എന്നെന്നും യൗവനം, വെറും 12 കാര്യങ്ങൾ!

ഈയിടെയായിട്ടു വല്ലാത്ത മറവി വയറിന് എപ്പോഴും അസ്വസ്ഥത..നടുവേദന കാരണം അനങ്ങാൻ വയ്യ... ഈ ആവലാതികളൊക്കെ ഇന്നു ചെറുപ്പക്കാരാണു കൂടെക്കൂടെ ആവർത്തിക്കുന്നത്. യുവത്വത്തിലേ വാർധക്യലക്ഷങ്ങൾ നമ്മളെ പിടികൂടുകയാണ്. കാരണം, നമ്മുടെ ചുറ്റുപാടിൽ തന്നെയുണ്ട്. നിയന്ത്രിക്കാനാവാത്ത മാനസികസമ്മർദ ങ്ങൾ. കൃത്രിമമായ ആഹാരശൈലി, വിശ്രമിക്കാൻ സമയമില്ലായ്മ... ജീവിതം ഇങ്ങനെ ഓടിത്തീർക്കുമ്പോൾ —സ്വന്തം മനസിനെയും ശരീരത്തെയും ശ്രദ്ധിക്കാതെ വരുമ്പോൾ — നമ്മൾക്ക് എത്ര പെട്ടെന്നാണു വയസാവുന്നത്.

ആയുർവേദം വഴികാട്ടുന്നത് ഇവിടെയാണ്. ആയുർവേദം എന്നാൽ, ആയുസിനെപ്പറ്റിയുള്ള അറിവാണ്. രോഗമൊന്നുമില്ലാതെ, സുഖകരമായ ആരോഗ്യാവസ്ഥയിൽ ശരീരത്തെയും മനസിനെയും ദീർഘകാലം മുന്നോട്ടു കൊണ്ടുപോകാനുള്ള വഴികളാണ് ആയുർവേദം പറഞ്ഞു തരുന്നത്. ആയുർവേദത്തിലെ രസായന ചികിത്സ യൗവനം വീണ്ടെടുക്കാനുള്ള ചികിത്സയാണ്. ച്യവനപ്രാശം യൗവനം നിലനിർത്താനുള്ള ഔഷധമാണ്. ആയുർവേദ ചിട്ടകൾ നിത്യേന ശീലിച്ചാൽ യൗവനം ദീർഘകാലം നിലനിർത്താനാകും. കൂടുതൽ കാലം ചെറുപ്പക്കാരായിരിക്കാം.

ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ ആയുർവേദത്തിൽ പ്രത്യേകം നിഷ്കർഷിക്കുന്നു. ഇതാണു ദിനചര്യ. ഋതുക്കൾക്കനുസരിച്ചു ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആയുർവേദരീതികൾ എല്ലാം അതേ പടി പിന്തുടരാൻ ഇന്നത്തെ കാലത്ത് സാധിച്ചെന്നു വരില്ല. എങ്കിലും കഴിയുന്നത്ര ചിട്ടകൾ പിന്തുടരുക.

ദിവസവും ചെയ്യേണ്ട 12 കാര്യങ്ങൾ

1 ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുക. പ്രകൃതി ഉണരുന്ന സമയമാണിത്. സ്വസ്ഥവും ശാന്തവും നിശബ്ദവുമായ ഈ നേരമാണ് ഒരാളുടെ ദിവസം ആരംഭിക്കാൻ ഏറ്റവും നല്ലത്. നാലുമണിയോടടുപ്പിച്ച സമയമാണു ബ്രാഹ്മമുഹൂർത്തം. ഇത്രയും നേരത്തേ ഉണരാൻ സാധിച്ചില്ലെങ്കിലും അഞ്ച്— അഞ്ചര മണിയോടെ ഉണർന്നെണീക്കണം. ഉണർന്ന ഉടനെ ചാടിയെണീക്കാതെ ഏതാനും മിനിറ്റ് കിടന്നിട്ടു മെല്ലെ എണീക്കുക.

2 ഉണർന്നെണീറ്റ് ആദ്യം ചെയ്യേണ്ടതു മുഖം ഇളംചൂടുവെള്ളത്തിൽ കഴുകുകയാണ്. കണ്ണുകൾക്കകം ശുദ്ധമായ തണുത്ത വെള്ളം തളിച്ചു കഴുകണം. രാത്രിയിൽ മുഖത്തും കണ്ണുകളിലും അടിഞ്ഞു കൂടിയ അഴുക്കുകൾ കഴുകിക്കളയുക.

3 ഇനി പല്ലുതേയ്ക്കുക. പല്ലുതേയ്ക്കാൻ ആര്യവേപ്പിന്റെ തണ്ടു ചതച്ചത് ഉപയോഗിക്കണം എന്നാണു പഴയ നിഷ്ഠ. അതു സാധിക്കില്ലെങ്കിലും ആയുർവേദ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു പല്ലുതേയ്ക്കുക.

4 പല്ലുതേപ്പിനു ശേഷം വെള്ളം അൽപം ചൂടാക്കി കുടിക്കുക. തലേന്ന് എടുത്തു വച്ച വെള്ളം കുടിക്കണമെന്നാണ് ആയുർവേദ ചിട്ട. സുഖമായ ശോധനയ്ക്കുള്ള തോന്നലുണ്ടാക്കാൻ ഇതു സഹായിക്കും. ചായ, കാപ്പി മുതലായ പാനീയങ്ങൾ മലബന്ധമുണ്ടാകാൻ കാരണമാകാം.

5 ശോധന: ടോയ്‌ലറ്റിൽ പോകാൻ തോന്നൽ വരുമ്പോൾ തന്നെ പോകുക. മലമൂത്രങ്ങൾ പിടിച്ചു വയ്ക്കരുത്.

6 കണ്ണിൽ അഞ്ജനം എഴുതുന്നതു കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്. സ്ത്രീകളും പുരുഷന്മാരും ഇതു ചെയ്യണം. കണ്ണിൽ അടിഞ്ഞ കൂടിയ മാലിന്യങ്ങളെ ഇതു കളയുന്നു. ദിവസവും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ആഴ്ചയിൽ ഒരിക്കലെങ്കിലും കണ്ണിൽ അഞ്ജനം എഴുതുക.

7 നസ്യം: നസ്യം ചെയ്യുന്നതു ശ്വാസകോശ രോഗങ്ങളകറ്റും. മുഖത്തിനു കാന്തി നൽകും. നസ്യം ചെയ്യാനുള്ള അണുതൈലം ആയുർവേദശാലയിൽ വാങ്ങാൻ കിട്ടും. ഇതിന്റെ രണ്ടു തുള്ളി വീതം ഓരോ മൂക്കിലും ഇറ്റിച്ചു മൂക്കിനുള്ളിലേക്കു വലിച്ചു കയറ്റുക. മൂക്കിന്റെവശങ്ങൾ നന്നായി തിരുമ്മുക. 10 മിനിറ്റ് കിടക്കുക. മൂക്കു ചീറ്റുമ്പോൾ കഫം ഇളകിപ്പോകും. വായിൽ ചൂടുവെള്ളം കവിൾകൊണ്ട് തുപ്പുക. കഫം വായിലൂടെയും മൂക്കിലൂടെയും പുറത്തു പോകുന്നു. നിത്യവും നസ്യം ചെയ്താൽ സൈനസൈറ്റിസ് പോലുള്ള രോഗങ്ങൾ അകലും . മുഖചർമം മിനുസമാകും. അകാലനര വരില്ല.

8 ധൂമപാനം: ഔഷധഗുണമുള്ള പുക മൂക്കിലൂടെ ശ്വസിച്ചു വായിലൂടെ പുറത്തു കളയുന്ന രീതിയാണിത്. 18 വയസു മുതൽ ധൂമപാനം ചെയ്യാം. ഔഷധഗുണമുള്ള ചില വസ്തുക്കൾ (കുന്തിരിക്കം, കോലരക്ക്, അകിൽ... തുടങ്ങിയവ) അരച്ചു തേച്ചു നിഴലിൽ ഉണക്കിയെടുക്കുന്ന തിരി പ്രത്യേകം കുഴലിനകത്തു വച്ചു കത്തിച്ച് ആ പുക മൂക്കിലൂടെ ശ്വസിച്ചു വായിലൂടെ പുറത്തു കളയുകയാണു ചെയ്യുന്നത്. മൂക്കിലൂടെ പുക പുറത്തു കളയുന്നതു കണ്ണിനു ദോഷകരമാണ്. ഇങ്ങനെ ചെയ്യരുത്. ധൂമപാനം വീട്ടിൽ ചെയ്യാൻ സാധിക്കില്ലെങ്കിൽ വൈദ്യനിർദേശപ്രകാരം ചെയ്യുക. ശരിയായ ധൂമപാനം ജലദോഷം, ചുമ, ശ്വാസംമുട്ട്, കഫക്കെട്ട് തലവേദന തുടങ്ങിയ രോഗങ്ങളെ അകറ്റി നിർത്തുമത്രേ.

9 താംബൂലസേവനം : താംബൂലസേവനവും ദിനചര്യയുടെ ഭാഗമായി ആയുർവേദത്തിൽ പറയുന്നു. കർപ്പൂരം, ഏലക്കായ, ജാതിക്ക, കരിങ്ങാലി, വെറ്റില, സംസ്കരിച്ച ചുണ്ണാമ്പ് എന്നിവ കുറേശേയെടുത്തു വായിലിട്ടു നന്നായി ചവച്ചു തുപ്പിക്കളയുക. വായ്ക്കു ശുദ്ധി, നല്ല സ്വരം, സുഗന്ധം എന്നിവയുണ്ടാകും. വെറ്റിലയും ചുണ്ണാമ്പും ഒഴിവാക്കി മറ്റുള്ള വസ്തുക്കൾ ഉപയോഗിച്ചു ചവച്ചു തുപ്പിക്കളഞ്ഞാലും മതി.

10 ഇനി അഭ്യംഗം അഥവാ എണ്ണതേച്ചു കുളി, ദേഹത്തു തേയ്ക്കാൻ ധന്വന്തരം കുഴമ്പ് ചർമത്തിൽ നല്ല രക്തയോട്ടത്തിനും തിളക്കത്തിനും സഹായിക്കുന്നു. തലയിൽ ലാക്ഷാദി വെളിച്ചെണ്ണ തേയ്ക്കുക. കുട്ടികളുടെ ദേഹത്തു നാൽപാമരാദി കേരതൈലമോ ഏലാദി വെളിച്ചെണ്ണയോ തേയ്പിക്കുക. പാദം, ശിരസ്, ചെവിയുടെ പിൻഭാഗം എന്നീ ഭാഗങ്ങളിൽ എണ്ണ നന്നായി തേച്ച് മസാജ് ചെയ്യണം. പാദം മസാജ് ചെയ്യുന്നതു കണ്ണിലേക്കുള്ള ഞരമ്പുകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. എണ്ണതേച്ച് 20—30 മിനിറ്റ് ഇരിക്കുക.

11 വ്യായാമം: ഈ സമയത്ത് വ്യായാമം ചെയ്യാം. അവനവന്റെ ആരോഗ്യവും ശരീരപ്രകൃതിയും അനുസരിച്ച് ഏതു തരം വ്യായാമവും ചെയ്യാം. വ്യായാമം ആയാസകരമാവരുത്. അർധശക്തിയുപയോഗിച്ചേ ചെയ്യാവൂ എന്നു പറയുന്നു. അതായത് നെറ്റിത്തടം, കക്ഷം ഈ ഭാഗങ്ങൾ വിയർക്കും വരെ. കായികാദ്ധ്വാനമില്ലാത്ത ജോലികൾ ചെയ്യുന്നവരും അമിതവണ്ണമുള്ളവരും വ്യായാമം ചെയ്യണം.കടുത്ത ക്ഷീണമുള്ളപ്പോഴും രോഗാവസ്ഥയിലും ആർത്തവ സമയത്തും ഗർഭാവസ്ഥയിലും പ്രസവം കഴിഞ്ഞ കാലത്തും വ്യായാമം പാടില്ല. ഒക്ടോബർ— ജനുവരി മാസങ്ങളിലാണു ശരീരത്തിനു നല്ല ആരോഗ്യമുള്ള സമയം. ഈ സമയത്തു വ്യായാമം ഏറ്റവും ഗുണകരമാണ്. കടുത്ത വേനൽക്കാലത്തും നല്ല മഴക്കാലത്തും ശരീരത്തിനും പൊതുവെ ബലക്കുറവായിരിക്കും. അതിനാൽ ഈ സമയത്തു കടുത്ത വ്യായാമങ്ങൾ വേണ്ട. 20 മിനിറ്റ് വ്യായാമം ചെയ്യാം. വ്യായാമത്തിനു ശേഷം ദേഹം മുഴുവനും തടവണം.

12 കുളി : വ്യായാമം കഴിഞ്ഞു കുളിക്കുക. കുളിക്കാൻ ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക. ദേഹത്ത് തേയ്ക്കാൻ ഇഞ്ച ഉപയോഗിക്കാം. ദേഹം കഴുകാൻ ചെറുപയർ പൊടി ഉപയോഗിക്കാം. തല കഴുകാൻ ചെമ്പരത്തി താളി ഉപയോഗിക്കുക. തല തണുത്ത വെള്ളം കൊണ്ടേ കഴുകാവൂ. തലയിൽ ചൂടുവെള്ളം ഒഴിക്കരുത്. രാവിലെയും വൈകിട്ടും കുളിക്കണം. കുളി നല്ല ലൈംഗികശേഷിയും ദഹനശക്തിയും ചർമകാന്തിയും തരുന്നു. ശരീരം ശുദ്ധമാക്കി മനസിനും പ്രസരിപ്പു തരുന്നു. ഭക്ഷണം കഴിച്ച ഉടനെ കുളിക്കരുത്.