എത്ര ശ്രമിച്ചിട്ടും വയർ കുറയുന്നില്ലേ, ഇതാണാ 6 കാരണങ്ങൾ!

Representative Image

സൈസ് സീറോ ആവണമെന്നൊന്നും ആഗ്രഹമില്ല പക്ഷേ ഈ ചാടിവരുന്ന വയർ ഒന്നു കുറഞ്ഞിരുന്നെങ്കിൽ... ഭൂരിഭാഗം യുവാക്കളുടെയും യുവതികളുടെയും പരാതിയാണിത്. ഭക്ഷണരീതിയും ജീവിതശൈലിയുമൊക്കെയാണ് വയർ നാൾക്കുനാൾ ചാ‌ടിവരാൻ കാരണം. ഭക്ഷണം മാത്രമല്ല മറ്റു ചില കാര്യങ്ങളും നിങ്ങളുടെ വയർ ചാടാൻ കാരണമാകുന്നുണ്ട്. അവയേതൊക്കെയാണെന്നു നോക്കാം.

ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നത്

Representative Image

ഓഫീസിലേക്കും കോളേജിലേക്കും പോകാനുള്ള തിരക്കിനിടയിൽ ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നവരാണ് മിക്കവരും. രാവിലെ കഴിച്ചില്ലേലും കുഴപ്പമില്ല അതിനുംകൂടി കൂട്ടി ഉച്ചയ്ക്കു കഴിക്കാമെന്നു കരുതും. എന്നാൽ ഇതു തീരെ തെറ്റായ ശീലമാണെന്നു മനസിലാക്കിക്കോളൂ. ദിവസത്തിലെ ഏറ്റവും പ്രധാനമുള്ള ഭക്ഷണമാണു ബ്രേക്ഫാസ്റ്റ്. ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നതു നിങ്ങളുടെ മെറ്റാബൊളിസത്തെ പതിയെയാക്കും. മാത്രമല്ല രാവിലെ കഴിക്കാതിരുന്നതിലൂടെ ഉച്ചയ്ക്ക് ഇരട്ടി ഭക്ഷണം കഴിക്കുകയും ചെയ്യും ചിലർ. ഇതെല്ലാം വയർ ചാടാൻ കാരണമാകുന്നു.

സോഡയോടുള്ള ഇഷ്ടം

Representative Image

സോഫ്റ്റ് ഡ്രിങ്ക്സ് എന്നു കേൾക്കുമ്പോഴേയ്ക്കും ചാടിവീഴുന്നവരാണ് കൂടുതൽപേരും. എന്നാൽ കാർബോണേറ്റഡ് ഡ്രിങ്ക്സ് വിശപ്പു വർധിപ്പിക്കുകയും ഇതു കൂടുതൽ ഭക്ഷണം കഴിക്കാനിട വരുത്തുകയും അതുവഴി വയർ ചാടുകയും ചെയ്യും.

മദ്യപാനത്തോടു ഗുഡ്ബൈ

Representative Image

സദസുകൾ കൊഴുപ്പിക്കാൻ മദ്യത്തെ കൂട്ടുപിടിക്കുന്നവരും കുറവല്ല. അതിൽ തന്നെയും ആൺപെൺ വ്യത്യാസമില്ലാതെ മദ്യത്തോട് ആസക്തിയുള്ളവരുടെ എണ്ണം കൂടുകയാണ്. എന്നാൽ മദ്യപാന പ്രിയരും ശ്രദ്ധിച്ചോളൂ നിങ്ങളും വയർ ചാ‌ടുന്ന പ്രശ്നം അധികം വൈകാതെ അഭിമുഖീകരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മദ്യപിക്കുന്നതും വിശപ്പു വര്‍ധിക്കുകയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു വർധിപ്പിക്കുകയും ചെയ്യും.

വൈകി ഭക്ഷണം കഴിക്കുന്നത്‌

Representative Image

വൈകി ഭക്ഷണം കഴിക്കുന്നതും വയർ ചാടാൻ‍ കാരണമാകും. ഭക്ഷണം കഴിച്ചയുടൻ കിടന്നുറങ്ങാൻ പോകുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. നേരെ മറിച്ച് കിടന്നുറങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ പിന്നീടും നമ്മൾ ആക്റ്റീവ് ആയി ഇരിക്കുന്നതിലൂടെ െകാഴുപ്പ് പെട്ടെന്ന് അലിഞ്ഞുപോകും.

മതിയായ ഉറക്കം ഇല്ലായ്മ

Representative Image

പാതിരാ വരെ സിനിമയും കണ്ടു സോഷ്യൽ മീഡിയകളിലും പാറിപ്പറന്ന് നടക്കുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങളിലും കുടവയർ ചാടാൻ അധികം സമയം വേണ്ട. രാത്രി മതിയായ ഉറക്കം കിട്ടാത്തത് ഗ്രെലിൻ എന്ന ഹോര്‍മോണിനെ കൂടുതൽ ഉൽപാദിപ്പിക്കുകയും ഇതു വിശപ്പു കൂട്ടുകയും ചെയ്യും.

അമിതസമ്മർദ്ദം

Representative Image

ജോലി സംബന്ധമായും കുടുംബങ്ങളിലെ പല പ്രശ്നങ്ങൾ മൂലവു പലരും സമ്മർദ്ദത്തിൽ പെടാറുണ്ട്. എന്നാൽ ഈ സമ്മർദ്ദം നിയന്ത്രണാതീതമാവുകയാണെങ്കിൽ അതു കോർട്ടിസോൾ, നോർപൈൻഫ്രിൻ, എപിൻഫ്രൈൻ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കും. കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോൺ ശരീരത്തിൽ കൊഴുപ്പിന്റെ അളവു കൂട്ടുകയും കൊഴുപ്പു കോശങ്ങളെ വികസിപ്പിക്കുകയും ചെയ്യും.