ഗൗണിലും ന്യൂജനറേഷൻ

കീശകാലിയാക്കാതെ സുന്ദരിയാകാൻ ന്യൂജനറേഷൻ ഗൗണുകൾ. തൂവെള്ള നെറ്റിൽ പൂക്കൾ വിരിയിച്ച ഗൗണിന് വിട ചൊല്ലി ഇപ്പോൾ. യുവാക്കൾക്കിടയിൽ തരംഗമാകുന്നത് ന്യൂജനറേഷൻ ഗൗണുകളാണ്. ക്രിസ്റ്റ്യൻ വധുവിനെ ഓർമിക്കുന്ന സ്വർഗീയ ഗൗൺ മാറി ഇപ്പോൾ അല്പം ഫാഷൻ കലർന്ന നിലത്തിഴയാത്ത ഗൗണുകൾക്കാണ് ആവശ്യക്കാർ ഏറെയും. ഈയിടെ പുറത്തിറങ്ങിയ പാദത്തോളമെത്തുന്ന നെറ്റ്, ഫ്ളെയർ ചുരിദാറുകളും പഴയകാല ഗൗണുകളും കൂട്ടിയോജിപ്പിച്ചാൽ പുതുതലമുറ സ്റ്റൈലൻ ഉടുപ്പ് തയാറായി. പാർട്ടികളിലും, വിവാഹവേളകളിലും തിളങ്ങാൻ തരുണീമണികൾക്ക് ഇതിൽ കൂടുതൽ എന്ത് വേണം?

കാഴ്ചയിൽ സംഗതി സൂപ്പർ. എന്നാൽ രൂപകൽപനയിൽ വളരെ ലളിതവും. അതാണ് ന്യൂജനറേഷൻ ഗൗണുകൾ. പല നിറങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പഴഞ്ചൻ ഫാഷന് ഗുഡ്ബൈ പറഞ്ഞ് മുഴുവനായും ഒരു നിറത്തിലുള്ള ഗൗണുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നതിൽ കൂടുതൽ. അഴകാർന്ന മുഴുനീളൻ നെറ്റ്, പാദം വരെ വീണു കിടക്കുമ്പോൾ കീഴ്ഭാഗത്തിന് ഭംഗി തോന്നിക്കാൻ നേർത്ത ലെയ്സ് പിടിപ്പിച്ചിരിക്കുന്നു. താഴോട്ടുള്ള അലങ്കാരപ്പണികൾ അവിടെ തീർന്നു. എന്നാൽ മേൽഭാഗം ആകർഷമാക്കാതിരിക്കാൻ സാധിക്കില്ലല്ലോ.

എത്ര ദൂരെ നിന്നാലും തിളക്കമറിയുന്ന വെളുത്ത സ്റ്റോണുകളാണ് വസ്ത്രത്തെ ഏറ്റവും മനോഹരമാക്കുന്നത്. പെട്ടെന്ന് കാണുമ്പോൾ വാരിവിതറിയ നക്ഷത്രങ്ങൾ പോലെ എന്നാൽ സൂക്ഷിച്ചുനോക്കുമ്പോൾ വളരെ സ്റ്റൈലിഷും ലളിതവുമായ ഡിസൈനിലാണ് ആ സ്റ്റോണുകൾ തുന്നിച്ചേർത്തിരിക്കുന്നത്. അഴകളവ് എടുത്തു കാണിക്കാൻ പിന്നിൽ ഇലാസ്റ്റിക് ഡിസൈൻ കൂടി ചേർന്നപ്പോൾ ഗൗൺ തയാർ. ഏത് ആനന്ദനിമിഷങ്ങൾക്കും ആത്മവിശ്വാസത്തോടെ തിളങ്ങാൻ ഇത് തന്നെ ധാരാളം. ഇത്രയൊക്കെയാണെങ്കിലും വിലയും താരതമ്യേന കുറവാണ് 2000 രൂപ മുതലാണ് ഇത്തരം ഗൗണുകൾക്ക് വില ഈടാക്കുന്നത്.