വണ്ണം കുറയ്ക്കാൻ മൂന്നു സിംപിൾ ട്രിക്സ്!

ഇന്നു ലോകത്തെ ഭൂരിഭാഗം പേരും ഒരുപോലെ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. പലർക്കും ഭാരം കുറയ്ക്കണമെന്ന് ആഗ്രഹവുമുണ്ട്, അതിനായി പെടാപ്പാടു പെടുന്നുമുണ്ട്. പക്ഷേ ഫലം വരുമ്പോൾ മാത്രം പ്രതീക്ഷിച്ചതു കിട്ടുന്നുമില്ല. ഡയറ്റിനും വ്യായാമത്തിനുമൊപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാലേ വണ്ണം നിങ്ങൾ വിചാരിച്ചതുപോലെ കുറയൂ. സ്ലിംബ്യൂട്ടിയാകാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ ഇതാ..

എപ്പോഴാണു കഴിക്കുന്നത്?

പലരും വണ്ണം കുറയ്ക്കാനായി ഭക്ഷണം കുറക്കുന്നതു പടിപടിയായാണ്. ഏറെപേരും ഒട്ടെറെ സമയങ്ങളിലായി ചെറിയ അളവു ഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ പലപ്പോഴായിട്ടാണെങ്കിലും ഇത്തരത്തിൽ ഭക്ഷണം കഴിക്കുക വഴി ആവശ്യത്തിലധികം കലോറി ലഭിക്കുകയാണു ചെയ്യുന്നത്. മൂന്നു നേരം മാത്രം ഭക്ഷണം കഴിച്ചാൽ മതി ആവശ്യമെങ്കിൽ സ്നാക്സും ഇതാണു വണ്ണം കുറയ്ക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം. ഇനി പലരും ഭക്ഷണം സ്കിപ് ചെയ്യുന്നവരുണ്ട് ഇതു വണ്ണം കുറയ്ക്കില്ലെന്നു മാത്രമല്ല അടുത്ത സമയം കൂടുതൽ കഴിക്കാന്‍ കാരണമാവുകയും ചെയ്യും.

എന്താണു കഴിക്കുന്നത്?

വണ്ണം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നത് വളരെ നല്ല മാർഗം തന്നെയാണ്. പക്ഷേ ഡയറ്റ് ഒരു വഴിയ്ക്കും വ്യായാമം മറ്റൊരു വഴിക്കുമാണെങ്കിൽ നിങ്ങളുടെ ലക്ഷ്യം നടപ്പിലാകില്ലെന്നാണ് ഭൂരിഭാഗം ഫിറ്റ്നസ് വിദഗ്ധരും പറയുന്നത്. ഹെൽതി ആണെന്ന പരസ്യത്തോടെ വരുന്ന പല ഭക്ഷണങ്ങളിലും കലോറിയും കൊഴുപ്പും സോഡിയവും ഷുഗറുമെല്ലാം അധികമായി കണ്ടെത്തിയ സാഹചര്യങ്ങളുണ്ട്. ഡയറ്റിലേക്ക് ഗോതമ്പുൽപ്പന്നങ്ങൾ, പയർ വർഗങ്ങൾ, ബീൻസ് തു‌ടങ്ങി നാരുകളടങ്ങിയ ധാരാളം ഭക്ഷണം ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. പാക്കറ്റ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ അവയിലെ ന്യൂട്രീഷ്യൽ ലേബൽ നോക്കി നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക. പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ജിമ്മിൽ എന്തു ചെയ്യുന്നു?

ഡയറ്റിലൂടെ ഒരു വ്യക്തിയുടെ എൺപതു ശതമാനം ഭാരം കുറയ്ക്കാമെന്നതു ശരിയാണ്, പക്ഷേ ബാക്കിയുള്ള 20 ശതമാനത്തിനു വ്യായാമം കൂടിയേ തീരൂ. ജിമ്മിൽ പോയി കാർഡിയോ ചെയ്താൽ മാത്രം വണ്ണം കുറയില്ല മറിച്ച് കാർഡിയോയും റെസിസ്റ്റൻസ് ട്രെയിനിങും ചേർന്നാലേ മസിലുകൾ ഉണ്ടാവുകയും ശരീരം ദൃഢമാവുകയും ചെയ്യൂ.

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് വ്യായാമം ചെയ്യുന്നതും ഫലം കാണില്ല, പകരം ഫുൾ ബോ‍ഡി എക്സർസൈസ് തന്നെ ചെയ്യണം. ഓർക്കുക എത്രത്തോളം മസിലുകൾ രൂപപ്പെടുന്നോ അത്രത്തോളം കലോറിയും ഇല്ലാതാകും. മറക്കരുതാത്ത ഒരു കാര്യം ചിട്ടയായ ഉറക്കമാണ്. ആറുമണിക്കൂറിൽ കുറവു മാത്രം ഉറങ്ങുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് മുപ്പതു ശതമാനം വണ്ണം വെക്കാൻ സാധ്യതയുണ്ട്.