വണ്ണം കുറയ്ക്കാന്‍ വെല്ലുവിളിയാകുന്ന മൂന്നു കാര്യങ്ങള്‍

Representative Image

കഠിനമായ വ്യായാമം, ഭക്ഷണത്തില്‍ കര്‍ശന നിയന്ത്രണം, ഇവയൊക്കെ പതിവാക്കിയിട്ടും പ്രതീക്ഷിച്ചതു പോലെ വണ്ണം കുറയാത്ത അവസ്ഥ ചിലരെങ്കിലും നേരിടുന്നുണ്ടാകും. ഭാരം കുറയുന്നതിനു വിലങ്ങു തടിയാകുന്നത് ഉറക്കക്കുറവ്, പഞ്ചസാരയുടെ അമിതോപയോഗം, സമ്മര്‍ദ്ദം എന്നീ മൂന്നു കാര്യങ്ങള്‍ ആയേക്കാമെന്നാണു പുതിയ കണ്ടെത്തല്‍. ഇവ നമ്മളിലുണ്ടെങ്കില്‍  ഭക്ഷണം എത്ര നിയന്ത്രിച്ചാലും  വ്യായാമം ചെയ്താലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല.

1 മാനസിക സമ്മര്‍ദ്ദം

അമിതമായി സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരത്തില്‍ ഉൽപാദിപ്പിക്കപ്പെടുന്ന  കോര്‍ടിസോള്‍ എന്ന ഹോര്‍മോണാണ് ഇക്കാര്യത്തില്‍ വില്ലന്‍. ഇതു ദഹന പ്രക്രിയയെ സാരമായി ബാധിക്കുകയും മെറ്റബോളിസത്തെ കുറക്കുകയും ചെയ്യും. എന്നാല്‍ ഭക്ഷണത്തിനോടു താല്‍പര്യം തുടരുന്നതു മൂലം ആഹാരത്തില്‍ കുറവുണ്ടാവുകയും ചെയ്യില്ല. ഇതു ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പും കലോറിയും അടിഞ്ഞു കൂടുന്നതിനു കാരണമാകും.

2 ഉറക്കക്കുറവ്

ശരാശരി പ്രായപൂര്‍ത്തിയായ വ്യക്തിക്ക് 7-8 മണിക്കൂര്‍ ഉറക്കം വേണമെന്നാണു കണക്കാക്കുന്നത്. ഉറക്കം ആറു മണിക്കൂറില്‍ താഴെ ആയാല്‍  അതു വണ്ണം കൂടുന്നതിനു കാരണമാകും. വിശപ്പു നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് ഇതു കാരണമാകുന്നത് മൂലം ഇടക്കിടെ ഭക്ഷണവും ശീലമാകും.

3 ഷുഗര്‍

പലതരത്തിലുള്ള പാനീയങ്ങള്‍, മധുര പലഹാരങ്ങള്‍ ഇവയെല്ലാം മൂലം ഒരു വ്യക്തിയുടെ പഞ്ചസാര ഉപയോഗം 50 വര്‍ഷത്തിനു മുമ്പുള്ളതിലും മൂന്നിരട്ടി കൂടുതലാണ്. 9 സ്പൂണ്‍ പഞ്ചസാരയാണ് ഒരു ദിവസം ഒരു വ്യക്തിക്കു പരമാവധി കഴിക്കാവുന്നതെങ്കില്‍ ഇന്നതു ശരാശരി 28 സ്പൂണാണ്. കൂടുതല്‍ മധുരത്തിന്റെ ഉപയോഗം സ്വാഭാവികമായും അമിത വണ്ണത്തിനു കാരണമാകുന്നു. മാത്രമല്ല വണ്ണം കുറയുന്നതിന് ഇതു വിലങ്ങുതടിയാവുകയും ചെയ്യും.

വ്യായാമം കഠിനമാക്കിയിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും വണ്ണം പ്രതീക്ഷിച്ച വിധം കുറയാത്തവര്‍ ആദ്യം ഈ മൂന്നു കാര്യങ്ങള്‍ പരിശോധിക്കുക. ഇവയിലേതെങ്കിലും മെലിയുന്നതിനു തടസമാകുന്നുണ്ടോ എന്നു മനസ്സിലാക്കുക. സ്ട്രസ് അഥവാ സമ്മര്‍ദ്ദമാണ് കാരണമെങ്കില്‍ അത് ഒഴിവാക്കാനും കുറക്കാനുമുള്ള മാര്‍ഗങ്ങള്‍ തേടുക. ഇതിനായി മെഡിറ്റേഷനും രാവിലെയുള്ള നടത്തവും ശീലമാക്കുക.

പഞ്ചസാരയുടെ ഉപയോഗം അധികമാണെങ്കില്‍  കുറയ്ക്കുക. ആവശ്യമായ ഉറക്കം ശരീരത്തിനു നല്‍കുക, കുറഞ്ഞത് 8 മണിക്കൂറെങ്കിലും. ഇവ പരിഹരിച്ചതിനുശേഷം വീണ്ടും വ്യായാമത്തിന്‍റെയും ഭക്ഷണനിയന്ത്രണത്തിന്‍റയും പതിവിലേക്കു കടന്നുനോക്കു, വിജയം കണ്ടേക്കാം.