പല്ലു മാത്രമല്ല മുഖവും തിളങ്ങാൻ ടൂത്പേസ്റ്റ് !

Representative Image

രോമകൂപങ്ങളില്‍ അമിതമായ തോതിൽ എണ്ണ അടിയുമ്പോഴാണ് മുഖക്കുരുക്കൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. പ്രതിരോധശക്തി കുറയുന്നതും ടോക്സിനുകൾ ശരീരത്തിൽ അടിയുന്നതും ഹോർമോണ്‍ അസന്തുലിതാസവസ്ഥയും അമിത സമ്മർദ്ദവും ഒക്കെ മുഖക്കുരുവിനു കാരണമാകാറുണ്ട്. പൊള്ളുന്ന വില നൽകി വിപണിയിൽ നിന്നു മാറിമാറി മരുന്നുകൾ പരീക്ഷിക്കുന്നതിനേക്കാൾ നല്ലത് വീട്ടിനുള്ളിൽ ലഭ്യമാകുന്ന വസ്തുക്കൾ വച്ചു മുഖക്കുരുവിനെ ചികിത്സിക്കലാണെന്ന് സൗന്ദര്യവിദഗ്ധർ പോലും സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ കേട്ടോളൂ, ഇനി നിങ്ങളുടെ മുഖക്കുരു ശല്യം പാടേ മാറ്റാൻ ഒരുഗ്രന്‍ കൂട്ടുകാരനുണ്ട് വീട്ടിൽ, നമ്മുടെ സ്വന്തം ടൂത്പേസ്റ്റ്. പലർക്കും വിശ്വാസമാവില്ലെന്നറിയാം പക്ഷേ ടൂത്പേസ്റ്റ് മുഖക്കുരു ചുവന്നുതടിക്കുന്നതിനെ തടയുന്നതിനൊപ്പം മുഖത്തെ മറ്റു ഭാഗങ്ങളിലേക്ക് ബാക്റ്റീരിയ പടരുന്നതും ഇല്ലാതാക്കും.

മുഖക്കുരുവിനു ഗുഡ്ബൈ പറയിക്കും പേസ്റ്റ്

. ടൂത്പേസ്റ്റ് മുഖക്കുരുവിന്റെ വലിപ്പം കുറയ്ക്കും. പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ട്രിക്ലോസാൻ മുഖക്കുരുവിനു കാരണമാകുന്ന ബാക്റ്റീരിയയെ പാടെ ഇല്ലാതാക്കും.

. ക്ലെന്‍സിങ്, ബ്ലീച്ചിങ് ഘടകങ്ങൾ അടങ്ങിയിട്ടുള്ള പേസ്റ്റ് മുഖത്തെ കറുത്ത പാടുകളും ഇല്ലാതാക്കും.

. പേസ്റ്റില്‍ അടങ്ങിയിട്ടുള്ള ബേകിങ് സോഡ ടോക്സിനുകളെ പുറന്തള്ളുകയും ചർമ്മത്തിന്റെ പിഎച്ച് ലെവൽ ബാലൻസ് ചെയ്യുകയും ചെയ്യും.

. പേസ്റ്റിലെ സിലിക്ക ചര്‍മത്തിന്റെ കേടുപാടുകള്‍ ഇല്ലാതാക്കുകയും ഹൈഡ്രജൻ പെറോക്സൈഡ് ബാക്റ്റീരിയകൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും.

എല്ലാ പേസ്റ്റും വാരിപ്പുരട്ടരുത്

മുഖം തിളങ്ങാൻ ടൂത്പേസ്റ്റ് മികച്ചതാണെന്നു കരുതി കണ്ണിൽക്കണ്ട ടൂത്പേസ്റ്റ് എല്ലാം വാരിപ്പുരട്ടരുത്. മുഖക്കുരുവിനു ടൂത്പേസ്റ്റ് ചികിത്സ ആരംഭിക്കുമ്പോൾ താഴെ നൽകിയിരിക്കുന്ന ടിപ്സ് മറക്കാതിരിക്കാം

. ബേകിങ് സോഡ, ട്രിക്ലോസാൻ, ആൽക്കഹോൾ, സോഡിയം പെറോഫോസ്ഫേറ്റ്, മെന്തോൾ, ഹൈഡ്രജൻ പെറോക്സൈ‍ഡ്, എന്നിവയടങ്ങിയ ടൂത്പേസ്റ്റുകൾ ആണ് തിരഞ്ഞെടുക്കേണ്ടത്.

. ആർട്ടിഫിഷ്യൽ കളറുകൾ ഉള്ള ടൂത്പേസ്റ്റുകൾ ഉപയോഗിക്കരുത്.

. ജെൽ ബേസ്ഡ് ‌ടൂത്പേസ്റ്റുകളും ഉപയോഗിക്കരുത്, കാരണം അവയിലെ ഇൻഗ്രീഡിയന്റ്സ് സാധാരണ ‌ടൂത്പേസ്റ്റുകളിൽ നിന്നു വ്യത്യസ്തം ആയിരിക്കും.

. നാച്ചുറൽ-ഓർഗാനിക് ടൂത്പേസ്റ്റുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്, കാരണം അവയിൽ കെമിക്കലുകളുടെ അംശം തീരെ കുറവായിരിക്കും.

. അലർജിക് ആയിട്ടുള്ള ഘടകങ്ങൾ ഇല്ലാത്ത ടൂത്പേസ്റ്റ് ആണെന്ന് ഉറപ്പു വരുത്തണം.

. ഫ്ലൂറോയ്ഡ് അടങ്ങിയിട്ടില്ലാത്ത ടൂത്പേസ്റ്റ് വേണം തിരഞ്ഞെടുക്കാൻ.

. നിറം വെപ്പിക്കുന്ന ഘടകങ്ങൾ ഉള്ള പേസ്റ്റ് ചിലപ്പോൾ ചർമത്തെ അസ്വസ്ഥമാക്കിയേക്കാം, അതിനാൽ ഇരുണ്ടനിറക്കാർ കുറച്ചുകൂടി ശ്രദ്ധ ചെലുത്തി വേണം ഇവ ഉപയോഗിക്കാൻ.

. ആദ്യം തന്നെ ചർമത്തിലെ ഏതെങ്കിലുമൊരു ചെറിയ ഭാഗത്ത് പുരട്ടിയതിനു ശേഷം അലർജി റിയാക്ഷൻ ഉണ്ടോയെന്നു പരിശോധിക്കണം, ചൊറിച്ചിലോ തടിച്ചിലോ പുകയലോ ഉണ്ടെങ്കിൽ ഒരിക്കലും ഈ രീതി തുടരരുത്.

ഉപയോഗിക്കേണ്ട രീതി

. കൈകളും മുഖവും ശുദ്ധമായ വെള്ളത്തില്‍ വൃത്തിയായി കഴുകുക. ടവൽ വച്ചു തുടച്ചതിനു ശേഷം ചൂണ്ടുവിരൽ ഉപയോഗിച്ച് ടൂത്പേസ്റ്റ് പതിയെ മുഖക്കുരുവിൽ പുരട്ടാം.

. മുഖക്കുരു മാത്രം മൂടിയാൽ മതി, തടവിക്കൊണ്ടിരിക്കരുത്. ഒരു മണിക്കൂർ കഴിഞ്ഞതിനുശേഷം കഴുകിക്കളയാം. മറക്കരുതാത്ത കാര്യം, ടൂത്പേസ്റ്റ് ഒരിക്കലും ഫേസ്‌വാഷ് പോലെ ഉപയോഗിക്കരുത്.

. സെൻസിറ്റീവ് സ്കിൻ ഉള്ളവർ ഈ രീതി പിന്തുടരാതിരിക്കുന്നതാണു നല്ലത്.

ഇതു മാത്രം പോര, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, മിനിമം എട്ടു ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കണം, ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിനാണിത്. ദിവസവും വ്യായാമം ചെയ്യുകയും സമ്മർദ്ദം കുറയ്ക്കാൻ യോഗയും മെഡിറ്റേഷനും ചെയ്യണം. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ചിട്ടയോടെ ശീലമാക്കിയാൽ മുഖക്കുരു ഇനി നിങ്ങളെ ശല്ല്യപ്പെടുത്തുകയേ ഇല്ല.