ഓഫിസിൽ എന്തൊക്കെ ധരിക്കരുത്

സ്കൂളിലും കോളജിലുമൊക്കെ യൂണിഫോമിന്റെ ശ്വാസം മുട്ടലിൽ കഴിഞ്ഞിരുന്നവർക്ക് ജോലി കിട്ടിയതോടെ എന്തൊരു ആഹ്ലാദം. കാശ് ഇഷ്ടം പോലെ . വസ്ത്രങ്ങൾ വാങ്ങിക്കൂട്ടാം. പക്ഷേ ഓഫിസിൽ എന്തു ധരിക്കണം. വസ്ത്രം ഏതായാലും അതു ധരിക്കുന്നയാളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കും എന്നല്ലേ പറയുന്നത്. പഠിച്ചു നടന്ന കാലത്തെ വസ്ത്രം പോര ജോലിക്കു പോകുമ്പോൾ. ഓഫിസിലും കാഷ്വലാകാം. ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം.

കഴുത്തിറങ്ങിയ ടോപ്പ് വേണ്ട

കഴുത്തിറങ്ങിയതും ക്ലീവേജ് എടുത്തു കാണിക്കുന്നതുമായ ടോപ്പ് ഓഫിസിൽ ധരിക്കരുത്. സഹപ്രവർത്തകരുടെ ജോലിയിലെ ശ്രദ്ധ പോകുമെന്നു മാത്രമല്ല, ധരിക്കുന്നയാളും കംഫർട്ടബിൾ ആയിരിക്കില്ല. ശരീരവടിവ് എടുത്തു കാണിക്കുന്നതിനെക്കുറിച്ചുള്ള ആകുലതയും ടെൻഷനുമൊക്കെ ജോലിയിലും പ്രതിഫലിക്കും.

ട്രാൻസ്പെരന്റ് വസ്ത്രം വേണ്ട

സ്മൈലി ഡിസൈനുള്ള ഉൾവസ്ത്രമണിഞ്ഞ യുവതിയുടെ ഫോട്ടോ വച്ച്, മനസിൽ നന്മയുണ്ടെങ്കിൽ ഇൗ പ്രപഞ്ചത്തിന്റെ മുക്കിലും മൂലയിലും വരെ നമുക്കു പുഞ്ചിരി കണ്ടെത്താൻ പറ്റും എന്ന തമാശ മെസേജ് വാട്സ് ആപ്പിൽ പ്രചരിക്കുന്നില്ലേ. അങ്ങനെ ഫോട്ടോ എടുത്തു കൊടുക്കാൻ തോന്നുന്ന വസ്ത്രങ്ങളൊന്നും ഓഫിസിൽ വേണ്ട. ഉള്ളിലെന്തൊക്കെയുണ്ടെന്നു ഒളിഞ്ഞു നോക്കാൻ മറ്റുള്ളവർക്ക് ഇടം കൊടുക്കാതിരിക്കുക. സഹപ്രവർത്തകർക്കും ശ്രദ്ധ പോകും. ധരിക്കുന്നവർക്കും കോൺഫിഡൻസ് കുറവു തോന്നും. ലോ വേസ്റ്റ് ജീൻസ്, ടൈറ്റ് ടീ ഷർട്ട് തുടങ്ങിയവയും ഓഫിസിൽ വേണ്ട.

നോ നോ ഫ്ലിപ് ഫ്ലോപ

ഫോർമൽ ഷൂസാണ് ഓഫിസിന് ഏറ്റവും പറ്റിയത്. ഷൂസ് ഇട്ടില്ലെങ്കിൽ പോലും സ്ലിപ്പേഴ്സ് പോലെ തോന്നിക്കുന്ന തീരെ കാഷ്വൽ ചെരിപ്പ് വേണ്ട. പാദങ്ങൾ മൂടുന്ന തരം ചെരിപ്പോ ഹാഫ് ഷൂസോ ധരിക്കുക. അതും പറ്റില്ലെങ്കിൽ കിറ്റൻ ഹീൽസ്, വെഡ്ജസ് സ്റ്റൈൽ ഉപയോഗിക്കാം. സ്റ്റൈലിഷാണ്. കംഫർട്ടബിളും.