അകാലനരയുടെ കാരണങ്ങള്‍

Representative Image

പ്രായമാകുന്നതിന്‍റെ പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ് നര. എന്നാല്‍ അതുകൊണ്ടു പ്രായമായതിന്‍റെ എല്ലാ അസ്കിതകളും നിങ്ങള്‍ക്കു വരാന്‍ പോകുന്നു എന്ന് അര്‍ത്ഥമില്ല. മുടിക്കു നിറം നല്‍കുന്ന മെലാനിന്‍ എന്ന വസ്തു ഉത്പാദിപ്പിക്കുന്ന അളവ് രോമകൂപങ്ങളില്‍ കുറയുമ്പോഴാണ് മുടി നരയ്ക്കുന്നത്. പലര്‍ക്കും മുപ്പതുകളില്‍ നരച്ചു തുടങ്ങാറാണു പതിവ്. ചിലര്‍ക്ക് 20കളില്‍ തന്നെ മുടി നരച്ചു കാണുന്നുണ്ട്. ഇതിനു പല കാരണങ്ങളും ശാസ്ത്രം പറയുന്നു.

പാരമ്പര്യം

പലര്‍ക്കും മുടി ചെറുപ്പത്തില്‍ നരയ്ക്കുന്നതിന്‍റെ കാരണം പാരമ്പര്യമാണ്. മാതാപിതാക്കളോട് അവരുടെയും മുത്തശ്ശന്‍റെയും മുത്തശ്ശിയുടെയും മുടി നരച്ചു തുടങ്ങിയ പ്രായം ചോദിച്ചു മനസിലാക്കാം, പാരമ്പര്യം ആണ് നരയുടെ കാരണമെങ്കില്‍.

പുകവലി

സംശയിക്കണ്ട പുകവലിക്ക് ഇങ്ങനെ ഒരു ദൂഷ്യവശം കൂടെയുണ്ട്. പാരമ്പര്യo കാരണമോ മറ്റു പ്രശ്നങ്ങള്‍ കാരണമോ നര ബാധിക്കാന്‍ സാധ്യത ഉള്ളവരില്‍ പുകവലി നരയ്ക്കാനുള്ള പ്രവണത വേഗത്തിലാക്കും. പുകവലി ഉപേക്ഷിക്കുന്നത് മുടി നരയ്ക്കുന്നതിന്‍റെ വേഗം കുറയ്ക്കും.

മലിനീകരണം

വായുമലിനീകരണം അകാലനരയുടെ പ്രധാനകാരണമാണ്. അതുപോലെ തന്നെ വെയിലും മറ്റൊരു വില്ലനാണ്. സൂര്യപ്രകാശത്തില്‍ ഉള്ള അള്‍ട്രവയലറ്റ് രശ്മികളും അകാലനരയുണ്ടാവാൻ കാരണമാകുന്നു. തലമുടിയെ സംരക്ഷിക്കുന്ന ജെല്ലുകളോ ക്രീമുകളോ പുരട്ടിയതിനുശേഷം പുറത്തിറങ്ങുന്നത് ഈ പ്രശ്നങ്ങളില്‍ നിന്നും മുടിയെ രക്ഷിക്കും. സൂര്യരശ്മികളില്‍ നിന്നുകൂടി മുടിക്കു സംരക്ഷണം നല്‍കുന്ന ഉൽപന്നം നോക്കി വാങ്ങുക. വെയിലത്തു പുറത്തിറങ്ങുമ്പോള്‍ ഷാളോ സ്കാര്‍ഫോ തലയില്‍ പുതയ്ക്കുന്നതും മുടിക്കു സംരക്ഷണം നല്‍കും.

ശാരീരികപ്രശ്നങ്ങള്‍

വിളര്‍ച്ചയുടെ വകഭേദമായ പെര്‍നിഷ്യസ് അനീമിയ അകാലനരയ്ക്കു കാരണം ആകാം.  വിറ്റാമിന്‍ b 12 ആഗിരണം ചെയ്യാനുള്ള കഴിവ് ശരീരത്തിനില്ലാത്തത് കാരണം ചുവന്ന രക്താണുക്കളുടെ അളവ് ക്രമാതീതമായി കുറയുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. പിട്ട്യൂറ്ററി, തൈറോയിട് എന്നീ ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടും അകാലനരയ്ക്ക് കാരണമാകാം