേനൽക്കാലമെത്തി. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും സൂര്യതാപവും മൂലം മുഖം കരിവാളിക്കുന്നതും ചർമ്മകാന്തി നഷ്ടപ്പെടുന്നതും പലരേയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ഈ ചൂടുകാലത്തും ചർമ്മം പട്ടുപോലെ മൃദുലവും സുന്ദരവുമായി സൂക്ഷിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഫെയിസ് പാക്കുകളിതാ...

∙ ചർമ്മകോശങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടുന്നത് ഒരു പ്രധാന പ്രശ്നമാണ്. വേനൽകാലത്ത് ചര്‍മ്മം വരളാൻ സാധ്യത ഏറെയാണ്. അതിനാൽ സ്ക്രബ്ബുകൾ ഉപയോഗിക്കുന്നതിന് പകരം വീട്ടിൽ പാലുകൊണ്ട് ചർമ്മം ക്ലെന്‍സ് ചെയ്യാം. ഒരു പഞ്ഞിക്കഷ്ണം എടുത്ത് അത് പാലിൽ മുക്കി മുഖം നന്നായി തുടക്കുക. ചർമ്മകോശങ്ങളിൽ ഇറങ്ങിച്ചെന്ന് അഴുക്കുകൾ നീക്കം ചെയ്ത് തിളങ്ങുന്ന മുഖകാന്തി ലഭിക്കാൻ ഇത് സഹായിക്കും.

∙ ചൂടുകാലത്ത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ധാരാളം ജലം കുടിക്കണമെന്നു പറയാറില്ലേ. അതേ പോലെ ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ജലാംശം നിലനിർത്താൻ വെള്ളരിക്ക ഫെയിസ്പാക്കായി ഉപയോഗിക്കാം. ഒരു ചെറിയ വെള്ളരിക്കയെടുത്ത് തൊലികളഞ്ഞ ശേഷം അത് നന്നായി ഉടയ്ക്കുക.. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി യോജിപ്പാക്കാം. അൽപ്പ നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ശേഷം പാക്ക് മുഖത്തിട്ടോളൂ. പത്തു മിനുട്ടിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകണം.

∙എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വേനൽക്കാലത്ത് ചർമ്മം മനോഹരമാക്കി വയ്ക്കുക എന്നത് പ്രയാസകരമാണ്. എണ്ണമയമുള്ള ചർമ്മത്തിന് തക്കാളി നല്ല ഒരു ഫെയിസ് പാക്കാണ്. ഒരു വലിയ തക്കാളി എടുത്ത് അത് നന്നായി ഉടയ്ക്കുക. ഇതിലേക്ക് ഒരു തുള്ളി തേനും ചേർക്കണം. ഈ മിശ്രിതം മുഖത്ത് ഇട്ട് ഏതാനും മിനുട്ടുകൾക്കു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം. ദിനവും ഈ ഫെയിസ് പാക്ക് ഉപയോഗിക്കുന്നത് ചൂടുകാലത്ത് ചർമ്മം സംരക്ഷിക്കുന്നതിന് ഉചിതമാണ്.

∙ വരണ്ട ചർമ്മപ്രകൃതമുള്ളവര്‍ക്ക് വേനൽകാലത്ത് ചർമ്മം മനോഹരമായി സൂക്ഷിക്കാൻ ഏത്തപ്പഴം ഫെയിസ്പാക്കായി ഉപയോഗിക്കാം. അരമുറി ഏത്തപ്പഴമെടുത്ത് അതിൽ ഒരു ടേബിൾസ്പൂൺ തേൻ ചേർക്കുക. അല്പം പുളിപ്പുള്ള വെണ്ണ 2 ടേബിൾസ്പൂൺ ചേർക്കുന്നതും ഉചിതമാണ്. ഇവ നന്നായി യോജിപ്പിച്ച ശേഷം മുഖത്തിട്ട് പത്തു മിനുട്ട് കാത്തിരിയ്ക്കാം. ചെറുചൂടുവെള്ളമുപയോഗിച്ച് കഴുകുകയോ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു നീക്കുകയോ ചെയ്യാവുന്നതാണ്.

∙ സൂര്യതാപം ഏറ്റു മുഖത്തുണ്ടാകുന്ന പാടുകളും കരിവാളിപ്പും അകലാൻ പാലും തേനും ചേർത്തുള്ള ബ്ലീച്ചിങ് വളരെ നല്ലതാണ്. 4 ടേബിൾ സ്പൂൺ പാലിൽ ഒരു ടേബിൾ സ്പൂൺ തേനും രണ്ടു ടേബിൾസ്പൂണ്‍ നാരങ്ങനീരും ചേർക്കുക. പാടുകളുള്ള ഭാഗത്ത് ഈ മിശ്രിതം തേച്ചു പിടിപ്പിച്ച് 15 മിനുട്ട് കാത്തിരിക്കാം. ഇനി തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്.

∙ വേനലിൽ മുഖത്ത് അഴുക്കും വിയർപ്പും അടിഞ്ഞുകൂടി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കടലമാണ് തന്നെയാണ് ഇതിന് ഉത്തമ പ്രതിവിധി. അൽപ്പം കടലമാവെടുത്ത് അതിൽ ചെറുതായി ചൂടാക്കിയ തേൻ ചേർക്കുക. ഇത് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. 20 മിനുട്ടിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം. ഇത് ദിനവും ചെയ്യുന്നത് മുഖക്കുരുവിൽ നിന്നും രക്ഷനേടാൻ സഹായിക്കും.

∙ ചൂടിൽ ചർമ്മം മൃദുവായി സൂക്ഷിക്കാൻ പാൽപ്പൊടി ഉപയോഗിച്ച് ഫെയിസ്പാക്ക് തയ്യാറാക്കാം. രണ്ട് ടേബിൾസ്പൂൺ പാൽപ്പാടി എടുത്ത് അതിൽ രണ്ട് ടേബിൾസ്പൂൺ തേൻ കലർത്തുക. ഇത് മുഖത്തു പുരട്ടി 15 മിനുട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. വരണ്ട ചർമ്മമുള്ളവർക്ക് ത്വക്കിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും.

∙ ഒരു ടേബിൾ സ്പൂൺ നാരങ്ങനീരിൽ അതേ അളവിൽ തേൻ ചേർക്കുക. ഇനി ഒരു മുട്ടയുടെ വെള്ളകൂടി ചേർത്ത് കുഴമ്പ് പരുവത്തിൽ ഫേസ് പാക്ക് തയ്യാറാക്കാം. ഇത് മുഖത്തിട്ട് 20 മിനുട്ട് നേരം കാത്തിരിക്കണം. ഇനി തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കോളൂ. അയഞ്ഞ കോശങ്ങളെ ദൃഢമാക്കി ചർമ്മം ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേനലിനെ ചെറുത്ത് ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കുന്നതിനും ഇത് ഉത്തമമാണ്.