ഡയറ്റിങ് വേണ്ട; 6 മണിക്കൂർ നിന്നു വണ്ണം കുറയ്ക്കാം

വര്‍ക്ഔട്ട് ചെയ്യുന്ന സമയം കൂട്ടിയിട്ടും ഡയറ്റിങ് ശീലമാക്കിയിട്ടും വണ്ണം കുറയുന്നില്ലെന്നു പരാതിയാണോ? വിഷമിക്കേണ്ട, ദിവസവും ആറു മണിക്കൂർ നിൽക്കാൻ തയ്യാറാണോ? വണ്ണം പമ്പ കടക്കുന്നതു കാണാം. ചുമ്മാ പറയുന്നതല്ല അമേരിക്കൻ കാൻസർ സൊസൈറ്റിയും ടെക്സാസ് സർവകലാശാലയും ചേർന്നു നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ദിവസത്തിൽ ആറുമണിക്കൂർ നിന്നാൽ ശരീരത്തിലെ കൊഴുപ്പ് മൂന്നിലൊന്നായി കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്‌.

7000ത്തോളം പ്രായപൂർത്തിയായവരെ ആധാരമാക്കിയാണ് പഠനം നടത്തിയത്. അവരുടെ ബോഡി മാസ് ഇൻഡെക്സും ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനവും അരക്കെട്ടിന്റെ വലിപ്പവും പഠനവിധേയമാക്കിയായിരുന്നു ഗവേഷണം. ഒരു ദിവസത്തിന്റെ നാലിലൊന്നു സമയം നിൽക്കുന്ന ആണുങ്ങളിൽ പൊണ്ണത്തടി വരാനുള്ള സാധ്യത 32 ശതമാനമായി കുറയും. ദിവസത്തിന്റെ പകുതി നിൽക്കുന്ന ആണുങ്ങളിൽ ഈ സാധ്യത 59 ശതമാനമായും കുറയും. അതേസമയം ദിവസം നാലിലൊന്നു സമയം നില്ക്കുന്ന സ്ത്രീകളിൽ അമിതവണ്ണത്തിനുള്ള സാധ്യത 35 ശതമാനമായും ദിവസത്തിന്റെ പാതി നിൽക്കുന്നവരിൽ 59 ശതമാനമായും കുറയുമെന്നു പഠനം പറയുന്നു.

അപ്പോ ഇനി ദിവസത്തിൽ പാതി നിൽക്കാൻ തയ്യാറായിക്കോളൂ... പൊണ്ണത്തടി മാറ്റി മെലിഞ്ഞ സുന്ദരന്മാരും സുന്ദരിമാരും ആവാം.