ഇനി എന്നും നിത്യയൗവനം, വരുന്നു ‘യൂത്ത് പില്‍’ 

Representative Image

പ്രായം കഷ്ടി 30 എത്തിയാല്‍ തുടങ്ങുകയായി ആധികള്‍ പലവിധം. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍, പ്രായം കൂടുന്നു, ഭര്‍ത്താവിനു പണ്ടത്തെ ഇഷ്ടമില്ല, സൗന്ദര്യം കുറഞ്ഞു.... ഇങ്ങനെ പരാധികള്‍ നിരവധി. എന്ന് കരുതി പ്രായമാകുന്ന പ്രക്രിയയ്ക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഒക്കുമോ? എന്നും നിത്യ യൗവനം ആകാന്‍ നമ്മള്‍ യയാതി ഒന്നും അല്ലല്ലോ? എന്നാല്‍ കേട്ടോളൂ നിങ്ങളുടെ പ്രായത്തിന് ഇനി കടിഞ്ഞാൺ ഇടാം. പറയുന്നത് കേട്ട് ഏതോ സൗന്ദര്യവര്‍ദ്ധക സോപ്പിന്റെ പരസ്യമാണ് എന്ന് തെറ്റിധരിക്കണ്ട. പ്രായമാകാത്ത അവസ്ഥ, ശരീര ചര്‍മ്മത്തിന് പ്രായം തോന്നതിരിക്കുന്നതിനായി നമ്മള്‍ ആഗ്രഹിച്ച ആ മരുന്നു വരുന്നു. എന്നാല്‍ രണ്ടു വർഷം കാത്തിരിക്കണം എന്നു മാത്രം.

യൗവനം നിലനിര്‍ത്തുന്ന ‘യൂത്ത് പില്‍’ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന് മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ലോകത്തെ അറിയിച്ചു കഴിഞ്ഞു. പ്രായം മൂലം ഉണ്ടാകുന്ന പല രോഗങ്ങളെയും ചെറുക്കാനും ഈ മരുന്നിനാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഡിമന്റിയ അടക്കം പ്രായാധിക്യത്തിന് കാരണമാകുന്ന രോഗങ്ങളിലൂടെ ഉണ്ടാവുന്ന നാശം ഇല്ലാതാക്കുകയാണ് ഈ അത്ഭുത മരുന്നിന്റെ പ്രഖ്യാപിത ലക്ഷ്യം. 30 വിറ്റാമിനുകളും മിനറല്‍സും അടങ്ങുന്ന ഭക്ഷണ ശൃംഖലയില്‍ പഥ്യ രീതിയിലുള്ള മരുന്നാണ് ഉദ്ദേശിക്കുന്നത്.

മരുന്നു വികസിപ്പിക്കുന്നതിനായുള്ള ഗവേഷണത്തിന്റെ ആദ്യപടി വിജയകരമായിരുന്നുവെന്നും വിറ്റാമിന്‍ ബി, സി, ഡി, ഫോളിക് ആസിഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള പരീക്ഷണം നാടകീയമായ അതിസാധാരണ മാറ്റമാണ് ഉണ്ടാക്കിയെന്നാണ് സര്‍വകലാശാലയിലെ  ഗവേഷകര്‍ പറയുന്നത്. ഈ ഗവേഷണം ഫലം കണ്ടാല്‍  അള്‍ഷിമേഴ്‌സ് പാര്‍ക്കിന്‍സണ്‍ എന്നിവ അടക്കമുള്ള ന്യൂറോളിജിക്കല്‍ രോഗങ്ങളുടെ വളര്‍ച്ച ഏറെ കുറയ്ക്കാനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

മരുന്നിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ എലികളില്‍ നടത്തി വിജയം കണ്ടു. തലച്ചോറുകളിലെ കോശങ്ങള്‍ നശിക്കുന്നത് തടയാനും കോശ നശീകരണം കുറച്ച് കൊണ്ടുവരാനും ഈ മരുന്നിനാല്‍ സാധ്യമായെന്നാണ് ഗവേഷകനും എഴുത്തുകാരനുമായ ജെന്നിഫര്‍ ലെമണ്‍ പറയുന്നത്. ഇനി അടുത്ത ഘട്ടം മനുഷ്യരില്‍ മരുന്ന് പരീക്ഷിക്കുക എന്നതാണ്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

രണ്ട് വര്‍ഷത്തിനുള്ളില്‍ കാത്തിരുന്ന ആ പരീക്ഷണം നടക്കും. ന്യൂറോ-ഡീജനറേറ്റീവ് രോഗങ്ങള്‍ ബാധിച്ചവര്‍ക്കായിരിക്കും ആദ്യം മരുന്ന് ലഭ്യമാക്കുക. ഇത്തരത്തില്‍ ഒരു മരുന്ന് കണ്ടു പിടിക്കപ്പെടുന്നതോടെ വൈദ്യശാസ്ത്ര രംഗത്തെ വന്‍മുന്നേറ്റമാകും സാധ്യമാകുക.