മഴയത്തൊലിക്കാത്ത ഫാഷൻ

ചിത്രം: റിജോ ജോസഫ്, മോഡൽ: വൈഷ്ണവി വേണുഗോപാൽ കോസ്റ്റ്യൂസ്: ട്രെൻഡ്സ് ഡ്രസ്‌ലാൻഡ് കോട്ടയം

Every day is a fashion show എന്നാണ് പ്രശസ്ത ഫാഷൻ ഡിസൈനർ കോകൊ ഷാനൽ പറഞ്ഞത്. മഴക്കാലമായാലും അതിനു മാറ്റമില്ല. അധികം ഷോ കാണിക്കേണ്ടെങ്കിലും മഴക്കാലത്തിനുമുണ്ട് ചില ഫാഷൻ നിയമങ്ങൾ.

ഡ്രസ്

കാലാവസ്ഥ മങ്ങുമ്പോൾ വസ്ത്രങ്ങൾ കളർഫുള്ളായിരിക്കണം. നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങൾ വസ്ത്രങ്ങളെ കൂടുതൽ വൈബ്രന്റാക്കും. അതിനാൽ ഇവയുടെ ഷേഡുകൾ പരീക്ഷിക്കാം. പെട്ടെന്ന് മുഷിയുമെന്നതിനാൽ വെള്ള പോലുള്ള ലൈറ്റ് ഷേഡുകൾ മറന്നേക്കുക. പെട്ടെന്ന് ഉണങ്ങുന്നതും ശരീര താപനില നിലനിർത്തുന്നതുമായ സോഫ്റ്റ് കോട്ടൺ, ലിനൻ തുടങ്ങിയവ ധരിക്കാം. ഡെനിമും പലാസോയും ടൈറ്റ് ഫിറ്റ് ജീൻസുമൊക്കെ വാഡ്രോബിൽ തന്നെയിരിക്കട്ടെ. മഴക്കാലത്ത് ക്യാരി ചെയ്യാൻ എളുപ്പമുള്ള വസ്ത്രമാണ് സ്കേർട്ട്. സ്കേർട്ട് ധരിക്കാൻ മടിയുള്ളവർക്ക് ഡിവൈഡഡ് സ്കേർട്ട് പോലെ മുട്ടിനു താഴെനിൽക്കുന്ന ഷോർട്സ് പരീക്ഷിക്കാം. വേനൽക്കാലത്തു മാറ്റിവച്ച ജാക്കറ്റും ഇനി പുറത്തെടുക്കാം. വെസ്റ്റേൺ വെയറിനു ഫിനിഷ് നൽകാൻ ഇതു സഹായിക്കും.
ട്രെഡീഷനലാകണമെന്നുള്ളവർക്കു സൽവാറുകളും പട്യാല ബോട്ടവുമൊക്കെ ഒഴിവാക്കി ഷോർട്ട് കുർത്തികളും ട്യൂണിക്കുകളും ലെഗ്ഗിൻസും കാപ്രിയുമൊക്കെ പരീക്ഷിക്കാം. ഒരുപാടു ലെയറുകളും ഡീറ്റെയിലിങ്ങുമുള്ള ഡിസൈനുകളും ഓർഗാനിക് പ്രിന്റുകളും ഒഴിവാക്കുന്നതാണു നല്ലത്. മഴക്കാലത്ത് ദുപ്പട്ടകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ കളർഫുൾ സ്കാർഫുകളും സ്റ്റോളുകളും വാങ്ങിക്കാം.

ആക്സസറീസ്

ലെതർ ചെരുപ്പുകളും ബാഗുകളും ഒഴിവാക്കുക. നിയോൺ നിറങ്ങളിലുള്ള വാട്ടർ പ്രൂഫ് ബാഗുകൾ സ്റ്റൈലിഷ് ലുക്ക് നൽകും. തെന്നാൻ സാധ്യതയില്ലാത്തതും ബാക്ക്സ്ട്രാപ്പുള്ളതുമായ ചെരുപ്പുകളായിരിക്കും നല്ലത്. ഹീൽസ് വേണമെന്നു നിർബന്ധമുള്ളവർക്ക് വെഡ്ജസ് ഉപയോഗിക്കാം. കടും നിറങ്ങളും ഡിസൈനുകളുമുള്ള ഫ്ലിപ് ഫ്ലോപ്സ് സ്റ്റൈലിഷ് ലുക്ക് നൽകും. വാട്ടർ പ്രൂഫ് വാച്ച്, ഓവർസൈസ്ഡ് കുട, നിയോൺ കളർ റെയിൻകോട്ട് എന്നിവയും മഴക്കാലത്ത് മസ്റ്റ്.

മേക്കപ്പ്

മഴക്കാലത്ത് അധികം മേക്കപ്പ് വേണ്ട. ക്രീമി ഫൗണ്ടേഷനും കോംപാക്ടുമൊക്കെ ഒഴിവാക്കി ഡ്രൈ പൗഡർ കോംപാക്ട് ഉപയോഗിക്കാം. ഫെയ്സ് പൗഡർ ഉപയോഗിക്കുന്നവർ എണ്ണമയമുള്ള ഭാഗങ്ങളിൽ (ടി സോൺ) മാത്രം ലൈറ്റായി ഇട്ടാൽ മതി. മസ്കാരയും ഐലൈനറും വാട്ടർ പ്രൂഫ് ആയിരിക്കണം. കാജൽ വേണ്ടേ വേണ്ട. വെള്ളം വീണു പടരാൻ സാധ്യതയുള്ളതിനാൽ ഐബ്രോ പെൻസിലും ഒഴിവാക്കാം. മറ്റു മേക്കപ്പുകളൊക്കെ ലൈറ്റായതിനാൽ ലിപ്സ്റ്റിക്കിൽ ബ്രൈറ്റ് ഷേഡുകൾ പരീക്ഷിക്കാം. ലിപ് ഗ്ലോസുകൾ ഒഴിവാക്കി പൗ‍‍ഡർ ഫിനിഷുള്ള ലിപ്സ്റ്റിക് ഉപയോഗിച്ചാൽ ദീർഘനേരം പുതുമ നിലനിർത്താം.

ഹെയർസ്റ്റൈൽ

ഹെയർസ്റ്റൈലിൽ അധികം പരീക്ഷണങ്ങൾ നടത്താതിരിക്കുന്നതാണു നല്ലത്. അഴിച്ചിടാതെ പോണിടെയിലോ ഹൈ ബണ്ണോ പരീക്ഷിക്കാം. മുടിയിൽ അധികം എണ്ണ ഉപയോഗിക്കരുത്, താരൻ കൂടും. ഹെയർ സ്പ്രേയും ഹെയർ ജെല്ലും മഴക്കാലം കഴിയുന്നതുവരെ ഒഴിവാക്കാം.