കറുത്ത പാടുകളും ചുളിവും മാറി മുഖം തിളങ്ങാൻ ഗ്രീൻ ടീ

Representative Image

വണ്ണം കുറയ്ക്കുന്നവർക്ക് ഏറെ പ്രിയപ്പെട്ടതാണു ഗ്രീൻ ടീ. സത്യത്തിൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മാത്രമല്ല സുന്ദരികളും സുന്ദരന്മാരും ആകുവാൻ ആഗ്രഹിക്കുന്നവർക്കും ബെസ്റ്റാണു ഗ്രീന്‍ ടീ. സൗന്ദര്യ സംരക്ഷണത്തിൽ ഗ്രീൻ ടീയുടെ സ്ഥാനം മുൻപന്തിയിലാണെന്നാണു വിദഗ്ധർ പറയുന്നത്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ് എന്ന ഘടകമാണ് മിക്ക സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലും ഉള്ളത്. മികച്ചൊരു ആന്റിഓക്സിഡന്റ് കൂടിയായ പോളിഫിനോൾസ് ചുളിവുകൾ അകറ്റുന്നതിൽ മുന്നിലാണ്. പ്രായം കുറച്ചു തോന്നിക്കുവാനും മുഖത്തെ ചർമം കൂടുതൽ തിളങ്ങുവാനും പോളിഫിനോള്‍സ് ഉത്തമമാണ്. അപ്പോൾപിന്നെ പോളിഫിനോൾസ് ധാരളമായി അടങ്ങിയിട്ടുള്ള ഗ്രീൻ ടീ എന്തിനുപയോഗിക്കുന്നുവെന്നു പ്രത്യേകം പറയേണ്ടല്ലോ.

ആവിപിടിക്കാനും ഗ്രീന്‍ ടീ

സൗന്ദര്യ സംരക്ഷണത്തില്‍ ആവി പിടിക്കുന്നതിനുള്ള സ്ഥാനം വളരെ വലുതാണ്. ഇനിമുതൽ ആവിപിടിക്കുന്ന സമയത്ത് ആ വെള്ളത്തിലേക്ക് അൽപം ഗ്രീൻ ടീ കൂടി ചേർക്കാം. പോളിഫിനോൾസും ആന്റി എയ്ജിങ് കണ്ടന്റായ ഫ്ലാവനോയിഡ്സും ആവിയിലൂടെ നിങ്ങളുടെ മുഖത്തിനു ലഭിക്കട്ടെ.

തയ്യാറാക്കുന്നത് : രണ്ടുഗ്ലാസ് തിളച്ച വെള്ളം ഒു പാത്രത്തിലേക്കു മാറ്റുക. അതിലേക്ക് രണ്ടോ മൂന്നോ ഗ്രീൻ ടീ പായ്ക്കുകൾ ചേർക്കുക. ഇനി ടവലെടുത്ത് തല മുഴുവനായി മൂടി നന്നായി ആവി പിടിക്കാം.

കരിവാളിപ്പു തടയാനും ഉത്തമം

വെയിലുള്ള സമയത്തു പുറത്തിറങ്ങി നടന്നാൽ അപ്പോ മുഖം കരുവാളിക്കാൻ തുടങ്ങും. ഈ പരാതിയുള്ളവർക്ക് ഗ്രീൻ ടീ നല്ലൊരു പ്രതിവിധിയാണ്. കുറച്ചു ഗ്രീൻ ടീ എടുത്തു തിളപ്പിച്ച് ആറാൻ വെക്കുക. ഒരു തുണിയെടുത്ത് ചായയിലേക്കു മുക്കി സൂര്യതാപം ഏറ്റ സ്ഥലത്തു വെക്കുക. ഇതു കരിവാളിപ്പ് അകറ്റും, മുഖം മുഴുവനായി ഈ തുണി വെക്കുന്നതും തണുപ്പു പകരും.

മികച്ചൊരു ക്ലെന്‍സർ

ഇനിമുതൽ ക്ലെൻസറുകൾക്കും മുഖക്കുരുവിനുള്ള ക്രീമിനും കാശുകളയേണ്ടതില്ല. ചൂടുവെള്ളത്തിൽ ഗ്രീൻ ടീ ബാഗ് പത്തുസെക്കന്റോളം മുക്കി വെക്കുക. ഇനി ഈ ബാഗ് തുറന്ന് ഗ്രീൻ ടീ അഞ്ചു മിനിറ്റോളം മുഖത്തു മസാജ് ചെയ്യുക. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് രക്തചംക്രമണം വർധിപ്പിക്കുകയും മുഖക്കുരുവിനെ നീക്കം ചെയ്യുകയും ചെയ്യും.

ഗ്രീൻ ടീ ഫേസ്മാസ്ക്

ഒരു ടീസ്പൂൾ തേനും രണ്ട‌ുടീസ്പൂൺ ഒലിവ് ഓയിലും ചൂടാക്കുക. ഇതിലേക്ക് ഒരു ഗ്രീൻ ടീ ബാഗ് പൊട്ടിച്ച് ചേർക്കുക. വീണ്ടും ചൂടാക്കിയതിനു ശേഷം നന്നായി ഇളക്കി മുഖത്തു പുരട്ടുക. ചെറുചൂടോടെ വേണം മുഖത്തു പുരട്ടാൻ, ഒരിക്കലും അമിതമായി ചൂടാകരുത്. അ‍ഞ്ചാറു മിനിറ്റ് മസാജ് ചെയ്തതിനു ശേഷം കഴുകിക്കളയാം.