സ്മാർട് ഫോൺ സൗന്ദര്യം കളയുമോ?

വിപണിയിലിറങ്ങുന്ന ഏറ്റവും പുതിയ സ്മാർട് ഫോൺ വാങ്ങി പോക്കറ്റിലിട്ടു ഗമയിൽ നടന്നില്ലെങ്കിൽ ന്യൂ ജനറേഷനൊരു ത്രില്ലില്ല. സ്മാർട് ഫോൺ മാത്രമല്ല, ലാപ്ടോപ്, നോട്ട്ബുക്ക്, തുടങ്ങിയ ഗാഡ്ജറ്റുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ ഒരു കാര്യം ഓർമിച്ചുകൊള്ളൂ, സ്മാർട് ഫോൺ അമിതമായി ഉപയോഗിക്കുന്നതു ചർമത്തിൽ ചുളിവു വീഴ്ത്തുമത്രേ.

മണിക്കൂറുകളോളം സമയം സ്മാർട് ഫോൺ, ലാപ്ടോപ്പ് എന്നിവയ്ക്കു മുന്നിൽ തലയും കുമ്പിട്ടിരിക്കുന്നവർക്കു താടിയിലും കഴുത്തിലും ചുളിവു വീഴുമെന്നാണു പുതിയ കണ്ടെത്തൽ. ടെക് നെക്ക് എന്നാണിതിനു നൽകിയിരിക്കുന്ന പേര്. അധികകാലം നീണ്ടുനിൽക്കുന്ന ചുളിവുകളായിരിക്കില്ല അവ. കുറച്ചു കാലം ഈ ഗാഡ്ജറ്റുകളോടു ഗുഡ്ബൈ പറഞ്ഞാൽ ചുളിവുകൾ തനിയെ മാറിക്കോളും.

ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകൾക്കു മുന്നിൽ കുത്തിയിരിക്കുന്ന സമയത്തിനൊരു നിയന്ത്രണം വച്ചാലും മതി. ഇടയ്ക്കിടക്കു കഴുത്തിനു വേണ്ട വ്യായാമം നൽകണം. കുറെ നേരം ഒരേ പൊസിഷനിൽ തുടരരുത്. ടെക്നെക്ക് ബാധിച്ചു ചികിൽസ തേടിയെത്തുന്നവരോടു ഡോക്ടർമാർക്കു പറയാനുള്ളത് ഇതുമാത്രമാണ്.

കഴുത്തിനും ചുമലിലും വരുന്ന വേദന സഹിക്കാൻ തയാറാണെങ്കിലും ചർമത്തിൽ ചുളിവു വീഴുമെന്നു കേട്ടാൽ യുവതീയുവാക്കളുടെ മുഖം ചുളിയും. ചർമം കണ്ടാൽ പ്രായം തോന്നിയാലും വേണ്ടില്ല, പ്രായക്കൂടുതൽ തോന്നിപ്പിക്കല്ലേ എന്നല്ലേ യൂത്തിന്റെ പ്രാർഥന.