യൗവനം നിലനിർത്താൻ രക്തം കൊണ്ടു ഫേഷ്യൽ !

വാംപയർ ഫേഷ്യൽ ചെയ്യുന്ന ഹോളിവുഡ് താരം കിം കര്‍ദ്ദാഷിയാൻ

പിറന്നാളോ കല്യാണമോ ഗെറ്റ്ടുഗെതറോ എന്നിങ്ങനെ തിളങ്ങാനുള്ള പാർട്ടികളിൽ പ്രത്യക്ഷപ്പെടും മുമ്പു സ്വന്തമായൊന്നു സുന്ദരിയായെന്നു ഉറപ്പു വരുത്തിയാലേ മിക്കവർക്കും തൃപ്തിയാകൂ. അതിനായി ആദ്യത്തെ പടി ഫേഷ്യലിങ് ആണ്, പാർലറിൽ ചെന്നു തനിക്കു വേണ്ട ഫേഷ്യൽ ചെയ്തു പുറത്തിറങ്ങിയാൽ കുറച്ചൊന്നു ആശ്വാസമാകും. പക്ഷേ പ്രശ്നം മറ്റൊന്നുമല്ല അതെത്രനാളത്തേക്ക് എന്നതാണ്? ഒരു ഫേഷ്യൽ ചെയ്താൽ അതിന്റെ എഫക്റ്റ് ദിവസങ്ങൾ മാത്രമേ നിലനിൽക്കൂ. അത്തരമൊരു സാഹചര്യത്തിലാണ് വാംപയർ ഫേഷ്യലിന്റെ സ്ഥാനം.

പേരു കേൾക്കുമ്പോൾ തന്നെ ഒരു കൗതുകം തോന്നുന്നുണ്ടല്ലേ? ഒരുപാട് ഫേഷ്യലുകളെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും മലയാളികൾക്ക് ഇതധികം പരിചയമില്ല. പേരില്‍ ഒരു രക്തരക്ഷസ് ഉണ്ടെന്നു കരുതി ചികിത്സാരീതിയും അങ്ങനെയാണെന്നു കരുതല്ലേ.. വാംപയർ ഫേഷ്യലിനെക്കുറിച്ചു കൂടുതൽ വ്യക്തമാക്കി തരികയാണ് കോസ്മെറ്റോളജിസ്റ്റ് ആയ ഡോ: നിലൂഫർ ഷെരീഫ്.

''പേരുപോലെ തന്നെ നമ്മുടെ രക്തം ഉപയോഗിച്ചു ചെയ്യുന്നൊരു ചികിത്സാ രീതിയാണിത്. ഇന്നു കണ്ടുവരുന്ന ഒരുവിധം എല്ലാ തരത്തിലുള്ള ചർമ പ്രശ്നങ്ങൾക്കും പരിഹാരമാണു വാംപയർ ഫേഷ്യൽ. ചർമത്തിന്റെ ക്ലാരിറ്റി വർധിപ്പിക്കാനും നിറം കൂട്ടാനും ചുളിവുകൾ ഇല്ലാതാക്കാനും മാത്രമല്ല പ്രായം തോന്നിക്കുന്നതു മാറ്റി യുവത്വം നൽകാനും മികച്ചതാണ് വാംപയർ ഫേഷ്യൽ. ഇരുപതു വയസു മുതൽ നാൽപതുകൾ വരെയുള്ളവരിൽ പ്രായഭേദമില്ലാതെ സ്വീകരിക്കാവുന്നൊരു ചികിത്സാരീതിയാണിത്.

ഹോളിവുഡ് നടിയായ കിം കർദ്ദാഷിയാനെപ്പോലുള്ള പ്രശസ്തർ വാംപയര്‍ ഫേഷ്യലിനെക്കുറിച്ചുള്ള അനുഭവം യൂട്യൂബ് വിഡിയോയിലൂടെയും മറ്റും പങ്കുവച്ചതോടെയാണ് ഇതിനു കൂടുതൽ പ്രചാരം ലഭിച്ചതെന്നു പറയാം. ചർമത്തിലെ തന്നെ ഫാറ്റ് സെല്ലുകളെ വികസിപ്പിച്ചെടുക്കുന്ന കുറേ ഘ‌ടകങ്ങളുണ്ട്. അവയെ തന്നെ തിരിച്ചു ഇൻജക്റ്റ് ചെയ്യുകയാണിതിലൂട‌െ. മറ്റൊരു കെമിക്കലുകളും ഉപയോഗിക്കാതെ നിങ്ങളുടെ ശരീരത്തിൽ നിന്നുള്ള രക്തം തന്നെയാണ് സൗന്ദര്യ വർധനത്തിന് ഉപയോഗിക്കേണ്ടതെന്നുള്ളതാണ് ഏറ്റവും വിശ്വാസ്യകരമായ കാര്യം.

കണ്ണിനു താഴെ കുഴിഞ്ഞിരിക്കുകയോ ആ ഭാഗത്തെ കൊഴുപ്പ് പോകുമ്പോഴുമൊക്കെയാണു നമുക്കു പ്രായം തോന്നിത്തുടങ്ങുക. ഇത്തരം സാഹചര്യങ്ങളില്‍ കോസ്മെറ്റോളജിസ്റ്റിനെ സമീപിക്കുമ്പോൾ മിക്കവാറും ഫില്ലേഴ്സ് ആകും അവർ നിർദ്ദേശിക്കുക, എന്നാൽ നാച്ചുറൽ ഫാറ്റ് ലോസ് വരുമ്പോൾ മുഖം മുഴുവൻ ഫില്ലേഴ്സ് കുത്തി യുവത്വം കാത്തുസൂക്ഷിക്കുക പാടാണ്, അത്തരം സാഹചര്യങ്ങളിലാണ് വാംപയർ ഫേഷ്യലിന്റെ സ്ഥാനം. ഇപ്പോൾ നാൽപതു വയസുള്ള ഒരു സ്ത്രീ ഇരുപതുകാരെപ്പോലെ തോന്നിക്കാൻ ഫില്ലേഴ്സ് കുത്തണം എന്നു പറഞ്ഞാൽ, ചെയ്യുന്നതിൽ പ്രശ്നമില്ല പക്ഷേ അതിന്റെ ഫലം അവരുടെ മുഖം വളരെയധികം കൃത്രിമമായി തോന്നിക്കുമെന്നതാണ്, അല്ലാതെ സ്വാഭാവിക സൗന്ദര്യം തോന്നില്ല.

നമ്മുടെ രക്തത്തിലെ തന്നെ പ്ലേറ്റ്ലേറ്റ് റിച്ച് പ്ലാസ്മയുപയോഗിച്ച് ചർമത്തിന്റെ യുവത്വം വീണ്ടെടുക്കുന്ന രീതിയാണിത്. ആദ്യമായി ഒരു ചെറിയ അളവിൽ രക്തമെടുത്ത് അതിൽ നിന്നും പ്ലേറ്റ് ലേറ്റുകളെയും പ്ലാസ്മയെയും മറ്റു ഘടകങ്ങളിൽ നിന്നും വേർതിരിച്ചെടുക്കും. ഇനി ഈ പിആർപി നിങ്ങളുടെ മുഖത്തിന്റെ ഏതു വശത്താണോ ചികിത്സ ആവശ്യമുള്ളത് അവിടെ ഒരു ചെറിയ സൂചി ഉപയോഗിച്ച് ഇന്‍ജക്റ്റ് ചെയ്യും. ഇത് വേദനിപ്പിക്കുന്നൊരു രീതിയാണെന്നു തെറ്റിദ്ധരിക്കുകയേ വേണ്ട. ഒരു ക്രീം ഉപയോഗിച്ചു മുഖം ഇരുപതു മിനുട്ടോളം നേരത്തേക്കു തരിപ്പിച്ചതിനു ശേഷമാണ് ചികിത്സ ആരംഭിക്കുക.

നാൽപതുകളിലേക്കെത്തിയവരുടെ പ്രധാന പ്രശ്നമാണ് ഫാറ്റ് ലോസ്. നമ്മുടെ ശരീരത്തിൽ നിന്നെടുക്കുന്ന രക്തത്തിൽ നിന്നും പ്ലാസ്മാ റിച്ച് പ്ലേറ്റ്‌ലെറ്റ് തിരികെ കുത്തി വെക്കുമ്പോൾ നാച്ചുറൽ ഫാറ്റ് വികസിക്കുകയാണു ചെയ്യുന്നത്. ഒരു മൂന്നുമാസത്തിനകം പ്രായം നന്നേ കുറവു തോന്നിച്ചു തുടങ്ങും. ഇനി പ്രായം പെട്ടെന്നു തോന്നിക്കുന്ന പാരമ്പര്യം ഉള്ളവരാണെങ്കിൽ ഒരു മുപ്പതുകളിൽ തന്നെ വാംപയർ ഫേസ്‌ലിഫ്റ്റ് ചെയ്തു തുടങ്ങാം. ഏറ്റവും മികച്ച വശം സാധാരണ ഫേഷ്യലുകൾ പോലെ മാസാമാസം ചെയ്യേണ്ടുന്ന ഒന്നല്ല ഇതെന്നതാണ്. ഒരിക്കൽ വാംപയർ ഫേഷ്യൽ ചെയ്തു കഴിഞ്ഞാൽ ഏതാണ്ട് രണ്ടുവർഷത്തേക്കു വരെ അതിന്റെ ഫലം നിൽക്കാൻ സാധ്യതയുണ്ട്, ആറുമാസം കഴിയുമ്പോഴേയ്ക്കും മുഖം നന്നായി ഭംഗി വയ്ക്കുമെന്നതിൽ യാതൊരു സംശയവുമില്ല."

കൂടുതൽ സൗന്ദര്യ വാർത്തകൾക്കായി ബ്യൂട്ടി ആൻഡ് ഗ്ലാമർ പേജ് സന്ദർശിക്കാം