വണ്ണം കുറയ്ക്കാൻ ഇതാ ലൈപ്പോസക്ഷൻ ചികിത്സ

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ശക്തിയേറിയ ലൈപോസക്ഷൻ പമ്പുകളുടെ സഹായത്താൽ പുറത്തേയ്ക്ക് വലിച്ചെടുത്ത് കളയുന്ന പ്രക്രിയയാണ് ലൈപ്പോസക്ഷൻ . ത്വക്കിനടിയിൽ പ്രത്യേകതരം മരുന്ന് ലായനി കുത്തിവച്ച ശേഷം കൊഴുപ്പിനെ ദ്രാവക രൂപത്തിൽ ആക്കിയശേഷം ചർമ്മത്തിൽ ഉണ്ടാക്കുന്ന ചെറു സുഷിരങ്ങൾ വഴി കൊഴുപ്പിനെ പമ്പിനുള്ളിലേക്ക് വലിച്ചെടുക്കുന്നു. ഈ ചികിത്സയ്ക്കുശേഷം ബാഹ്യമായി പ്രകടമാവുന്ന പാടുകൾ അവശേഷിക്കുന്നില്ല. ലേസറിന്റെയും അൾട്രാസൗണ്ട് ശബ്ദവീചികളുടെ സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതികപരമായി പുതുമയുള്ള ലൈപോസക്ഷൻ മെഷീനുകളും ഇപ്പോൾ നിലവിൽ ഉണ്ട്.

കൊഴുപ്പ് പ്രധാനമായും നിക്ഷിപ്തമാവുന്ന വയറ്, തുടകൾ, നിതംബം, ഇടകൾ, മുതുക് എന്നിവിടങ്ങളിലാണ് ലൈപ്പോസക്ഷൻ വിജയകരമായി ചെയ്തുവരുന്നത്. കീഴ്താടിക്കു താഴെയും കവിളിലും മുഖത്തും ഉണ്ടാവുന്ന കൊഴുപ്പിനെയും പ്രത്യേകം രൂപകൽപന ചെയ്ത ലൈപോസിറിഞ്ചുകൾ വഴി നിർമ്മാർജ്ജനം ചെയ്യാൻ കഴിയുന്നു.

ലൈപോസക്ഷൻ വഴി ഒരു പ്രാവശ്യം അഞ്ചു ലീറ്റർ കൊഴുപ്പ് വരെ നീക്കം ചെയ്യാവുന്നതാണ്. ഇതിനുമേൽ കൊഴുപ്പ് നീക്കം ചെയ്താൽ അത് രോഗിയുടെ രക്തസമ്മർദ്ദം കുറയ്ക്കാനും, രക്ത ചംക്രമണത്തിന് തടസമുണ്ടാക്കാനും ഉള്ള സാധ്യതയുണ്ട്. അത്യഅപൂർവമായി ചിലപ്പോൾ ഈ പ്രക്രിയയ്ക്കിടയിൽ രക്തക്കുഴലുകൾക്ക് നേർത്ത കീറലുണ്ടായി, കൊഴുപ്പ് രക്തക്കുഴലിലേക്ക് പ്രവേശിച്ച്, അതുവഴി ഹൃദയത്തിനുള്ളിൽ എത്തി ഹൃദയ ധമനികൾക്ക് ‘ ബ്ലോക്ക്’ ഉണ്ടാക്കുന്ന ഫാറ്റ് എംബോളിസം എന്ന അത്യപകടമായ അവസ്ഥയിലേക്ക് പരിണമിക്കുന്നു. ലൈപ്പോസക്ഷൻ അമിത വണ്ണത്തിനുള്ള ഒരു ശാശ്വത പരിഹാരമല്ല.

ഇതിനുശേഷം രോഗി, ആഹാരവും ദിനചര്യകളും ജീവിതശൈലിയും ക്രമീകരിച്ച് ഭാവിയിൽ ശരീരസ്ഥൂലനം ഉണ്ടാവാതെ സൂക്ഷിക്കേണ്ടതാണ്.

ലെപ്പോസക്ഷൻ പരിഹാരമാർമാവുന്ന ആരോഗ്യ-സൗന്ദര്യ പ്രശ്നങ്ങൾ ഇവയൊക്കെയാണ്.

∙ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അമിത മേദസ് നീക്കം ചെയ്യാൻ

∙ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന കൊഴുപ്പ് മുഴകളായ ‘ലൈപ്പോമ’കളെ നീക്കം ചെയ്യാൻ

∙ പുരുഷന്മാരുടെ അമിതവലിപ്പമുള്ള സ്തനങ്ങൾ ചെറുതാക്കാൻ

∙ സ്ത്രീസ്തനങ്ങളുടെ വലിപ്പം കുറയ്ക്കാൻ

∙ മന്ത് രോഗം ബാധിച്ച ശരീരഭാഗങ്ങളുടെ വലിപ്പം കുറയ്ക്കാൻ

∙ ശരീരത്തിൽ നിന്ന് കൊഴുപ്പ് എടുത്ത് ഇതര ശരീരഭാഗങ്ങൾ തുടുപ്പിക്കാൻ

ലൈപ്പോസക്ഷൻ വഴി പുറത്തേയ്ക്ക് എടുക്കുന്ന കൊഴുപ്പിനെ ശുദ്ധീകരിച്ച ശേഷം ശുഷ്കിച്ച ശരീരഭാഗങ്ങളിലേയ്ക്ക് അത് കുത്തിവച്ച് അവയെ കൂടുതൽ മാംസളമാക്കാൻ കഴിയും. ഉദാഹരണത്തിന് സ്ത്രീകളുടെ അടിവയർ ഭാഗത്ത് നിക്ഷിപ്തമായ കൊഴുപ്പിനെ പുറത്തേയ്ക്ക് എടുത്ത് ശുദ്ധീകരിച്ച ശേഷം ഇവ സ്തനങ്ങൾക്കുള്ളിൽ നിക്ഷേപിച്ചാൽ അവയ്ക്ക് വലിയ വർധനവും ആകാരവടിവും ലഭിക്കുന്നതാണ്. ഇങ്ങനെ ശരീരത്തിലുള്ള കൊഴുപ്പിനെ സ്ഥലം മാറ്റുന്നതിന് ലൈപോസക്ഷൻ തന്നെ വേണം.

ലൈപ്പോസക്ഷനു ശേഷം പാലിക്കേണ്ട കാര്യങ്ങൾ:

ഈ ചികിത്സയ്ക്കു ശേഷം ചിലപ്പോൾ ശരീരഭാഗങ്ങളിൽ കുറച്ചു നാളത്തേയ്ക്ക് നീരും ചതവും മറ്റും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പ്രശ്നപരിഹാരത്തിനായി ഫിസിയോതെറാപ്പിയും ശരീരത്തോട് ഇറുകിച്ചേർന്ന് പ്രഷർ ഗാർമെന്റ്സ് ധരിക്കേണ്ടതായി വരും. ചികിത്സയ്ക്ക് ഒരു മാസം കഴിഞ്ഞ ശേഷമേ കഠിനമായ ശരീര അധ്വാനവും വ്യായാമ മുറകളും ചെയ്തു തുടങ്ങാൻ പാടുള്ളൂ

കടപ്പാട്

ഡോ. എം എസ് ജയശേഖർ

MS, DNB,MCH,FRCS കൺസൾട്ടന്റ് പ്ലാസ്റ്റിക് & കോസ്മെറ്റിക് സർജൻ

സുവർണ പ്ലാസ്റ്റിക് സർജറി സെന്റർ

കൊച്ചാർ റോഡ്, ശാസ്തമംഗലം, തിരുവനന്തപുരം-10

ഫോൺ-9846116004