ഒഴിവാക്കാം സൗന്ദര്യ സംരക്ഷണത്തിലെ ഈ 7 അബദ്ധങ്ങള്‍

Representative Image

കേശസംരക്ഷണത്തിനും ചർമ്മകാന്തി വർദ്ധിപ്പിക്കാനുമുള്ള പല വഴികളും പരീക്ഷിക്കുന്നവരാണ് നമ്മിലധികവും. എന്നാൽ മിക്കപ്പോഴും അവയിൽ പലതും വേണ്ടത്ര ഫലം കാണാറില്ല. സൗന്ദര്യസംരക്ഷത്തിൽ നാം പിന്തുടരുന്ന തെറ്റായ രീതികൾ മൂലം ആകാമത്. അത്തരത്തിൽ സാധാരണയായി സംഭവിക്കുന്ന 7 അബദ്ധങ്ങൾ നോക്കാം

1)മേക്കപ്പിനു മുമ്പ് മോയ്സ്ച്ചറൈസർ

Representative Image

മുഖം തിളങ്ങാൻ മേക്കപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് മോയ്സ്ചറൈസിങ്ങ് ക്രീം ഉപയോഗിക്കണമെന്നത് ഏവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ മോയ്സ്ചറൈസിങ് ക്രീം ചർമ്മം ആഗിരണം ചെയ്യാന്‍ ആവശ്യത്തിന് സമയം നൽകിയില്ലെങ്കിൽ അത് വിപരീതഫലമായിരിക്കും നൽകുക. പലരും മോയ്സ്ചറൈസര്‍ പുരട്ടി ഉടൻ തന്നെ മേക്കപ്പ് ഇടുകയാണ് പതിവ്. എന്നാൽ ഇതു മൂലം മേക്കപ്പ് വേഗം നഷ്ടപ്പെട്ടു പോകാനാണു സാധ്യത. മോയ്സചറൈസിങ്ങ് ക്രീം പുരട്ടി ഒരു മിനുട്ടെങ്കിലും കാത്തിരുന്ന ശേഷം മാത്രം മേക്കപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

2)കഴുത്തിനും വേണം കെയർ

Representative Image

മുഖകാന്തി സംരക്ഷിക്കാനായുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരിൽ ഏറെയും കഴുത്തിന്റെ കാര്യം വിട്ടുപോകാറാണ് പതിവ്. മുഖത്ത് ക്ലെൻസറുകളും ക്രീമുകളും ഉപയോഗിക്കുന്നതിനൊപ്പം തന്നെ കഴുത്തിലും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മുഖചര്‍മ്മം പോലെ മൃദുലവും സംരക്ഷണം ആവശ്യമായതുമാണ് കഴുത്തിലെ ചർമ്മവും. മാത്രമല്ല മുഖത്തിനൊപ്പം കാന്തി കഴുത്തുകൾക്കും ലഭിച്ചാൽ മാത്രമേ പെർഫക്റ്റ് ലുക്ക് ലഭിക്കു.

3)പെർഫ്യൂം ഉപയോഗിക്കുമ്പോൾ

Representative Image

പെർഫ്യൂമുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ശരീരത്തിനു വേണ്ടിയാണ്. വസ്ത്രങ്ങൾ അണിഞ്ഞ ശേഷം പെർഫ്യൂം ഉപയോഗിക്കുന്നതാണ് മറ്റൊരു തെറ്റായ പ്രവണത. ശരീരത്തിലെ ഊഷ്മാവുമായി പ്രവർത്തിക്കുമ്പോഴാണ് പെർഫ്യുമുകൾ ഫലപ്രദമാകുന്നത്. വസ്ത്രത്തിനു പുറമെ ഉപയോഗിച്ചാൽ അവ തുണിത്തരങ്ങളിൽ പാടുകൾ ഉണ്ടാകുന്നതിനു കാരണമാകും. മാത്രമല്ല വസ്ത്രങ്ങളുടെ ഇഴകളുമായി ചേർന്നു പ്രവർത്തിക്കുമ്പോൾ പെർഫ്യൂമുകൾക്ക് സുഖകരമല്ലാത്ത വാസനയാവും ഉണ്ടാവുക.

4)പുരികങ്ങൾ ഷെയ്പ്പു ചെയ്യുമ്പോൾ

Representative Image

പുരികങ്ങള്‍ സ്വയം ത്രഡ് ചെയ്യുന്നവരാണോ നിങ്ങൾ‍? എന്നാൽ ഇത് ശ്രദ്ധിച്ചോളൂ. കണ്ണാടിയോടു ചേർന്നു നിന്നു പുരികം ഷെയ്പ്പു ചെയ്താൽ കൃത്യമായ അളവിൽ രണ്ടു പുരികങ്ങളും ഷെയ്പു ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. പുരികങ്ങളിലെ രോമങ്ങളില്‍ മാത്രം അധിക ശ്രദ്ധ നൽകുന്നതു കൊണ്ട് അവ രണ്ടും ഒരേ ആകൃതിയിലാക്കാൻ സാധിക്കില്ല. അതുകൊണ്ട് ഒരു വലിയ കണ്ണാടിയെടുത്ത് ഒന്നു രണ്ടു ചുവടുകൾ അകലത്തിൽ നിന്നു ത്രഡ് ചെയ്യു. നിങ്ങൾ ഉദ്ദേശിക്കുന്ന ആകൃതിയിൽ പുരികങ്ങൾ ഷെയ്പു ചെയ്യാനാകും.

5)പരിചരണം അധികമായാൽ

Representative Image

മുഖക്കുരുവും മറ്റു പാടുകളും അകറ്റാനുള്ള പല ഉത്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്. ഇത്തരം പ്രശ്നങ്ങളിൽ നിന്നും വേഗം രക്ഷ നേടാൻ കൂടിയ അളവിൽ ക്രീമുകളും മറ്റും പുരട്ടുന്നവർ ഏറെയാണ്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. മുഖസംരക്ഷണത്തിനുള്ള ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ആസിഡുകൾ ഏറെ നേരം ചർമ്മത്തിലിരുന്നാൽ അവ ചർമ്മം അമിതമായി വരളുന്നതിനു കാരണമാകും. അധിക അളവിൽ അവ ഉപയോഗിച്ചാൽ ചർമ്മത്തിൽ പൊള്ളലേൽക്കാനും സാധ്യതയുണ്ട്.

6)കൺതടങ്ങളിൽ മോയ്സചറൈസർ വേണ്ട

Representative Image

ക്ഷീണവും മറ്റും മൂലം കൺതടങ്ങളിൽ തടിപ്പുണ്ടാകുന്നത് സാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ പലരും കണ്ണുകൾക്കായുള്ള ക്രീമുകളും മറ്റ് മോയ്ചറൈസറുകളും ഉപയോഗിക്കുകയാണ് പതിവ്. ഇത് തെറ്റായ രീതിയാണ്. കണ്ണിനു ചുറ്റുമുള്ള ജലാംശം ചർമ്മത്തിൽ തന്നെ പിടിച്ചു നിർത്തുന്നതിലൂടെ തടിപ്പ് അധികമാകുന്നതിന് ഇത് കാരണമാകും. അതിനാൽ ക്രീമുകൾക്കു പകരം തണുത്ത ഐസ് ക്യൂബുകൾ ഉപയോഗിച്ചാൽ മതിയാകും.

7)കണ്ടീഷണർ ഉപയോഗിക്കുമ്പോൾ

Representative Image

ഭൂരിഭാഗം പേരും ഷാംപൂ ഉപയോഗിക്കുന്ന അതേ രീതിയാലാണ് കണ്ടീഷണറും ഉപയോഗിക്കുന്നത്. എന്നാൽ ശിരോചർമ്മത്തോടു ചേർന്നുള്ള മുടിയുടെ ഭാഗം വളർച്ച സംഭവിക്കുന്നതും ഏറ്റവും ബലമുള്ളതുമായിരിക്കും. അതിനാൽ ഈ ഭാഗത്ത് കണ്ടീഷണർ ഉപയോഗിക്കേണ്ട കാര്യമില്ല. പകരം എളുപ്പത്തിൽ പൊട്ടിപ്പോകാൻ സാധ്യതയുള്ള അഗ്രഭാഗത്തിനാണ് പരിചരണം നൽകേണ്ടത്. ദിനവും ഷാംപൂ ചെയ്യുന്നതും മുടിയിഴകൾക്ക് ദോഷം മാത്രമേ ചെയ്യൂ.