സ്ത്രീൾക്കു സംഭവിക്കാവുന്ന 5 മേക്അപ് അബദ്ധങ്ങൾ

ഒരു കല്ല്യാണത്തിനോ പാർട്ടിയ്ക്കോ എന്തിനധികം സുഹൃത്തുക്കൾക്കൊപ്പം ഒന്നു കറങ്ങിയടിക്കണമെങ്കിൽപ്പോലും മേക്അപ് ഇല്ലാതെ പോകുന്ന കാര്യം ആലോചിക്കാനാവില്ല പെൺകുട്ടികൾക്ക്. തിളങ്ങുന്ന വസ്ത്രവും സ്റ്റൈലൻ ഹെയർസ്റ്റൈലുമൊക്കെ ഉണ്ടാവുമെങ്കിലും മേക്അപ്പിന്റെ കാര്യത്തിൽ പലപ്പോഴും ദനയീയവുമാണ് ഇവരുടെ കാര്യം. പൗഡറും ഫൗണ്ടേഷനും കൺമഷിയും ലിപ്സ്റ്റിക്കുമെല്ലാം വാരിപ്പൊത്തിയാൽ സുന്ദരിയായെന്നാണു വിചാരം. എന്നാൽ തെറ്റിപ്പോയി, ഉപയോഗിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളോരോന്നും ഒരു പരിധിയിൽ കൂടുതൽ വാരിപ്പൊത്തുന്നത് കാഴ്ച്ചക്കാർക്ക് കൂടുതൽ അരോചകമാക്കുകയേ ഉള്ളു. പെണ്ണുങ്ങൾക്കു സാധാരണയായി സംഭവിക്കാറുള്ള 5 മേക്അപ് അബദ്ധങ്ങള്‍ കാണാം.

1) വരണ്ട മുഖത്ത് മേക്അപ് ഇടുന്നത്

കോംപാക്റ്റ് പൗഡറോ ഫൗണ്ടേഷനോ വരണ്ട മുഖത്ത് അപ്ലൈ ചെയ്യുന്നതിലും വൃത്തികേട് മറ്റൊന്നുമില്ല. തിരക്കിൽ അറിയാതെ ചെയ്തുപോകുന്നതാകാം, പക്ഷേ വരണ്ട മുഖത്തു മേക്അപ് ചെയ്യുന്നതു പാണ്ടു പിടിച്ചു കിടക്കും. അതിനാൽ മേക്അപ് ചെയ്യുന്നതിനു മുമ്പായി മുഖം നനയ്ക്കാൻ ശ്രദ്ധിക്കണം. മാത്രവുമല്ല വരണ്ട മുഖത്തു മേക്അപ് ചെയ്യുന്നതിലൂടെ കൂടുതൽ വരണ്ടതായി തോന്നിക്കുകയും ചെയ്യും.

2) ഫൗണ്ടേഷൻ പാകത്തില്‍

യഥാർഥ സ്കിൻ ടോണിനേക്കാൾ ഒരൽപമേ ഫൗണ്ടേഷൻ മുഖത്തു പുരട്ടാവൂ, അതല്ല മേൽക്കുമേൽ ഫൗണ്ടേഷൻ അപ്ലൈ ചെയ്യാൻ നിന്നാൽ നിങ്ങളുടെ മുഖം കൂടുതൽ വികൃതമാവുകയേ ചെയ്യൂ. അതുകൊണ്ട് നിറത്തിനനുസരിച്ച് ഫൗണ്ടേഷൻ ആദ്യം തിര‍ഞ്ഞെടുക്കുക തുടർന്ന് മുഖവും കഴുത്തും നനച്ചതിനു ശേഷം ഫൗണ്ടേഷൻ ഇടാം. ശ്രദ്ധിക്കുക, മുഖത്തു ചെയ്യുന്നതിനൊപ്പം കഴുത്തിലും മേക്അപ് ചെയ്യേണ്ടതാണ്. അല്ലെങ്കിൽ രണ്ടു നിറങ്ങളായി വേറിട്ടു നിൽക്കും.

3) കൺമഷി വേണം, കൂടിപ്പോവല്ലേ

കണ്ണിന്റെ സൗന്ദര്യം ഒന്നു വേറെതന്നെ എന്നു പറയുന്നതൊക്കെ ശരിതന്നെ. എന്നുവച്ചു കണ്ണിനകവും പുറവും വിവിധ നിറങ്ങളിലുള്ള കൺമഷികൾ കൊണ്ടു വാരിപ്പൊത്തിയാൽ ഭീകരമാവുകയേ ഉള്ളു. വളരെ കടും നിറത്തിലുള്ള ഐഷാഡോകൾ ഉപയോഗിക്കാതിരിക്കുക. കണ്ണിന്റെ മേക്അപ് പരമാവധി സ്വാഭാവികമാക്കണം. ഈവനിംഗ് പാർട്ടികളിൽ പോകുന്ന അവസരങ്ങളിൽ ഒരൽപം ഷിമ്മറോ സ്മോക്കി എഫക്റ്റോ നൽകാം.

4) ചെഞ്ചുണ്ടിൻ സൗന്ദര്യം കളയേണ്ട

സൗന്ദര്യ വർധക വസ്തുക്കളിൽ ലിപ്സ്റ്റിക് ഇല്ലാതൊരു കളിയില്ല. ചുവപ്പും മെറൂണും പിങ്കുമൊക്കെ അങ്ങനെ നിരന്നു കിടപ്പുണ്ടെന്നു കരുതി വാരിത്തേക്കരുത്. ചുണ്ടിന്റെ മേക്അപ്പും അമിതമായാൽ സ്വാഭാവിക ഭംഗി തന്നെ ഇല്ലാതാകും. ലിപ്സ്റ്റിക്കും തിരഞ്ഞെടുക്കുമ്പോൾ നിറത്തിനു ചേർന്നാകാൻ പ്രത്യേകം ശ്രദ്ധിക്കണം. ലിപ്സ്റ്റിക് പുരട്ടുമ്പോൾ ലിപ് ലൈനർ ഇടാതിരിക്കാനും മറക്കരുത്. ലിപ്ലൈനർ ലിപ്സ്റ്റിക്കിനേക്കാൾ കടുംനിറത്തിലുള്ളതും ആയിരിക്കണം. പലരും ഇതൊന്നും കാര്യമാക്കാത്തതുകൊണ്ടു തന്നെ മേക്അപ് ചെയ്തു കുളമാക്കാറാണു പതിവ്.

5) തിളക്കം തെല്ലു കുറയ്ക്കാം‌‌‌‌

പാർട്ടിയാണു തിളങ്ങണം കാര്യമൊക്കെ ശരി തന്നെ എന്നു വച്ച് കണ്ണിനു മുകളിൽ ഐഷാഡോ വാരിപ്പൊത്തിയാൽ എങ്ങനെയിരിക്കും. പറയാനുണ്ടോ പരമബോറായിരിക്കും. ഐഷാഡോ പരമാവധി തിളക്കം കുറഞ്ഞത് എടുക്കാന്‍ ശ്രദ്ധിക്കുക. ഇനി തിളക്കമുള്ളവ ഉപയോഗിക്കുകയാണെഭങ്കിൽ തന്നെ അവ പടരാതിരിക്കാന്‍ ഒരു ചെറിയ കോട്ട് ഐപ്രൈമര്‍ അടിക്കുക.