കാലഴകിന് ചില കാര്യങ്ങൾ

റാംപിൽ ക്യാറ്റ് വോക്ക് നടത്തുന്ന മോഡലാകട്ടെ മിഡിയും ടോപ്പുമണിഞ്ഞ് കോളേജിൽ ചെത്തുന്ന ടീൻസ് ആകട്ടെ കാലുകളായിരിക്കും മുഖം കഴിഞ്ഞാൽ നിങ്ങളെ സൗന്ദര്യാരാധകരുടെ നോട്ടപ്പുള്ളിയാക്കുന്നത്. പക്ഷേ വിണ്ടുകീറൽ, പേശിവേദന. കാൽകഴപ്പ്, ചൊറിച്ചിൽ ഇങ്ങനെ പലവിധ പ്രശ്നങ്ങളാൽ കാലുകളാണോ നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം? പലപ്പോഴും വില്ലനാകുക ചെരിപ്പുകളാണ്. സ്വന്തം പാദത്തിനു യോജിക്കുന്ന ചെരിപ്പുകളല്ല ഇടുന്നതെങ്കിൽ പ്രശ്നങ്ങൾ സ്വാഭാവികമാണ്. കാലാവസ്ഥ, പാദത്തിന്റെ വലിപ്പം, കാലിന്റെ ആകൃതി ഇവയ്ക്കിണങ്ങുന്ന ചെരിപ്പാണ് വാങ്ങുന്നതെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതേയുള്ളു.

∙പരന്ന കാലുകൾക്ക് ധാരാളം സ്ട്രാപ്പുള്ള ചെരിപ്പു വേണ്ട. പാദത്തിനു കുറഉകെ ക്രോസ് ആയി സ്ട്രാപ് ഉള്ളവ കാലിന്റെ അമിതവലിപ്പം കുറച്ചു കാണിക്കും.

∙ കടുപ്പമുള്ള സ്ട്രാപ്പ്, വായുസഞ്ചാരം കുറഞ്ഞവ എന്നീ ചെരിപ്പുകൾ ദീർഘനേരം അണിയരുത്.

∙സാരിക്കും ചുരിദാറിനുമൊപ്പം ഹീലുള്ള ചെരിപ്പുതന്നെ അണിയണം. എന്നാലേ നടപ്പ് താളാത്മകമാകൂ. പൊക്കം കുറഞ്ഞവർ വീതി കൂടിയ സ്ട്രാപ് ഒഴിവാക്കണം. പോയിന്റഡ് ഹീൽസിനു പകരം ഫ്ലാറ്റ് ഹീൽസ് ഉപയോഗിക്കാം.

∙കാലാവസ്ഥയ്ക്ക് അനുയോജിച്ചു വേണം ചെരിപ്പു തിരഞ്ഞെടുക്കാൻ. മഴക്കാലത്ത് കാലിലെ ചർമ്മം വരളാതിരിക്കാൻ നല്ലത് പാദം പൊതിയുന്ന ഷൂവാണ്. വിണ്ടുകീറൽ തടയാൻ ഇതാകും ഉത്തമം.

∙ദിവസവും ഉറങ്ങുംമുമ്പ് കാലുകൾ വാസ്ലിനോ എണ്ണയോ ഉപയോഗിച്ച് മസാജ് ചെയ്യണം.

∙ഒരേ ചെരിപ്പ് സ്ഥിരമായി ഉപയോഗിക്കാതെ മാറിമാറി ഉപയോഗിച്ചാൽ കാലിൽ തഴമ്പ്, പാടുകൾ എന്നിവ ഒഴിവാക്കാം.

∙മാസത്തിൽ ഒരിക്കൽ പെഡിക്യൂർ ചെയ്യാം.

∙നാരങ്ങാത്തൊലി കൊണ്ട് കാലിൽ ഉരസുന്നത് കാലിലെ താൽക്കാലിക നിറംമാറ്റം തടയും.