വീട്ടിൽ ചെയ്യാം ക്ലീൻ അപ് ‌

മാസത്തിലൊരിക്കൽ ക്ലീൻ അപ് ചെയ്തു കൂടെ. മുഖം എത്ര സുന്ദരമാകും. ബ്യൂട്ടി പാർലറിൽ ത്രെ‍ഡ് ചെയ്യാൻ പോകുമ്പോൾ സ്ഥിരം കേൾക്കുന്ന കാര്യം. പക്ഷേ ക്ലീൻ അപ് ചെയ്യാൻ സമയം കണ്ടെത്തി ഇറങ്ങണം. പണച്ചെലവു വേറെ. എന്നാൽ പിന്നെ ക്ലീൻഅപ് വീട്ടിൽത്തന്നെ ചെയ്താലെന്താ.

ക്ലെൻസിങ്

മുഖം വൃത്തിയായി കഴുകുകയാണ് ആദ്യപടി. ക്ലെൻസർ കൊണ്ടോ ഫെയ്സ് വാഷ് കൊണ്ടോ തണുത്തവെള്ളത്തിൽ കഴുകി ഉണങ്ങിയ ടവൽ കൊണ്ട് ഒപ്പുക. സോപ്പ് ഉപയോഗിക്കരുത്. ഇനി ക്ലെൻസിങ് മിൽക്ക് പഞ്ഞിയിൽ എടുത്ത് മുഖമാകെ തുടയ്ക്കുക. മുഖത്തെ സുഷിരങ്ങൾ തുറന്ന് അഴുക്കു പൂർണമായും നീക്കുന്നതിനാണിത്.

ആവി കൊള്ളുക

ക്ലെൻസിങ് മിൽക്ക് പുരട്ടിയ ശേഷം അഞ്ചു മിനിറ്റ് സമയം മുഖത്ത് ആവി കൊള്ളിച്ചു നനുത്ത തുണികൊണ്ടോ ടിഷ്യു കൊണ്ടോ ഒപ്പുക. എണ്ണമയം പൂർണമായും നീങ്ങും. ഇനി ഐസ് ക്യൂബ് മുഖത്ത് ഉരസുക. തുറന്ന സുഷിരങ്ങൾ അടയാനാണിത്.

സ്ക്രബ്

ഏതെങ്കിലും സ്ക്രബ് പുരട്ടി വട്ടത്തിൽ മസാജ് ചെയ്യുക. മുഖത്തെ മൃതകോശങ്ങൾ പൂർണമായും നീങ്ങാനാണ് സ്ക്രബ്. പൊടിച്ച പഞ്ചസാരയും തേനും തുല്യ അളവിലെടുത്ത് മിക്സ് ചെയ്തതു മുഖത്തു പുരട്ടിയാൽ നാച്വറൽ സ്ക്രബ് ആയി. അഞ്ചു മിനിറ്റ് സ്ക്രബ് ചെയ്തശേഷം മുഖത്ത് സ്ക്രബ് പിടിക്കാൻ അനുവദിക്കുക. മൂന്നു മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

ഫെയ്സ് പായ്ക്ക്

ചന്ദനം പൊടിച്ചതിൽ റോസ് വാട്ടർ കുഴച്ചു പേസ്റ്റ് രൂപത്തിലാക്കിയത് ഏതുതരം സ്കിന്നിനും ഒന്നാന്തരം ഫെയ്സ് പായ്ക്കാണ്. എണ്ണമയമുള്ള ചർമമാണെങ്കിൽ മുൾട്ടാണിമിട്ടിയും റോസ് വാട്ടറും തേയ്ക്കുക. പപ്പായ, പഴം, തക്കാളി തുടങ്ങിയവയും ഫെയ്സ് പായ്ക്കായി ഉപയോഗിക്കാം.

ടോണിങ്

ഇനി ടോണറായി വെള്ളരി നീരിൽ റോസ് വാട്ടർ ചേർത്ത് അര മണിക്കൂർ പുരട്ടി വയ്ക്കുക.

മോയിസ്ചറൈസിങ്

അവസാനമായി മോയിസ്ചറൈസിങ് ലോഷൻ പുരട്ടുക. ഡ്രൈ സ്കിൻ ആണെങ്കിൽ വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിക്കാം. മുഖക്കുരുവുള്ള ചർമത്തിന് ബെൻസോയിൽ പെറോക്സൈഡ് ചേർന്ന മോയിസ്ചറൈസർ ഉപയോഗിക്കാം.

രാത്രിയാണ് ക്ലീൻ അപ് ചെയ്യാൻ പറ്റിയ സമയം. കിടക്കും മുൻപ് ക്ലീൻ അപ് ചെയ്ത് മോയിസ്ചറൈസർ പുരട്ടുക. രാവിലെ എണീക്കുമ്പോൾ ഫ്രഷായി തിളങ്ങുന്ന ചർമം കാണാം.