വണ്ണം കുറയുന്നില്ലേ; ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം

Representative Image

വണ്ണം കുറയ്ക്കാൻ രാപകൽ വ്യായാമം ചെയ്യുന്നുണ്ട്, ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം ഉപേക്ഷിക്കുന്നുമുണ്ട് എന്നിട്ടും ഒരുകിലോ പോലും കുറയുന്നില്ലേ? ഇത്രത്തോളം കഷ്ടപ്പെട്ടിട്ടും മെലിയാതിരിക്കുന്നതിനു പിന്നിലും ചില കാരണങ്ങളുണ്ടാകും. സ്ലിം ബ്യൂട്ടിയാകാൻ പഠിച്ചപണി പതിനെട്ടു ചെയ്തിട്ടും യാതൊരു മാറ്റവും കാണാത്തവർ ശ്രദ്ധിക്കാം, ഈ അഞ്ചു കാര്യങ്ങളാകാം ചിലപ്പോൾ നിങ്ങളുടെ വണ്ണം കുറയാത്തതിനു പിന്നിൽ.

ബ്രേക്ഫാസ്റ്റ് നിര്‍ബന്ധം

പലരും ഡയറ്റിന്റെ പേരും പറഞ്ഞ് ബ്രേക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നവരാണ്. ബ്രേക്ഫാസ്റ്റ് ഒഴിവാക്കിയാൽ കലോറിനില കുറയുമെന്നതു ശരിതന്നെ, എങ്കിലും രാവിലെ വേണ്ടത്ര ഭക്ഷണം ശരീരത്തിനു കിട്ടാതാകുമ്പോൾ പിന്നീടുള്ള സമയങ്ങളിൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടും. മെറ്റാബോളിസത്തെ ഉത്തേജിപ്പിക്കാൻ പ്രാതൽ ഒഴിവാക്കാനേ പാടില്ല. നാരുകളടങ്ങിയ പ്രോട്ടീൻ സമൃദ്ധമായ ആഹാരം വേണം പ്രാതലിനു കഴിക്കാൻ. മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും പ്രാതൽ കൂടിയേതീരു.

കിടക്കുന്നതിനു തൊട്ടുമുമ്പു കഴിക്കുന്നതു നിർത്താം

ഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ പ്രതീക്ഷയെ തകിടം മറിയ്ക്കാനുള്ള ഒരു കാരണം ചിലപ്പോൾ കിടക്കുന്നതിനു തൊട്ടുമുമ്പു കഴിക്കുന്ന ശീലമാകാം. രാത്രി നന്നേ വൈകി ഭക്ഷണം കഴിക്കുന്നത് ബ്ലഡ്ഷുഗർ, ഇൻസുലിൻ എന്നിവ വർധിപ്പിക്കുകയും ഇവ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാകുന്നതിനു തടസമാവുകയും ചെയ്യും. അതുകൊണ്ട് കിടക്കുന്നതിനു മൂന്നു മണിക്കൂർ മുമ്പേ ഭക്ഷണം കഴിച്ചു ശീലിക്കാം. ദഹനത്തിനും ഈ ശീലമാണു നല്ലത്.

തെറ്റായ ഭക്ഷണശീലം

നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ പലതിനും പല സ്വഭാവമാണുള്ളത്. ചിലതെല്ലം മെറ്റാബോളിസത്തെ ഉത്തേജിപ്പിക്കുമെങ്കിൽ ചിലതൊക്കെ ദഹിക്കാൻ ഏറെ സമയമെടുക്കും. ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി മെറ്റാബോളിസം വര്‍ധിപ്പിക്കുകയും വണ്ണം കുറയ്ക്കാൻ ഉത്തമവുമാണ്.

ആരോഗ്യകരമായ ഭക്ഷണത്തിനും അളവു വേണം

അണ്ടിപ്പരിപ്പ്, വെണ്ണപ്പഴം, ഡാർക് ചോക്കലേറ്റ്, ഏത്തപ്പഴം തുടങ്ങിയ ഭക്ഷണങ്ങളെല്ലാം ആരോഗ്യകരമായവയാണെന്നതിനു യാതൊരു സംശയവുമില്ല. എന്നുകരുതി ഇവയും അമിതമായ അളവിൽ കഴിക്കുന്നതു വണ്ണം കൂട്ടും. നിങ്ങളുടെ ശരീരത്തിനു വേണ്ട കലോറിയടങ്ങിയ ഭക്ഷണങ്ങൾ മാത്രം മിതമായ അളവില്‍ കഴിക്കുക.

ഉറക്കവും വില്ലനാകാം

ഉറക്കക്കുറവും വണ്ണം കൂടുന്നതിലെ പ്രധാന വില്ലനാണ്. ശരിയായ ഉറക്കമില്ലായ്മ വിശപ്പുണ്ടാക്കുന്ന ഹോർമോണുകളെ വര്‍ധിപ്പിക്കുകയും ഇതുവഴി നിങ്ങൾ ധാരാളം ഭക്ഷണം കഴിക്കുകയും ചെയ്യും. ഭാരം കുറയ്ക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദിവസവും 7-8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കണം.