5 മിനിറ്റ് കൊണ്ട് കുടവയർ കുറയ്ക്കാം

സുന്ദരവയർ എന്ന സ്വപ്നം കണ്ട് പട്ടിണി കിടന്നാൽ മാത്രം പോരാ. ശരീരത്തിൽ കൂടുതലുള്ള കൊഴുപ്പ് അലിയിക്കാൻ വ്യായാമവും വേണം. ദിവസവും അഞ്ച് മിനിറ്റ് മെനക്കെടാൻ തയാറാണെങ്കിൽ ആരും കൊതിക്കും വയർ നിങ്ങൾക്കും സ്വന്തമാക്കാം. ഇനി ഉള്ള ആകാരഭംഗി നില നിർത്താനോ? അതിനും വ്യായാമം തന്നെ ഉത്തരം. നടപ്പും ഓട്ടവും എല്ലാം നല്ല വ്യായാമങ്ങളാണ്. രാവിലെയോ വൈകുന്നേരമോ സമയം പോലെ വ്യായാമം ചെയ്ത് ആകാരഭംഗി സ്വന്തമാക്കാം. വീട്ടിലിരുന്ന് തന്നെ. ഇതാ, സുന്ദര വയറിന് 5 മിനിറ്റ് കൊണ്ട് ചെയ്യാവുന്ന നാല് വ്യായമങ്ങൾ :

ടേബിൾ ടോപ്പ് ക്രഞ്ചസ്

ആദ്യം കാല് ടേബിൾ ടോപ്പ് പോലെ മടക്കി വച്ച് മലർന്നു കിടക്കുക. തുടക്കക്കാർക്ക് കസേര ഉപയോഗിക്കാം. കൈമുട്ടുകൾ വശത്തേക്കു വച്ച് തല കൈകൾ കൊണ്ട് താങ്ങി പിടിക്കുക. കഴുത്തിനു സ്ട്രെയിൻ വരാതിരിക്കാനാണിത്. താടിയെല്ലിനും നെഞ്ചിനുമിടയിൽ ഗ്യാപ് വേണം. ശ്വാസം പുറത്തേക്കു വിട്ട് ചുമൽ ഉയർത്തുക. ശ്വാസം അകത്തേക്കെടുത്ത് ആദ്യ പൊസിഷനിൽ വരിക. ഓരോ പ്രാവശ്യവും ചെയ്യുമ്പോഴും തല തറയിൽ മുട്ടേണ്ടതില്ല. തുടക്കത്തിൽ 3 - 4 തവണ ചെയ്യാം. പിന്നീട് 20 തവണ ആവർത്തിക്കുക.

റിവേഴ്സ് ക്രഞ്ച്

തറയിൽ മലർന്നു കിടക്കുക. കാലുകൾ മുകളിലേക്ക് ഉയർത്തി പിടിക്കുക. കാൽ വിരലുകൾ സീലിങ്ങിനു നേരേ നീട്ടി പിടിക്കുക. കൈകൾ വശങ്ങളിലേക്കോ തലയ്ക്കു മേലെയോ പിടിക്കുക. കൈകൾ അനക്കേണ്ട, ശ്വാസം പുറത്തോട്ടു വിട്ട് അരക്കെട്ട് (ഹിപ്) തറയിൽ നിന്ന് പതുക്കെ സീലിങ്ങിനു നേരെ ഉയർത്തുക. ശ്വാസം ഉള്ളിലേക്കെടുത്ത് തിരിച്ചു വരിക. വയറിന്റെ അടിഭാഗത്തിനുള്ള വ്യായാമമാണിത്. ചുമലോ കൈകളോ ഉപയോഗിക്കരുത്. വയറുകൊണ്ട് ചെയ്യുന്നതിന്റെ ഫലം കുറയും.

ബൈ സൈക്കിൾ ലെഗ് ക്രഞ്ച്

മുഖം സീലിങ്ങിനു നേരേ ആക്കി മലർന്നു കിടക്കുക. മുട്ടു മടക്കി ടേബിൾ ടോപ്പ് പിടിക്കണം. ചുമൽ തറയിൽ നിന്ന് ഉയർത്തി പിടിക്കുക. വയർ ഉള്ളിലേക്ക് വലിച്ചു പിടിക്കണം. ശ്വാസം വിട്ടു കൊണ്ട് ചുമൽ കാലിന്റെ എതിർമുട്ടിന്റെ വശത്തേക്കു തിരിക്കുക. മറ്റേ കാൽ നീട്ടി പിടിക്കുക. ശ്വാസം അകത്തേക്കെടുത്ത് ആദ്യ പൊസിഷനിലേക്കു വരിക. ശ്വാസം പുറത്തേക്കു വിട്ട് അടുത്ത വശത്തേക്ക് ഇതുപോലെ ആവർത്തിക്കുക.

പ്ലാങ്ക്

ഒരു തടിക്കഷണം പോലെ ശരീരം പിടിക്കുന്നതുകൊണ്ടാണീ വ്യായാമത്തിന് പ്ലാങ്ക് എന്നു പേര്. കൈമുട്ട് ഊന്നി കമിഴ്ന്നു കിടക്കുക. ശരീരം കൈമുട്ടിലും കാൽ പാദത്തിലും താങ്ങുക. അരക്കെട്ട് പൊങ്ങി നിൽക്കരുത്. വയർ മുറുക്കി പിടിച്ച് ശ്വാസം അകത്തേക്കെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുക. തുടക്കക്കാർ 10 സെക്കൻഡ് നേരം പിടിച്ചു നിൽക്കുക. (30 സെക്കൻഡ് വരെയാകാം). 10 സെക്കൻഡ് കഴിഞ്ഞ് വിശ്രമിച്ചിട്ട് 4—5 തവണ ആവർത്തിക്കാം. നടുവിന് സ്ട്രെയിൻ തോന്നുന്നെങ്കിൽ വയർ ഒന്നുകൂടി അമർത്തി പിടിക്കുക. സ്ട്രെയിൻ കുറയും. കൈകൾ മുട്ടു മടക്കാതെ പിടിച്ചും ഈ വ്യായാമം ചെയ്യാം.