മുടിയിലും വിരിയും മഴവില്ല്

Representative Image

മുടിയിൽ കറുപ്പിന്റെ ഏഴഴകു മാത്രം പോരാ ഇപ്പോൾ. ആയിരം അഴകുള്ള മഴവില്ലു വേണം. മുടിയിഴകളിൽ ഓരോ നിറം വാരിത്തേക്കുന്ന കാലം പോയി. ഒരു നിറംകൊണ്ട് ആയിരമഴക് വിരിയുന്ന കാലമാണിത്.മുടി മൊത്തമായി ബർഗണ്ടി, ഗോൾഡൻ, ബ്രൗൺ എന്നിവയിൽ ഒരു നിറം തേക്കുന്ന ഗ്ലോബൽ കളറിങ്ങായിരുന്നു ഹെയർ കളർ ലോകത്തെ ആദ്യതരംഗം. പിന്നീടെത്തിയത് വ്യത്യസ്ത നിറങ്ങൾ സ്ട്രിപ്പുകൾക്കു നൽകുന്ന ഹൈലൈറ്റ് കളറിങ്. കളറിൽ മുടി മുക്കിയതുപോലെ തോന്നിപ്പിക്കുന്ന ഡിപ് കളറിങ്ങിന്റെ വരവായിരുന്നു പിന്നീട്. എന്നാൽ ഗ്ലോബലും ഹൈലൈറ്റും ഒന്നിച്ചു ചേർന്ന, ഒരു നിറത്തിൽനിന്ന് ഒരുപാടു നിറങ്ങൾ അഴകു വിരിയിക്കുന്ന ഗ്ലോബൽ ഹൈലൈറ്റ് എന്ന പുതിയ ട്രെൻഡ് സുന്ദരിമാരുടെ തലയ്ക്കു പിടിച്ചു കഴിഞ്ഞു.

വെയിലത്തോ വെളിച്ചത്തിലോ നടക്കുമ്പോഴാണ് ഗ്ലോബൽ ഹൈലൈറ്റിന്റെ സവിശേഷത തെളിയുക. മുടിയിൽ മഴവില്ലുപോലെ നിറങ്ങൾ വിരിയും. തിരഞ്ഞെടുക്കുന്ന ബേസ് കളറിനെ അടിസ്ഥാനമാക്കിയാണു വ്യത്യസ്ത നിറങ്ങൾ മുടിക്കു ലഭിക്കുക. ബേസ് കളർ ബ്രൗൺ ആണെങ്കിൽ ബ്രൗണിന്റെ ആദ്യ ഷെയ്ഡായ ചോക്കോ കളറിൽ തുടങ്ങി ഗോൾഡനിലെത്തി, ചുവപ്പും കടുംചുവപ്പും മജന്തയും പിങ്കും നിറങ്ങളുണ്ടാകും മുടിയിഴകൾക്ക്. അടിസ്ഥാന നിറം നീലയാണെങ്കിൽ ഇളംനീലയിൽ തുടങ്ങി ഓഷ്യൻ ബ്ലൂ, ഇളംപച്ച എന്നിങ്ങനെ കടും പച്ചയിൽ വരെയെത്തും മുടിയുടെ നിറം. അടിസ്ഥാന നിറങ്ങളുടെ പ്രതിഫലനങ്ങളാണ് ഈ കളർ ഫുൾ ലുക്കിനു കാരണം. സാധാരണ കാഴ്ചയിൽ മുടിയുടെ നിറം കറുപ്പായിരിക്കും. ഏതെങ്കിലും ഒരു ഹെയർ കളർ ഉപയോഗിച്ച ഫീലുമുണ്ടാകും.