ദിവസവും ഈ 5 കാര്യങ്ങൾ ചെയ്യാമോ? കുടവയർ പമ്പകടക്കും!

സിനിമാ നടിമാരുടെയും പരസ്യങ്ങളിലെ മോഡലുകളുടെയും മെലിഞ്ഞ വയർ കണ്ട് അസൂയ തോന്നുന്നുണ്ടോ? കഠിനമായ പരിശ്രമം കൊണ്ടുമാത്രമാണ് അവർ അസൂയാവഹമായ ശരീരഭംഗി സ്വന്തമാക്കുന്നത്. വർക്കൗട്ടിനൊപ്പം ഭക്ഷണത്തിലും വേണം കാര്യമായ ശ്രദ്ധ. കണ്ണിൽക്കണ്ടതൊക്കെ വാരിവലിച്ചു കഴിച്ച് പൊണ്ണത്തടിയായി പിന്നെ സ്വപ്നം കണ്ടിട്ട് കാര്യമുണ്ടോ? ഇനിയും വൈകിയിട്ടില്ല, പരീക്ഷിച്ചോളൂ ഈ 5 ഭക്ഷണങ്ങൾ. കൊഴുപ്പടിയാത്ത മനോഹരമായ വയർ എന്നും നിലനിർത്താനും ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ മതി.

∙മുട്ട

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മുട്ട നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. പ്രോട്ടീന്‍ പ്രദാനം ചെയ്യുന്നതുകൂടാതെ മെറ്റാബോളിസത്തെ പെട്ടെന്നു വർധിപ്പിക്കാനുള്ള കഴിവും മുട്ടയ്ക്കുണ്ട്. ഇനി കൊളസ്ട്രോൾ കൂടുതലുള്ളവരാണെങ്കിൽ മുട്ടയുടെ മഞ്ഞക്കരു ഉപേക്ഷിച്ച് വെള്ള മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. മുട്ടയുടെ വെള്ളയിലാണ് ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് എന്നതിനാൽ ഭാരം കുറയ്ക്കുമ്പോൾ വെള്ള ഉപേക്ഷിക്കരുത്.

∙ഓട്സ്

വണ്ണം കുറയ്ക്കേണ്ടവർക്ക് അനുഗ്രഹമായ മറ്റൊരു ഭക്ഷണമാണ് ഓട്സ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഓട്സ് മണിക്കൂറുകളോളം വയറിനുള്ളിൽ കിടക്കുമെന്നതിനാൽ പെട്ടെന്നു വിശപ്പു തോന്നില്ല. വയറിന്റെ വണ്ണം കുറയ്ക്കാൻ ഉത്തമം തന്നെയാണ് ഓട്സ്.

∙ബീന്‍സ്

ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധിക്കുന്നവര്‍ കാർബോഹൈഡ്രേറ്റിന്റെ കാര്യത്തിൽ ഒട്ടും വിട്ട‌ുവീഴ്ച്ച ചെയ്യരുത്. ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ബീൻസ് ശരീരത്തിനു വേണ്ടത്ര കലോറി പ്രദാനം ചെയ്യുന്ന ഒന്നാണ്. സാലഡുകളിലും സൂപ്പുകളിലും ബീൻസ് ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ബീൻസിനുണ്ട്. ദഹനപ്രക്രിയയെ സഹായിക്കുകയും ശരീരത്തിൽ നിന്നും ടോക്സിനുകളെ നീക്കം ചെയ്യുന്നതിലും ബീൻസിനു പ്രധാന പങ്കുണ്ട്.

∙കടലവര്‍ഗങ്ങൾ

ഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്നവർ എപ്പോഴൊക്കെ വിശക്കുന്നുവോ അപ്പോഴെല്ലാം ചോക്ലോറ്റുകളോ മറ്റു ബേക്കറി ഉൽപ്പന്നങ്ങളോ കഴിക്കുന്നതിനു പകരം ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് മുതലായവ കഴിക്കുക. ഇവയിൽ വലിയ അളവിൽ ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

∙ബെറിപ്പഴങ്ങൾ‌

ഫൈബറും ആന്റിഓക്സിഡന്റുകളും ശരിയായ അളവിൽ അടങ്ങിയിട്ടുള്ള പഴങ്ങളാണ് സ്ട്രോബെറി, ബ്ലൂബെറി എന്നിവ. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിലും ഇവയ്ക്കു കാര്യമായ പങ്കുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നവയാണ് ബെറിപ്പഴങ്ങൾ.