മൺസൂൺ സ്റ്റാർ ആവാൻ ചില ടിപ്സ്

നിറങ്ങളേ പാടൂ... കവിത ചാലിച്ച് മഴക്കാല ഫാഷൻ പറയാൻ നോക്കിയതാ... നിർത്തി! പറഞ്ഞു വന്നത് ഇത്രേയുള്ളൂ... മഴയിൽ നനഞ്ഞുകുളിച്ച് മൊത്തത്തിൽ കുളമാവാൻ നിറം വേണം. നല്ല ഇടിവെട്ട് നിറങ്ങളിലുള്ള വേഷമിട്ടാൽ ഈ പെരുമഴയത്തും ട്രെൻഡിയായി നടക്കാം. സ്റ്റൈലൻ കുട കൂടി കയ്യിലുണ്ടെങ്കിൽ നിങ്ങൾ തന്നെ മിസ് മൺസൂൺ ഓർ മിസ്റ്റർ മൺസൂൺ.

മഴയത്ത് ഒരു വർണക്കുട പോലെ വിടർന്നു നിൽണമെങ്കിൽ പച്ച, ചുവപ്പ്, മഞ്ഞ, നീല എന്നീ കളറുകൾ ധാരാളം. കറുപ്പും വെള്ളയും തത്ക്കാലം വേണ്ട! മഴക്കാലത്ത് തൊടിയിൽ ചിരിച്ച് വിടർന്ന് നിൽക്കുന്ന വർണാഭമായ പൂക്കൾ കണ്ടിട്ടില്ലേ... അത്തരം പൂവല്ല ഒരു പൂക്കൊട്ട തന്നെ ഡിസൈനിൽ പരീക്ഷിച്ചോളൂ, ആയില്ലേ മൺസൂൺ സ്റ്റാർ! ഒരു സത്യം പറഞ്ഞാൽ മുഖം തിരിക്കരുത്, മഴക്കാലത്ത് ഏറ്റവും അനുയോജ്യം കോട്ടൺ വസ്ത്രങ്ങളാണ് .

മഴക്കാലത്ത് ജീൻസ് തരംഗം ഒലിച്ചുപോയ്ക്കഴിഞ്ഞു, സോ, അറ്റ്ലീസ്റ്റ് ഒരുമാസത്തേക്ക് കണ്ടുപോകരുത്. സങ്കടമായോ? വഴിയുണ്ടന്നേ... ഇട്ടാവട്ടാ തല ഒന്ന് ചൊറിഞ്ഞേ, കണ്ടോ കിടിലൻ ആശയങ്ങൾ വന്നില്ലേ... പഴഞ്ചൻ ജീൻസ് മടക്കി തുന്നിക്കോ, മുട്ടിന് തൊട്ടുതാഴെ വരെ, എന്നിട്ട് ഒരു സൂര്യകാന്തിയോ റോസാപൂവോ വച്ചു പിടിപ്പിച്ചോളൂ. അയ്യയ്യോ! ഒറിജിനലല്ല, ഒൺലി ഡിസൈൻ! കണ്ടാൽ കാപ്രിയുടെ ചേട്ടനാണന്നേ തോന്നൂ... കഴിഞ്ഞ മഴക്കാലം കഴിഞ്ഞപ്പോൾ നനച്ചുണക്കി മടക്കി വെച്ച കാപ്രി പുറത്തെടുക്കാൻ സമയമായി. പിന്നെ, തീരെ പഴഞ്ചനായാൽ പുതിയൊരെണ്ണം വാങ്ങാം. ലൈറ്റ് ഡെനിം കൊണ്ടുള്ള കാപ്രിയാണ് ബെറ്റർ. മഴ നനഞ്ഞാലും ഒട്ടിപ്പിടിക്കില്ല, വേഗത്തിൽ ഉണങ്ങും. കട്ടിയുള്ള കോട്ടൺ തുണികൊണ്ടും കാപ്രി തുന്നാം. ടോപ്പിന്റെ നിറത്തിലുള്ള ഒരു പീസ് താഴെ കൊടുത്താൽ സ്റ്റൈലാകും. ഇതിൽ ചെറിയ എംബ്രോയിഡറിയുമാകാം. മുട്ടിനൊപ്പമോ മുട്ടിനു മുകളിൽ നിൽക്കുന്നതോ ആയ എ ലൈൻ ടോപ്പാണ് കാപ്രിക്കിണങ്ങുന്നത്. ബാഗി, ബെൽബോട്ടം പാന്റുകൾ വേണ്ടേ വേണ്ട!

ലോങ് സ്കർട്ടും പൂട്ടികെട്ടിക്കോ. മിഡിയാവാം. ക്യാംപസിൽ കൊച്ചു സിൻഡ്രലയായി വിലസണമെങ്കിൽ സ്റ്റാർകട്ടും അംബ്രല്ലാ കട്ടുമോക്കെയുള്ള സ്കർട്ടുണ്ടല്ലോ. അത് മതി! സ്കർട്ടിനൊപ്പം കുട്ടി ഷർട്ട് ഇടുന്നത് കൊള്ളാം, പക്ഷേ പുലി പോലെ വന്ന് എലിയാവരുത്. ത്രെഡ്, മിറർ വർക്കുള്ള കുട്ടി ടോപ്പുകൾ കിട്ടും, അതാവുമ്പോൾ പുപ്പുലിയാവാം!

ഷൂസില്ലെങ്കിൽ പുറത്തു പോവില്ലെന്ന് വാശി പിടിക്കല്ലേ... എന്താ വാശിപിടിച്ചാൽ എന്ന് തിരിച്ചു ചോദിച്ചാൽ വഴിയുണ്ട്! പ്ലാസ്റ്റിക്ക് നിരോധിച്ചപ്പോൾ പറപറന്ന പ്ലാസ്റ്റിക്ക് ഷൂസ് തിരിച്ചു വന്നിട്ടുണ്ട്... പല നിറങ്ങളിൽ... മിക്സ് ആൻഡ് മാച്ച് ചെയ്താണ് ഇപ്പോൾ പരീക്ഷണം. നല്ല ക്യൂട്ട് ലുക്കൊക്കെയുണ്ട് , വിലക്കുറവും. ഫ്ളോട്ടേഴ്സ് സാൻഡലാണ് ബെസ്റ്റ് റെയ്നി വെയർ.

മഴയിൽ മുങ്ങാത്ത മേക്കപ്പ് അണിയണമെന്ന് പ്രത്യേകം പറയേണ്ടല്ലോ? പരീക്ഷണശാലയാക്കുന്ന വിക്രിയകൾ മഴക്കാലത്ത് വേണ്ട. വാട്ടർപ്രൂഫ് എലൈനറും മസ്കാരയുമാവാം. മുടിയിൽ പരീക്ഷണങ്ങൾ വേണ്ടേ വേണ്ട. മഴക്കാലം കഴിയുമ്പോൾ ഒന്ന് ചീകാൻ പോലും ചിലപ്പോൾ മുടി ഇല്ലെന്ന് വരും.