പടം വരയ്ക്കാം നഖങ്ങളിൽ

കൈകളുടെ ഏറ്റവും വലിയ സൗന്ദര്യം നീണ്ടു മെലിഞ്ഞ നഖങ്ങളാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. നഖങ്ങള്‍ക്കു മേക്അപ് ഇല്ലാതെ പുറത്തിറങ്ങാൻ പോലും കഴിയില്ല ഇന്നത്തെ പെൺകു‌ട്ടികൾക്ക്. പാർട്ടികളിലായിക്കോട്ടെ സ്കൂളിലോ ഓഫീസുകളിലോ പോകുമ്പോഴായാലും എന്തിനധികം വെറുതെ വീട്ടിലിരിക്കുകയാണെങ്കിലും നഖങ്ങൾ സുന്ദരമാക്കി വിധത്തിലും തരത്തിലുമുള്ള നെയിൽ പോളി​ഷുകൾ അടിക്കുന്നത് അവർക്കൊരു ഹരമാണ്. കൈകളിൽ കടുംനിറത്തിലും കാലുകളിൽ ഇളം നിറത്തിലുമൊക്കെയായി മനോഹരമായി നെയിൽ പോളിഷ് ചെയ്യും. ഇതിനിടയിൽ കുത്തുംപുള്ളിയും ചിത്രപ്പണികളുമൊക്കെയായി നെയിൽപോളിഷുകൾ വന്നു. എന്നാൽ ഈ രംഗത്തേക്ക് പുതുതായി കാലുകുത്തിയ ഒരു താരമുണ്ട്. നെയിൽബോട്ട് എന്നു പേരുള്ള ഈ വിദ്വാന്റെ സഹായത്തോടെ ഇനി നഖത്തിൽ പൂക്കളോ പൂമ്പാറ്റയോ നക്ഷത്രങ്ങളോ മൃഗങ്ങളോ മനുഷ്യരോ വരെ നഖങ്ങളിലെ താരങ്ങളാക്കാം.

ഇലക്ട്രോണിക് നെയിൽ പ്രിന്റർ ആണ് നെയിൽബോട്ട്. ഇതിനായി ആദ്യം നിങ്ങളുടെ സ്മാർട്ഫോണിനെ ബ്ലൂടൂത്ത് വഴി നെയിൽബോട്ടുമായി ബന്ധിപ്പിക്കണം. ആദ്യം നഖത്തിൽ ഏതെങ്കിലും നിറം പോളിഷ് ചെയ്യുക. ഇനി വിരൽ നെയിൽ ബോട്ടിലെ പ്രിന്റിങ് സ്ലോട്ടിൽ െകാണ്ടുചെന്നു വെക്കാം. തുടർന്നു ഗാലറിയിൽ നിന്നും ഇഷ്ടമുള്ള ചിത്രങ്ങൾ നെയിൽബോട്ടിലൂടെ തിരഞ്ഞെടുക്കുക. വൈകാതെ നിങ്ങൾ തിരഞ്ഞെടുത്ത ചിത്രം നഖത്തിൽ പ്രിന്റ് ചെയ്തുവരും. പക്ഷേ ഒരിത്തിരി സമയം കാത്തിരിക്കേണ്ടതുണ്ട് ഈ നെയിൽബോട്ടിനായി. 2016 ഒക്ടോബറോ‌ടെ മാത്രമേ സംഗതി വിപണിയിൽ ലഭ്യമാകൂ. സാധനം കയ്യിൽ കിട്ടിയാൽ പിന്നെ നഖങ്ങളിൽ ചിത്രപ്പണികൾ കൊണ്ടൊരു ആഘോഷമാക്കാം...