മുടി തിളങ്ങാൻ ഇനി വെണ്ടക്കാ കണ്ടീഷണർ !

മുടിയുടെ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസിനും തയ്യാറാവില്ല പെൺകുട്ടികള്‍. പല വിധത്തിലും തരത്തിലുമുള്ള എണ്ണകൾ പരീക്ഷിച്ചിട്ടും ഷാംപൂവും ഹെയർ കണ്ടീഷണറും ഉപയോഗിച്ചിട്ടും മുടി ആരോഗ്യത്തോടെ തിളങ്ങുന്നില്ലേ..? എന്നാല്‍ ഒരു സിമ്പിൾ വഴിയുണ്ട്. എന്താണെന്നോ? വീട്ടിൽ സുലഭമായുള്ള വെണ്ടക്കാ കൊണ്ടു മുടിയുടെ പ്രശ്നങ്ങളെല്ലാം പമ്പ കടത്താം.

മാനസിക സമ്മർദ്ദവും അന്തരീക്ഷത്തിലെ പൊടിപടലങ്ങളും പോഷകാഹാരക്കുറവുമെല്ലാം നിങ്ങളുടെ മുടിയെ വരണ്ടുണങ്ങിയതാക്കും. ഇത്തരക്കാർക്ക് ഉദാത്തമായ പ്രതിവിധിയാണ് വെണ്ടക്ക. വിറ്റാമിൻ എ,സി, കെ എന്നിവയാലും ആന്റി ഓക്സിഡന്റുകളാലും സമൃദ്ധമായ വെണ്ടക്കയിൽ നിയാസിൻ, തിയാമിൻ, ഫൈബർ, മാഗ്നീഷ്യം, മാഹ്കനീസ്, സിങ്ക്, കോപ്പർ, പൊട്ടാസ്യം, ഫോളിക് ആസിഡ്, അയേൺ തുടങ്ങിയവയും ഉണ്ട്. വെണ്ടക്കയിൽ നിന്നുണ്ടാക്കുന്ന പ്രകൃതിദത്തമായ ഹെയർ കണ്ടീഷണർ മുടിയുടെ വരൾച്ച ഇല്ലാതാക്കുകയും കൂടുതൽ മൃദുവും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു.

വെണ്ടയ്ക്കാ കണ്ടീഷണർ തയ്യാറാക്കുന്ന രീതി

പത്തു വെണ്ടക്ക എടുത്ത് നീളത്തിൽ അരിയുക. ഇനി ഇവ ഒന്നേകാൽ കപ്പു വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ചെറിയ ചൂടിൽ വേണം വേവിക്കാൻ. പശ രൂപത്തിൽ ആവുന്ന വെണ്ടക്കയിലേക്ക് നല്ല സുഗന്ധം ലഭിക്കുന്നതിനായി ഒരുതുള്ളി ലാവെൻഡറോ കർപ്പൂരാദി എണ്ണയോ ചേർക്കാം. ഇതിലേക്ക് അൽപം തേനോ നാരാങ്ങാ നീരോ ചേർക്കുന്നതും നല്ലതാണ്. മിശ്രിതം തണുക്കുന്നതോടെ അരിച്ചെടുക്കുക. െവണ്ടയ്ക്കാ കണ്ടീഷണർ റെഡിയായി.

എങ്ങനെ ഉപയോഗിക്കാം?

വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മുടിയിൽ അവശേഷിക്കുന്ന വെള്ളവും നന്നായി തുവർത്തിയെടുക്കുക. മുടിയുടെ വേരു മുതൽ താഴേയ്ക്ക് കണ്ടീഷണർ നന്നായി തേച്ചു പിടിപ്പിക്കാം. നന്നായി മസാജ് ചെയ്ത് മുക്കാൽ മണിക്കൂറിനു ശേഷം വൃത്തിയായി കഴുകുക. മുടി തിളക്കമേറിയതും മൃദുവും ആയിരിക്കുന്നതു കാണാം. താരൻ ശല്യം നേരിടുന്നവര്‍ക്കും വെണ്ടയ്ക്കാ കണ്ടീഷണർ ഉത്തമമാണ്.

മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്നു കരുതാതെ പരീക്ഷിച്ചു നോക്കണേ ഈ വെണ്ടക്കാ േടാണിക്.