തിളങ്ങുന്ന മുടി സ്വന്തമാക്കാം

പരസ്യത്തിലെ സുന്ദരിയുടെ മുടി പോലെ തിളങ്ങുന്ന മുടി നിങ്ങൾക്കും സ്വന്തമാക്കാൻ മോഹിക്കല്ലേ കാരണം, ഓരോരുത്തർക്കും ഓരോ തരത്തിലുള്ള മുടിയാണുള്ളത്. മുടിയുടെ സ്വഭാവം അനുസരിച്ചു വേണം തലമുടിക്ക് ചികിത്സ നൽകാൻ.

വരണ്ട മുടി

തലമുടിയിൽ ചൂടുള്ള ഒലിവ് ഓയിൽ തേച്ചുപിടിപ്പിച്ച ശേഷം അഞ്ചു മിനിറ്റു മസാജ് ചെയ്യുക. ഒരു ടർക്കി ടവ്വൽ ചൂടിവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞെടുത്തു തലയിൽ ചുറ്റിവയ്ക്കുക. അര മണിക്കൂറിനു ശേഷം ചെമ്പരത്തിത്താളികൊണ്ടു കഴുകിക്കളയാം.ഒരു പിടി മുൾട്ടാണി മിട്ടി ഒരു കപ്പു വെള്ളത്തിൽ കലക്കി പേസ്റ്റു പരുവത്തിലാക്കുക. ഇതിലേക്കു രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചെറുചൂടോടെ ചേർക്കുക. ഈ മിശ്രിതം തലമുടിയിൽ നന്നായി തേച്ചുപ്പിടിപ്പിച്ച ശേഷം ധാരാളം വെള്ളത്തിൽ കഴുകിക്കളയണം. മുടി വരണ്ടിരിക്കുന്നതു മാറ്റുന്നതു കൂടാതെ തലയ്ക്കു നല്ല തണുപ്പും ലഭിക്കും.

എണ്ണമയമുള്ള തലമുടി

ഒരു പിടി മുൾട്ടാണി മിട്ടി ഒരു കപ്പു വെള്ളത്തിൽ കലക്കി പേസ്റ്റു പരുവത്തിലാക്കുക. ഇതിലേക്ക് ഒരു ചെറു നാരങ്ങയുടെ നീരും ചേർത്തിളക്കി തലയിൽ തേച്ചുപിടിപ്പിച്ച ശേഷം വെള്ളത്തിൽ കഴുകി കളയണം. ഒരു കപ്പു തൈര് എടുത്തു നന്നായി അടിക്കുക. ഇതു തലമുടിയിൽ തേച്ചുപിടിപ്പിച്ചു 15 മിനിറ്റിനു ശേഷം കഴുകിക്കളയണം മുടിയിലെ എണ്ണമയം കുറയും.

അകാലനര

വെളുത്ത മുടിയിൽ പുരട്ടാൻ ഒരു നാച്ചുറൽ ഡൈ. ഒരു വലിയ സ്പൂൺ വീതം മൈലാഞ്ചിപ്പൊടി, ഉണക്കനെല്ലിക്കാപ്പൊടി,ചായപ്പൊടി എന്നിവ യോചിപ്പിച്ച് ഒരു കപ്പു ചൂടുവെള്ളത്തിൽ ചേർക്കുക. ഇതിലേക്കു കാൽ ചെറിയ സ്പൂൺ ഉപ്പും ഒരു നാരങ്ങായുടെ നീരും അര ചെറിയ സ്പൂൺ പനിനീരും ചേർത്ത ശേഷം അഞ്ചു മണിക്കൂർ വയ്ക്കുക. അരച്ചെടുത്തു തലമുടിയിൽ പുരട്ടിപ്പിടിപ്പിക്കുക. രണ്ടു മണിക്കൂറിനു ശേഷം ധാരാളം വെള്ളം ഉപയോഗിച്ചു കഴുകിക്കളയാം. ആഴ്ചയിലൊരിക്കൽ ഇതു ചെയ്താൽ അകാലനര അകറ്റാം. 10 ഗ്രാം ഉണക്കനെല്ലി ക്കയും രണ്ടു ഗ്രാം ഉലുവയും വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർത്തു വയ്ക്കുക രാവിലെ ഇതു മിക്സിയിൽ അരച്ചു തലയിൽ തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം കഴുകികളയാം.

ഉള്ളില്ലാത്ത തലമുടി

തലമുടി പലയിടത്തായി വകഞ്ഞെടുത്ത ശേഷം ഓരോ വകപ്പിലും തിളപ്പിക്കാത്ത പാൽ തൂക്കുക. ആഴ്ചയിൽ രണ്ടു ദിവസം ചെയ്യണം.