സ്പാ വീട്ടിലും ചെയ്യാം

Representative Image

ഇഷ്ടമുള്ളവരുടെ അടുത്ത് ചെല്ലുമ്പോൾ തീർച്ചയായും ശരീരത്തെ കുറിച്ച് നാം ഓർക്കാറുണ്ട്. അവരിൽ നിന്നും ഭംഗിയെ കുറിച്ച് എത്ര കേട്ടാലാണ് മതി വരുക. എന്നാൽ ഇത്രയും പ്രായമൊക്കെയായി ഇനിയും ആരെ കാണിക്കാനാ എന്ന ചിന്തയോടെ നിന്നാലോ, ഉള്ള അഴകും കൂടി നഷ്ടമാകും. ശരീരത്തിനും മുഖത്തിനും ഒപ്പം മനസ്സിനും ഊർജം പകരുന്ന ഒന്നാണു സ്പാ. ഇത് ചെയ്യാൻ വലിയ വില നൽകി പാർലറുകളിൽ പോകണമെന്നില്ല . നമുക്ക് വീട്ടിലും ചെയ്യാനാകും. അതേ ആമ്പിയൻസിൽ അതേ രീതിയിൽ.

സ്പായുടെ അന്തരീക്ഷം ആദ്യം തന്നെ ഒരുക്കണം. നല്ല സുഗന്ധമുള്ള മെഴുകുതിരി, നല്ല ഭംഗിയുള്ള ചെറിയ ലൈറ്റിങ്ങ്, പതുപതുപ്പുള്ള ടവ്വൽ, ഒരു ഗ്ലാസ് വൈൻ, ചൊക്കലേറ്റുകൾ, പതിഞ്ഞ താളത്തിൽ ഏറ്റവും ഇഷ്ടമുള്ള സംഗീതം, കൂടാതെ സ്പാ ചെയ്യാൻ ആവശ്യമുള്ള വസ്തുക്കളും.

തരിയായി പൊടിച്ച വെളുത്ത പഞ്ചസാര 50 ml  
ശുദ്ധമായ വെളിച്ചെണ്ണ
റോസാ ദളങ്ങൾ 
മുല്ലപ്പൂ എണ്ണ, ചന്ദന എണ്ണ എന്നിവ മൂന്നു തുള്ളി വീതം
ഇതെല്ലം ഒന്നിച്ചു കലർത്തി ഒരു ഭംഗിയുള്ള ബൗളിൽ എടുക്കുക. 
ആദ്യം വേണ്ടത് ശരീരം നന്നായി മസ്സാജ് ചെയ്യുകയാണ്. അതിനായി 50 ml  ബദാം എണ്ണ, 50 ml  ഒലിവ് എണ്ണ, 4 തുള്ളി ചന്ദന എണ്ണ എന്നിവ ഒന്നിച്ചാക്കി കൈകൊണ്ടു നന്നായി ഉരുമ്മിയ ശേഷം ശരീരത്ത് തേയ്ച്ചു പതുക്കെ മസാജ് ചെയുക. സ്പാ ചെയ്യാൻ ആയി തയ്യാറെടുത്തു വരുമ്പോൾ ആദ്യം തന്നെ നിങ്ങളുടെ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്ത് മാറ്റി വയ്ക്കാൻ ശ്രദ്ധിക്കണം. 

എണ്ണകൾ ഉപയോഗിച്ച് ശരീരം നന്നായി മസാജ് ചെയ്ത് കഴിഞ്ഞ ശേഷം പൊടിച്ചു വച്ച പഞ്ചസാര നന്നായി തേയ്ച്ചു പിടിപിക്കാം. ഇത് ശരീരത്തിൽ സ്ക്രബ്ബറിന്റെ ഫലമാണ് ഉണ്ടാക്കുക. കൈ കൊണ്ട് വട്ടത്തിൽ ആണു ഈ സ്ക്രബ്ബർ ശരീരത്തിൽ ഉരസേണ്ടത്. വട്ടത്തിൽ ഉരസുന്നത് കൊണ്ട് ബ്ലഡ് സർക്കുലേഷൻ കൂടുകയും ഇത് ശരീരത്തെ മൃദുലത ഉള്ളതാക്കി മാറ്റുകയും ചെയ്യുന്നു. ഇതിനു ശേഷം ബാത്ത് ടബ്ബിൽ നിറയെ വെള്ളം നിറച്ചു ഇതിലേയ്ക്ക് റോസാ ദളങ്ങൾ, ചെറു ഗന്ധമുള്ള മറ്റു പുഷ്പങ്ങളുടെ ദളങ്ങൾ ഒക്കെ ഇടാം.  ഈവെള്ളത്തിലേയ്ക്ക് എടുത്തു വച്ച എണ്ണകൾ ഒഴിച്ച് കൊടുക്കണം. ഇതിലേയ്ക്ക് ഇറങ്ങി കിടക്കുക. ശരീരം മെല്ലെ ഉരുമ്മി കൊടുക്കാം. ഇടയ്ക്ക് അടുത്ത് നുറുക്കി വച്ചിരിക്കുന്ന പഴങ്ങളോ ചൊക്കലെറ്റോ ഒക്കെ കഴികുകയോ ഒരു കോഫി ഉണ്ടാക്കി വച്ചാൽ കുടിക്കുകയോ ഒക്കെ ആവാം. മനസ്സിലെ ഭാരങ്ങൾ ലഘൂകരിച്ചു സുഖകരമായ ഒരു കുളിയോടൊപ്പം എല്ലാ ദു:ഖങ്ങൾക്കും അവധി കൊടുത്ത കുറച്ചു നേരം കഴിയുമ്പോൾ തീർച്ചയായും മനസ്സും ശരീരവും ഏറ്റവും പുതിയതായി തിളങ്ങും. ആ മാറ്റം അനുഭവിച്ചറിയുകയും ചെയ്യാം. മാസത്തിൽ ഒരിക്കലെങ്കിലും ഈ സ്പാ ചെയ്യുന്നത് ടെൻഷനുകളെ ദൂരെ മാറ്റി യൗവ്വനം നിലനിർത്താൻ നല്ലതാണ്.