മഞ്ഞുകാലമെത്തി, ചർമവും മുടിയും സംരക്ഷിക്കാൻ ചില കാര്യങ്ങള്‍

Representative Image

മഞ്ഞുകാലം എന്നു കേൾക്കുമ്പോൾ ഒരു കുളിരൊക്കെയുണ്ടെങ്കിലും ശരീരത്തെ സംബന്ധിച്ച് മഞ്ഞുകാലം വരൾച്ചയുടെ കാലമാണ്. ചർമവും മുടിയും വരളുന്നത് മഞ്ഞുകാലത്ത് പതിവാണ്. ചർമത്തിനും മുടിക്കും പ്രത്യേക പരിചരണം ആവശ്യമായ കാലം കൂടിയാണ് ഇത്. മഞ്ഞുകാലത്തു സൗന്ദര്യസംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണു താഴെ നൽകിയിരിക്കുന്നത്.

∙ തണുപ്പുകാലത്ത് ഒരു ദിവസം കുളിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നു കരുതുന്നവരുണ്ടാകും. എന്നാൽ അങ്ങനെയല്ല, തണുപ്പുകാലത്തും ഒരു നേരമെങ്കിലും നിർബന്ധമായും കുളിച്ചിരിക്കണം. മാത്രമല്ല, നല്ല ചുടുവെള്ളം ഒഴിവാക്കുക. ഇളം ചൂടുവെള്ളം ഉപയോഗിക്കാം. മൈൽഡ് സോപ്പുകളോ മോയ്സ്ച്യൂറൈസിങ് സോപ്പുകളോ ഉപയോഗിക്കുക.

∙മുഖം, കൈ കാലുകൾ, നഖം എന്നിവ മോയ്സ്ചർ ആയി ഇരിക്കാൻ ശ്രദ്ധിക്കണം. ശരീരത്തിൽ എണ്ണതേച്ചു കുളിക്കുക. കുളികഴിഞ്ഞു വന്നാലുടൻ ഈർപ്പമുള്ള ശരീരത്തിൽ തന്നെ ബോഡി ലോഷ്ൻ പുരട്ടുക.

∙വേനൽക്കാലത്തു മാത്രമല്ല, മഞ്ഞുകാലത്തും സൺസ്ക്രീൻ അത്യാവശ്യമാണ്. പുറത്തിറങ്ങുന്നതിനു 15 മിനിറ്റു മുൻപായി സൺസ്ക്രീൻ ലോഷ്യൻ പുരട്ടുക.

∙ഡിയോഡ്രന്റ് ഉപയോഗം കുറയ്ക്കുക.

∙ഷാംപൂവിന്റെ ഉപയോഗം കുറയ്ക്കാം. ഉപയോഗിക്കുന്നെങ്കിൽ തന്നെ മൈൽഡ് ഷാംപൂ തിരഞ്ഞെടുക്കുക. കണ്ടീഷനറുകൾ ഉപയോഗിക്കാം. പ്രകൃതിദത്തമായ നല്ല കണ്ടീഷനറാണ് തേങ്ങാപ്പാൽ.

∙ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും മുടിയിൽ എണ്ണ തേയ്ക്കുക.

∙ ഹെയർ ഡ്രയറുകൾ ഒഴിവാക്കുക. പ്ലാസ്റ്റിക് ചീപ്പുകൾക്കു പകരം മരംകൊണ്ടുള്ള ചീപ്പുകൾ ഉപയോഗിക്കുന്നത് മുടി ഡ്രൈ ആകുന്നത് കുറയ്ക്കാൻ സഹായിക്കും.

∙ ചുണ്ട് ഇടയ്ക്കിടെ നനയ്ക്കാതിരിക്കുക. അതു ചുണ്ടിന്റെ വരൾച്ച കൂട്ടുകയേ ളള്ളൂ. പകരം ലിപ് ബാമുകൾ ഉപയോഗിക്കാം.

വരണ്ട ചർമം ഉള്ളവർ ശ്രദ്ധിക്കണം

∙സോപ്പ് ഉപയോഗിക്കാതിരിക്കുക. പകരം നാരങ്ങ– മഞ്ഞൾപൊടി മിശ്രിതം ഉപയോഗിക്കാം.

∙ കാൽപാദം വണ്ടുകീറുന്നവർ കാൽ 15 മിനിറ്റ് ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുക. പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് സ്ക്രബ് ചെയ്തതിനു ശേഷം ക്രീം പുരട്ടി കാലിൽ തുണി ചുറ്റികെട്ടി വയ്ച്ചു കിടന്നുറങ്ങാം.

∙നാരങ്ങാനീരിൽ പഞ്ചസാര ചേർത്ത് സ്ക്രബ് ചെയ്താൽ കൈകളും മുഖവും കൂടുതൽ മൃദുവാകും.

∙ മുഖത്തെ വരൾച്ച മാറ്റാൻ പാലോ പാൽപാടയോ മുഖത്തു പുരട്ടാം.

വീട്ടിലുണ്ട് സൗന്ദര്യം

മുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണത്തിനായി ബ്രാൻഡഡ് ബ്യൂട്ടി പ്രോഡക്ട്സ് തേടി കടകൾ തോറും കയറിയിറങ്ങേണ്ട കാര്യമില്ല. നമ്മുടെ വീട്ടിൽ കിട്ടുന്ന സാധനങ്ങളിൽ ഭൂരിഭാഗവും നല്ല സൗന്ദര്യവർധക വസ്തുക്കളാണ്. ഇതാ മുടിയുടെയും ചർമത്തിന്റെയും വരൾച്ചയെ തടയുന്ന ചിലത്

വെളിച്ചെണ്ണ

തണുപ്പുകാലത്ത് മുടിയ്ക്കും ചർമത്തിനും ഒഴിവാക്കാനാകാത്ത ഒന്നാണ് വെളിച്ചെണ്ണ. കുളിക്കുന്നതിനു മുൻപായി ശരീരത്തിൽ എണ്ണ പുരട്ടാം. എണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്ന ഹോട്ട് ഓയിൽ മസാജ് താരൻ ഇല്ലാതാക്കും.

കറ്റാർവാഴ

എണ്ണമയമുള്ളതും വരണ്ട ചർമ്മമുള്ളവർക്കും ഒരു പോലെ ക്ലെൻസറായി ഉപയോഗിക്കാവുന്നവയാണ് കറ്റാർവാഴയും നാരങ്ങയും. ആന്റി ഓക്സിഡന്റ് കൂടിയായ കറ്റാർവാഴ പുതിയ കോശങ്ങളുടെ വളർച്ചയ്ക്കും സഹായകമാണ്.

പാൽ

ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുള്ള പാലും പാലുൽപന്നങ്ങളും നല്ലൊരു മോയ്സ്ചുറൈസർ കൂടിയാണ്. ചർമത്തിന്റെ പിഎച്ച് ലെവൽ നിലനിർത്താനും സഹായിക്കും. പാലും റോസ്‌വാട്ടറും ചേർത്ത മിശ്രിതം ശരീരത്തിൽ തേയ്ച്ചുപിടിപ്പിക്കാം. ചുണ്ടിന്റെ വരൾച്ച തടയാൻ പാൽപാടയോ വെണ്ണയോ നെയ്യോ ചുണ്ടിൽ പുരട്ടുന്നതും നല്ലതാണ്.

തേൻ

വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുള്ള തേൻ മോയ്സ്ചുറൈസർ മാത്രമല്ല ചർമത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും. കുളിക്കു മുൻപായി ശരീരത്തിൽ തേൻ പുരട്ടുന്നതു ചർമം വരണ്ടുപോകാതെ സംരക്ഷിക്കും.