ഒരൊറ്റ മിനിറ്റിൽ മുടികൊഴിച്ചിൽ തടയാം

കാർകൂന്തലഴക് സംരക്ഷിക്കുന്നതിനെക്കുറിച്ച് പലവിധ ആശങ്കകൾ സുലഭം. എന്നാൽ കേട്ടു പഴകി മനസിലുറച്ച കാര്യങ്ങൾ പലപ്പോഴും അടിസ്‌ഥാനമില്ലാത്തവയാണ്. മുടിയെ സംബന്ധിച്ച് പ്രചാരത്തിലിരിക്കുന്ന ചില മിഥ്യാധാരണകളും അവയുടെ പിന്നിലുള്ള യഥാർഥ വസ്‌തുതകളും ഇതാ.

മിത്ത് 1: മുടികൊഴിച്ചിൽ ചികിത്സിച്ചു തന്നെ മാറ്റണം

യാഥാർഥ്യം: ദിവസവും ഒരൊറ്റ മിനിറ്റ് മാറ്റി വയ്ക്കാൻ തയാറാണെങ്കിൽ എത്ര വലിയ മുടികൊഴിച്ചിലും തടയാം. ഒരു മിനിറ്റ് നന്നായി വട്ടത്തിൽ മസാജ് ചെയ്യുകയാണ് വേണ്ടത്. ശിരോചർമ്മത്തിൽ രക്തയോട്ടം വർധിപ്പിക്കാനും മുടികൊഴിച്ചിൽ തടയാനും ഈ മസാജ് ധാരാളം. എന്നാൽ, അനാവശ്യ ചിന്തകളും സമ്മർദവും എല്ലാം മുടികൊഴിച്ചിലിന് കാരണമാണെന്ന് തിരിച്ചറിയുക. അത്കൊണ്ട് മസാജ് ചെയ്യുന്നതിനൊപ്പം തന്നെ റിലാക്സ് ചെയ്യാനും ശീലിക്കണം.

മിത്ത് 2: ട്രീറ്റഡ് മുടിക്ക് തലയിൽ എണ്ണ തേയ്‌ക്കേണ്ട കാര്യമില്ല

യാഥാർഥ്യം: തലയോട്ടിയിലെ ചർമം മറ്റെവിടെയുമുള്ള ചർമം പോലെ ക്ലെൻസിങ്ങും മോയ്‌സ്‌ചറൈസിങ്ങും ടോണിങ്ങും ആവശ്യമുള്ളതാണ്. ക്ലെൻസിങ് നടക്കുന്നത് ഷാംപൂ വഴിയാണെങ്കിൽ, ടോണിങ് ചീകൽ വഴിയും മോയ്‌സചറൈസിങ് എണ്ണ തേയ്‌ക്കൽ വഴിയുമാണ് കിട്ടുന്നത്. കണ്ടീഷനറുകൾ ഒരിക്കലും എണ്ണയ്‌ക്ക് പകരമാകുന്നില്ല. അവ മുടിപ്പുറമേ മാത്രമാണ് പ്രവർത്തിക്കുന്നത്. ഹെയർ ക്യൂട്ടിക്കിളുകൾ അടച്ച് മുടി തിളങ്ങാൻ സഹായിക്കൽ മാത്രമാണ് കണ്ടീഷനറുകളുടെ ധർമം. തലയോട്ടിയിലെ ചർമം മോയ്‌സ്‌ചറൈസ് ചെയ്യണമെങ്കിൽ എണ്ണ തന്നെ വേണം. ചർമത്തിലെ സ്വാഭാവിക എണ്ണമയത്തിന് വേണ്ടവിധത്തിൽ മോയ്‌സ്‌ചറൈസിങ് കർമം നിർവഹിക്കാനുള്ള പ്രേരകശക്‌തി കൂടിയാണ് ഇതര എണ്ണകൾ നൽകുന്നത്. അറ്റം പിളർന്ന് മുടിയുടെ ഭംഗി പോകാതിരിക്കാനും എണ്ണയിടൽ ആവശ്യമാണ്.

മിത്ത് 3: ദിവസവും ഷാംപൂ ചെയ്യുന്നത് മുടിക്ക് കേടാണ്

യാഥാർഥ്യം: തലയിലെ മെഴുക്ക് ഇളക്കിക്കളഞ്ഞ് വൃത്തിയായി സൂക്ഷിക്കാഞ്ഞാൽ മുടി പൊഴിയും. അതിനാൽ കൂടുതൽ പൊടിയടിക്കുന്നുണ്ടെങ്കിൽ ദിനവും ഷാംപൂ ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷേ ഇങ്ങനെ ചെയ്യുമ്പോൾ മുടി വരണ്ടു പോകാതിരിക്കാൻ ശ്രദ്ധിക്കണം. ക്ഷാരസ്വഭാവമുള്ള ഷാംപൂ ഹെയർ ക്യൂട്ടിക്കിളുകൾ തുറന്ന് വൃത്തിയാക്കുന്നു. ഇതു വഴി മുടി വരളാൻ സാധ്യതയുണ്ട്. ഇത് ബാലൻസ് ചെയ്യാനാണ് അമ്ല സ്വഭാവമുള്ള കണ്ടീഷനറുകൾ ഉപയോഗിക്കുന്നത്. കണ്ടീഷനർ ക്യൂട്ടിക്കിളുകൾ അടയ്‌ക്കും.

മിത്ത് 4: മുടി നനഞ്ഞിരിക്കുമ്പോൾ ചീകരുത്

യാഥാർഥ്യം: മുടിയിഴകളുടെ ഷാഫ്‌റ്റിലേക്ക് ജലം കടന്നുമുടി കട്ട പിടിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ മുടി ഉണങ്ങിക്കഴിഞ്ഞ് ചീകുമ്പോൾ കട്ട കെട്ടിയ മുടി പൊട്ടിപ്പോകാൻ സാധ്യത കൂടുകയാണ്. ഏറ്റവും ഹിതകരമായ വഴി, നനഞ്ഞിരിക്കുമ്പോൾത്തന്നെ മുടി കൈകൾ കൊണ്ട് ഉടക്കെടുത്ത് വലിയ പല്ലുകളുള്ള ചീപ്പുകൾ കൊണ്ട് ചീകുക.

മിത്ത് 5: ചൂട് മുടിക്ക് ദോഷമൊന്നും ചെയ്യില്ല

യാഥാർഥ്യം: ചൂട് ഉപയോഗിച്ച് മുടി ട്രീറ്റ് ചെയ്യുന്ന ഹെയർ ഡ്രയറുകളാകട്ടെ, കേളിങ് ടോങ്ങുകളാകട്ടെ മുടിയുടെ സ്വാഭാവിക ഭംഗിയും ആരോഗ്യവും പയ്യെപ്പയ്യെ നശിപ്പിക്കും. മുടിയിൽ കളറിങ് പോലുള്ള കെമിക്കൽ ട്രീറ്റ്‌മെന്റുകൾ നടത്തുമ്പോഴും ഇങ്ങനെ സംഭവിക്കാം. ചൂട് അമിതമായി പ്രയോഗിക്കപ്പെടുമ്പോൾ മുടിയുടെ പ്രോട്ടീൻ ബോണ്ടുകൾ തകർക്കപ്പെടുന്നു. മുടി സ്‌റ്റൈൽ ചെയ്യാൻ ഡ്രയറുകൾ, കേളറുകൾ ഒക്കെ ഉപയോഗിക്കും മുൻപ് ഹീറ്റ് പ്രൊട്ടക്‌ടിങ് പ്രോഡക്‌ടുകൾ ഉപയോഗിക്കുക. അയൺ സ്‌റ്റൈലിങ് ടൂളുകളേക്കാൾ സെറാമിക് സ്‌റ്റൈലിങ് ടൂളുകളാണ് മികച്ചത്.