ആരും കൊതിച്ചുപോകും മുടിയഴകിനായി 7 കാര്യങ്ങൾ

Representative Image

സിനിമയിലും പരസ്യങ്ങളിലുമൊക്കെ അഭിനയിക്കുന്ന പെൺകുട്ടികളെ കാണുമ്പോൾ 'ഹൊ എന്തു ഭംഗിയാ ആ മുടി കാണാൻ' എന്നു തോന്നാത്തവരുണ്ടാകില്ല. എന്നാല്‍ സിനിമകളില്‍ മാത്രമല്ല നിത്യജീവിതത്തിലും അത്തരത്തിൽ ഏറെക്കുറെ പെര്‍ഫക്ടായ മുടിസ്വന്തമാക്കുവാൻ കഴിയും. വെറും ഭംഗി മാത്രമല്ല കാണുമ്പോൾ തന്നെ നല്ല ഫ്രഷ് ലുക്കു കൂടി തരുന്ന മുടി സ്വന്തമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? അതിനായി ചില പൊടിക്കൈകൾ ശീലിച്ചാൽ മാത്രം മതി.

1. രാത്രിയില്‍ കുളിക്കുകയാണെങ്കില്‍ തലമുടി ഉണങ്ങാനുള്ള സമയം കണക്കാക്കി ചെയ്യുക. വൈകി കുളിക്കേണ്ടി വരുന്ന അവസരങ്ങളിൽ ഹെയര്‍ ഡ്രയറില്‍ ചൂടുകാറ്റില്ലാതെ മുടി ഉണക്കുക. അല്‍പ്പം ഈര്‍പ്പം മുടിയില്‍ നിര്‍ത്തി വേണം ഉണക്കാന്‍. ബാക്കി തനിയെ ഉണങ്ങാന്‍ അനുവദിക്കണം.

2. കിടക്കുന്നതിന് മുമ്പു മുടി ചീകുന്നത് ശീലമാക്കുക. ഒപ്പം മുടി പിന്നി ഇടാന്‍ ശ്രമിക്കുക. ഇത് ഉറങ്ങുന്നതിനിടെ മുടി കെട്ടു പിണയുന്നതും ഉടക്കുന്നതും ഒഴിവാക്കും. രാവിലെ എഴുന്നേറ്റ് അഴിച്ചാല്‍ ഫ്രഷായ മുടി നിങ്ങള്‍ക്കു കാണാം.

3. പിന്നിക്കെട്ടുന്നതിനു സമയമില്ലെങ്കിലോ മുടി നല്ല നീളമുള്ളതോ ആണെങ്കില്‍ ബണ്‍ രീതിയിലും മുടി കെട്ടി വക്കാം. കെട്ടി വക്കുന്നത് മുടി ചുളുങ്ങാതിരിക്കാന്‍ സഹായിക്കും.

4.കിടക്കുന്നതിന് മുമ്പ് ചെറുതായി വെളിച്ചെണ്ണ പുരട്ടുന്നതും മുടിക്കു ഗുണം ചെയ്യും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തിളക്കം കിട്ടും. പക്ഷെ എണ്ണ അല്‍പം മാത്രമെ പുരട്ടാവു. അതും അറ്റത്തു മാത്രം. തലയോടില്‍ എണ്ണ പുരട്ടരുത്.

5. ബോഡി ലോഷനാണ് തലമുടി നന്നായി സൂക്ഷിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം. വെളിച്ചെണ്ണ പോലെ തന്നെ ബോഡി ലോഷനും അല്‍പ്പം മാത്രമെ ഉപയോഗിക്കാവു. അതും ചീകിയ ശേഷം മുടിയില്‍ മാത്രം. ബോഡി ലോഷന്‍ പുട്ടിയ ഉടനെ കിടക്കരുത, 10 മിനിറ്റെങ്കിലും സമയം കൊടുക്കുക.

6. ബേബി കെയര്‍ ഉൽപ്പന്നങ്ങള്‍ മുടിക്ക് ഉപയോഗിക്കുന്നതും നല്ലതാണ്. ബേബി ഷാമ്പു ഉപയോഗിച്ചു മുടി കഴുകുന്നതും ബേബി ഓയില്‍ മുടിയില്‍ പുരട്ടുന്നതുമൊക്കെ മുടിയെ ഫ്രഷ് ആയി വെക്കാന്‍ സഹായിക്കുന്നു.

7. പ്ലാസ്റ്റിക് ക്ലിപ്പുകള്‍ ഉപയോഗിച്ചു രാത്രിയിൽ തല കെട്ടി വക്കുക. ലോഹ ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത് മുടി കെട്ടു കൂടാനും വേഗത്തിൽ പൊട്ടി പോകാനും ഇടയാക്കും.