മുഖക്കുരുവിന്റെ പാടുകൾ മാറ്റാം, ചർമ്മം സുന്ദരമാക്കാം!

Representative Image

തിളക്കമില്ലാത്ത ചർമ്മം, പാടുകൾ... എല്ലാം മാറി മുഖം ഇപ്പോൾ വിടർന്ന പൂവുപോലെ ഫ്രഷ് ആകണമെങ്കിൽ സ്കിൻ വൈറ്റ്നിങ് ട്രീറ്റ്മെൻറ് ചെയ്യണം. പക്ഷേ, സ്കിൻ വൈറ്റ്നിങ് ട്രീറ്റ്മെൻറ് കഴിയുമ്പോഴേക്കും ചർമ്മം വെളുത്ത് പാൽ പോലെയാകും എന്നു തെറ്റിദ്ധരിക്കരുത്. നിറം അൽപം കൂടി പ്രകാശപൂർണ്ണമാവുക, നെറ്റി, കണ്ണിനു താഴ്ഭാഗം ഇവിടങ്ങളിൽ കറുപ്പു പടർന്നിരിക്കുന്നുവെങ്കിൽ മായിക്കുക, കരിമംഗല്യം, മുഖക്കുരു ഇവയുടെ പാടുകൾ മായ്ക്കുക... ഇവയെല്ലാമാണ് സ്കിൻ വൈറ്റ്നിങ് ട്രീറ്റ്മെൻറിൻറെ ഫലങ്ങൾ. ചർമ്മം അൽപം കൂടി തിളക്കമുള്ളതായി മാറും, പരുക്കൻ ചർമ്മം മൃദുലമാകും.

നാലു പ്രധാന ഘട്ടങ്ങൾ

സ്കിൻ പീലിങ്, മൈക്രോ ഡെർമാബറേഷൻ, ഗാൽവാനിക് ട്രീറ്റ്മെൻറ്, സിറം തെറപ്പി ഇവയാണ് വൈറ്റ്നിങ് ട്രീറ്റ്മെന്റിലെ പ്രധാന നാലു ഘട്ടങ്ങൾ. മൃതകോശങ്ങൾ ചർമ്മത്തിൽ അടിഞ്ഞുകൂടിയാൽ സൂര്യപ്രകാശമേൽക്കുമ്പോൾ കറുത്തപാടുകൾക്കു കാരണമാകും. മൃതകോശങ്ങളെ നീക്കാനാണു സ്കിൻപീലിങ്ങും മൈക്രോ ഡെർമാബറേഷനും.

ചർമ്മത്തിനു പുതുജീവൻ പകരാൻ ഗാൽവാനിക് ട്രീറ്റ്മെൻറ് വഴി കഴിയും. വൈറ്റമിൻസ് അടങ്ങിയ വൈറ്റമിനോ ഫേഷ്യൽ ചർമ്മത്തിനു പുതുമയും ജീവനും നൽകും. അവസാനം ചർമ്മത്തിൽ സ്കിൻ ടൈറ്റ്നിങ് പായ്ക് കൂടി നൽകുന്നു.

സാധാരണ ചർമ്മമാണെങ്കിൽ ആഴ്ച്ചയിൽ ഒന്നു വീതം മൂന്നു സിറ്റിങ്ങുകൾ കൊണ്ട് ചർമ്മത്തിനു പുതുശോഭയുണ്ടാവും. ചിലർക്ക് ആറോ ഏഴോ സിറ്റിങ്ങുകൾ ആവശ്യമായി വരാറുണ്ട്. 350 രൂപ മുതൽ 2000 രൂപ വരെയാണ് ഓരോ സിറ്റിങ്ങിനും ചാർജു ചെയ്യുക.

ട്രീറ്റ്മെൻറിനു ശേഷം സൂര്യപ്രകാശം നേരിട്ടു മുഖത്തു വീഴാൻ അനുവദിക്കരുത്. സോപ്പ്, ഫേസ് ‍വാഷ്, ഇവയും ഉപയോഗിക്കരുത്. പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കാൻ മറക്കരുത്. ട്രീറ്റ്മെന്റിനൊപ്പം തന്നെ ഒരു ഫിസിഷ്യൻറെ സഹായത്തോടെ മൾട്ടിവിറ്റമിൻ, വൈറ്റമിൻ ഇ ടാബ്ലറ്റുകൾ കഴിക്കുന്നത് ഗുണം ചെയ്യും. കാരറ്റ് ജ്യൂസ്, ഓറഞ്ച്, മുളപ്പിച്ച ധാന്യങ്ങൾ ഇവയും ഭക്ഷണത്തിൽ ധാരാളം ചേർക്കണം