അട്ടകടിച്ചാൽ സൗന്ദര്യം, ചെളിക്കുളി ഉന്മേഷം

എന്നും വ്യത്യസ്‌തതയ്‌ക്കാണല്ലോ ഡിമാൻഡ്. മീൻ, ഒച്ച്, രാപ്പാടി, പിന്നെ അട്ട എല്ലാത്തിനെയും സൗന്ദര്യസംരക്ഷണത്തിനുപയോഗിക്കുന്നവരെക്കുറിച്ചറിയുമ്പോൾ നിങ്ങളും വ്യത്യസ്‌തതയ്‌ക്കു ജയ് വിളിക്കും, ഉറപ്പ്.

മീൻ പെഡിക്യൂർ

പെഡിക്യൂർ എന്താണെന്നറിയാമല്ലോ. കാലുകളിലെ പരുപരുത്ത മൃതകോശങ്ങൾ മാറ്റി, മിനുമിനുത്തു ചുവന്നു തുടുക്കുന്ന പരുവമാക്കുക. സ്‌റ്റോണും ബ്രഷും സ്‌ക്രബുമൊക്കെ ഉപയോഗിച്ചാണിതു പാർലറുകളിൽ ചെയ്യുന്നതെന്നുമറിയാമല്ലോ. എന്നാൽ , ഇപ്പോ മീൻ പെഡിക്യൂറിനാണ് ഡിമാൻഡ്. പ്രത്യേകതരം ചെറുമീനുകളെ നിറച്ച ടബ്ബിലേക്കു കാൽ ഇറക്കി വയ്‌ക്കുകയേ വേണ്ടൂ, മൃതകോശങ്ങളെല്ലാം മീനുകൾ കൊത്തിപ്പെറുക്കി വയറ്റിലാക്കിക്കോളും. പ്രകൃതിദത്തമെന്നു പറഞ്ഞാൽ ഇങ്ങനെയുമുണ്ടോ ?

അട്ടയും ഡെമി മൂറും

വയസ്സ് 50 കഴിഞ്ഞു ഹോളിവുഡ് നടി ഡെമിമൂറിന്. ഇപ്പോഴും സൗന്ദര്യത്തിനു പത്തര മാറ്റ്. രഹസ്യമെന്താണെന്നോ, കുളയട്ട. ഓർമയില്ലേ, പണ്ടുകാലങ്ങളിൽ ദുഷിച്ച രക്‌തം കുടിച്ചു കളയാൻ നമ്മുടെ നാട്ടുവൈദ്യന്മാർ അട്ടയെ കൊണ്ടു കടിപ്പിച്ചിരുന്നത് ? അന്നിവിടെ വന്ന സായിപ്പന്മാർ ‘ഹോ പ്രാകൃതം’ എന്നു മുഖം തിരിച്ചില്ലേ ? ഇപ്പോഴിതാ അവർ അട്ടകളുടെ പിന്നാലെ പായുന്നു. തിരക്കിട്ട ഷൂട്ടിങ്ങും ദിവസവുമുള്ള മേയ്‌ക്കപ്പുമൊക്കെയാകുമ്പോൾ ശരീരത്തിന്റെ ഉന്മേഷം കുറയുമെന്നും ഉണർവും ഉല്ലാസവും വീണ്ടെടുക്കാനാണ് ‘അട്ടകടി’ കൊള്ളുന്നതെന്നും ഡെമി മൂർ പറയുന്നു. പണം ഇഷ്‌ടം പോലെ എണ്ണിക്കൊടുക്കണമെങ്കിലും സംഗതി പഴയതു തന്നെ, കുളയട്ടകളെ കൊണ്ടു കടിപ്പിച്ചു കുറെ രക്‌തം കളയുക. ആദ്യമൊക്കെ ദേഹത്ത് അട്ടയിഴയുമ്പോൾ അറപ്പ് തോന്നിയെങ്കിലും ഇപ്പോൾ വളരെ ‘റിഫ്രഷ്‌ഡ്’ ആയ ഫീലിങ് ആണെന്നു നടി. നമ്മുടെ കൊച്ചുകേരളത്തിലും അട്ടയെ കൂട്ടുപിടിക്കുന്നവരുടെ എണ്ണം ഏറുകയാണേ..

ചെളിക്കുളി

മുൾട്ടാനി മിട്ടി മുഖത്തിടുന്നവർക്കറിയാമോ അതു പാക്കിസ്‌ഥാനിലെ മുൾട്ടാൻ എന്നു പറയുന്ന സ്‌ഥലത്തു നിന്നു കൊണ്ടു വരുന്ന മണ്ണാണെന്ന്. കാഴ്‌ചയ്‌ക്കു മണ്ണിന്റെ ലുക്ക് ഇല്ലാത്തതു കൊണ്ടു തന്നെ അഴുക്ക് പറ്റുന്ന ഫീലിങ് ഒന്നും ആർക്കുമുണ്ടാകില്ല. പക്ഷേ, ചെളിക്കുളി സംഗതി വേറെ. ഓരോരുത്തരുടെ ശരീരത്തിനനുസരിച്ച്, ആവശ്യങ്ങൾക്കനുസരിച്ച് (ചിലർക്കു റിജുവനേഷൻ, മറ്റു ചിലർക്കു ത്വക്രോഗ നിവാരണം, വേറെ ചിലർക്കു ശരീരത്തിലെ താപനില ക്രമീകരണം) വിവിധ സ്‌ഥലങ്ങളിൽ നിന്നു പ്രത്യേകം കൊണ്ടുവരുന്ന നല്ല ഒന്നാന്തരം ചെളി. ടബ്ബിൽ അതു നിറച്ചു മുങ്ങിക്കിടക്കാം. ഉള്ളതു പറയാമല്ലോ, വല്ലാത്ത ഒരു ഫീലിങ് തന്നെയാകുമത്. കടലിനടിയിൽ നിന്നും ആമസോൺ തടങ്ങളിൽ നിന്നും മരുപ്പച്ചകളിൽ നിന്നുമൊക്കെ കൊണ്ടുവരുന്ന ചെളിയാണെങ്കിലും സംഗതി ചെളി തന്നെയാണല്ലോ ?

ഒച്ചിനുണ്ട് പത്തരമാറ്റ്

കുളിമുറിയിലും ഈർപ്പമുള്ള മറ്റു സ്‌ഥലങ്ങളിലുമൊക്കെ ഒച്ചിനെ കാണുമ്പോൾ എന്തു പ്രയാസമായിരുന്നു. ഒച്ചിനെ തൊണ്ടയിലിട്ടു വലിച്ചാൽ പാട്ടുകാരാകാമെന്നു പലരും മോഹിപ്പിച്ചിട്ടും നമ്മൾ ചെയ്‌തിട്ടില്ലല്ലോ. ഒച്ചിഴയുന്ന വഴി നോക്കി നിന്നിട്ടുണ്ടോ? അതിന്റെ ശരീരത്തിൽ നിന്നു പശപോലെ ഒലിച്ചുവരുന്ന ഒരു സാധനം കണ്ടിട്ടില്ലേ. അതിനു സൗന്ദര്യം കൂട്ടാൻ ഭയങ്കര കഴിവാണത്രേ. സ്‌ട്രെച്ച് മാർക്കും മുഖക്കുരുവുമെല്ലാം പമ്പ കടത്താൻ ഒച്ചിനെ ദേഹത്തു കൂടി നടത്തിക്കുന്ന ട്രീറ്റ്‌മെന്റിനു പ്രചാരമേറുന്നു.

ന്റെ... രാപ്പാടിക്കിളി...

രാപ്പാടിക്കിളിയുടെ വിസർജ്യമാണു ബെസ്‌റ്റ് ക്ലെൻസർ എന്നു മറ്റു ചിലർ. ജപ്പാൻകാരാണ് ഇതുമായി രംഗപ്രവേശം ചെയ്‌തത്. വമ്പൻ കമ്പനികളുടെ ക്ലെൻസറുകൾ വന്നപ്പോൾ ഇടയ്‌ക്കൽപം ഡിമാൻഡ് കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും ഉഷാറായിട്ടുണ്ട്. വെള്ള കളിമണ്ണുമായി ചേർത്താൻ ഉഗ്രൻ ബ്യൂട്ടി പ്രൊഡക്‌ടാണെന്നാണു പരീക്ഷിച്ച സുന്ദരിമാരുടെ സാക്ഷ്യം.

അഗ്നിപർവതമെവിടെ, കിടക്കയൊരുക്കാൻ

ഫ്യൂജിയാമയില്ലേ... നമ്മുടെ ജപ്പാനിലെ അഗ്നിപർവതം. അതിന്റെ ലാവയ്‌ക്കൊപ്പം പുറത്തു വന്ന ഉരുളൻ കല്ലുകൾകൊണ്ടൊരു കിടക്ക. അതിലേക്കു കാന്തിക ഊർജം പ്രവഹിപ്പിച്ചു ചലിപ്പിക്കും. മുകളിൽ കിടക്കുന്ന നമ്മുടെ പല്ലു വരെ വിറയ്‌ക്കും. എന്നാലെന്താ, രക്‌തം ശുദ്ധിയാകും, സമ്മർദം ഒഴിവാകും, സൗന്ദര്യം കൂടും.. എപ്പടി?