കട്ടി കൂടിയ പുരികത്തിനായി 5 വഴികൾ

Representative Image

കട്ടി കൂടിയ പുരികം മിക്ക പെൺകുട്ടികളുടെ മോഹമാണ്. എന്നാൽ ഷേപ് ചെയ്യാൻ പോകുമ്പോൾ മാത്രമേ പലരും പുരികത്തിന്റെ ഭംഗിയെക്കുറിച്ചു ചിന്തിക്കാറുള്ളു. പുരികം കട്ടിയുള്ളതു പോലെ തോന്നിക്കണമെന്ന് ബ്യൂട്ടീഷ്യനോടു പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല. കട്ടിയില്ലാത്ത പുരികം ഉണ്ടായി പോയതിന്  ബ്യൂട്ടീപാർലറുകാർ എന്തു ചെയ്യാൻ? വിഷമിക്കണ്ട, പുരികത്തിനു കട്ടി കൂടാൻ ചില വഴികൾ പറഞ്ഞു തരാം. 

ആവണക്കെണ്ണ ഉഗ്രൻ

ആവണക്കെണ്ണ ഏറ്റവും നല്ല പരിഹാരമാർഗമാണ്. മുടി വളരാൻ ആവണക്കെണ്ണ മികച്ചതാണത്രേ. ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കിയതിനു ശേഷം രണ്ടു പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. ഇതിനു ശേഷം രണ്ടു മൂന്നു മിനിറ്റു കൈവിരൽ കൊണ്ടു നന്നായി മസാജ് ചെയ്തു കൊടുക്കാം. 30 മിനിറ്റ് അതങ്ങനെ തന്നെയിരിക്കട്ടെ. ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകാം. ഇത് നിത്യവും ചെയ്യാവുന്നതാണ്.

വെളിച്ചെണ്ണയും മോശമല്ല

ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ചു പിടിപ്പിക്കുക. രക്തചംക്രമണം വർധിപ്പിക്കാനായി മസാജ് ചെയ്തു കൊടുക്കാം. ഇപ്രകാരം രാത്രിയിൽ ചെയ്‌തതിനു ശേഷം പിറ്റേന്നു രാവിലെ കഴുകി കളഞ്ഞാൽ മതിയാകും.

പുരികം വളരാൻ സവാള ജ്യൂസും

പുരികം പെട്ടെന്ന് വളരാൻ സവോള ജ്യൂസ് നല്ലതാണ്. ഒരു സവോള എടുത്തു അതിൽ നിന്നും ജ്യൂസ് എടുക്കുക. 5 മിനിറ്റു നേരത്തേക്ക് ഈ ജ്യൂസ് ഉപയോഗിച്ച് പുരികം നന്നായി മസാജ് ചെയ്യുക. ഇത് നന്നായി ഉണങ്ങിയ ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക.

മുട്ട കഴിക്കാൻ മാത്രമല്ല‌

പ്രോട്ടീൻ റിച്ചായ മുട്ട കഴിക്കാൻ മാത്രമല്ല ഇനിമുതൽ പുരികം വളർത്താനും ഉപയോഗിക്കാം. മുട്ടയിൽ നിന്നു മഞ്ഞയും വെള്ളയും വേർതിരിക്കുക. ഇതിലെ മഞ്ഞ നന്നായി അടിച്ചു പതപ്പിക്കുക. ഒരു കോട്ടൺ തുണി മഞ്ഞയിൽ മുക്കി പുരികത്തിൽ തേച്ചു കൊടുക്കാം. 20 മിനിറ്റിനു ശേഷം ഇതു കഴുകി കളയണം. പുരികത്തിനു വേണ്ടിയുള്ള ഒരു പ്രോട്ടീൻ ട്രീറ്റ്മെന്റ് കൂടിയാണിത്.

ഒലിവ് ഓയിലും കേമൻ

വില സ്വൽപ്പം കൂടുതലാണെങ്കിലും ഒലിവ് ഓയിലും പുരിക വളർച്ച കൂട്ടാൻ സഹായിക്കുന്നു. ഇളം ചൂടുള്ള ഒലിവ് ഓയിൽ ഉപയോഗിച്ച് പുരികത്തിൽ നന്നായി മസാജ് ചെയ്യുക. ഇടവിട്ട ദിവസങ്ങളിൽ ഈ ഒലിവ് എണ്ണയിൽ ലേശം തേനും ചേർത്ത് തേക്കുന്നതും നല്ലതാണ്. എണ്ണ മാത്രമേ ഉള്ളൂ എങ്കിൽ രാത്രി മുഴുവൻ വച്ചതിനു ശേഷം പിറ്റേ ദിവസം രാവിലെ കഴുകി കളഞ്ഞാൽ മതിയാകും. തേൻ ചേർക്കുന്നുണ്ടെങ്കിൽ 30 മിനിട്ടിനു ശേഷം കഴുകി കളയാം.